ചെന്നൈ: തമിഴ്‌നാട്ടില്‍ പല ജില്ലകളിലും ചൂട് കനത്തു. വെള്ളിയാഴ്ച ചൂട് നാലുഡിഗ്രിയോളമാണ് പലഭാഗങ്ങളിലും ഉയര്‍ന്നത്. വെല്ലൂരിലും തിരുത്തണിയിലും 43-ഉം ചെന്നൈയില്‍ മീനമ്പാക്കത്ത് 42 ഡിഗ്രിയുമാണ് ചൂട് രേഖപ്പെടുത്തിയത്. തിരുച്ചിറപ്പള്ളിയില്‍ 42-ഉം ചെന്നൈയിലും മധുരയിലും തിരുന്നല്‍വേലിയിലും 41 ഡിഗ്രി വീതവും ചൂട് രേഖപ്പെടുത്തി.
 
ഏറെനേരം കരക്കാറ്റ് വീശുന്നതും കടല്‍ക്കാറ്റ് കരയില്‍ കടക്കാന്‍ വൈകുന്നതുമാണ് ചൂടുകൂടാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളിലും ചൂടുകൂടാനാണ് സാധ്യത. സാധാരണദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷംതന്നെ കടല്‍ക്കാറ്റ് വീശിത്തുടങ്ങും.
 
ഇപ്പോള്‍ വൈകിട്ട് അഞ്ചുമണിക്കുശേഷമാണ് കടല്‍ക്കാറ്റ് വീശുന്നത്. കരയില്‍ വൈകുന്നേരങ്ങളിലും കനത്തചൂട് നിലനില്‍ക്കുന്നതിനാല്‍ കടല്‍ക്കാറ്റിന്റെ ആശ്വാസം ലഭിക്കാതെ പോകുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.
വെല്ലൂര്‍, തിരുച്ചിറപ്പള്ളി, മധുര, തിരുന്നല്‍വേലി ജില്ലകളില്‍ ഉച്ചയ്ക്ക് 12 മണിയോടെ ചൂടുകാറ്റ് വീശാന്‍ തുടങ്ങും. വൈകിട്ട് നാലുവരെ ചൂടുകാറ്റിന്റെ കാഠിന്യം തുടരും. ഉച്ചയ്ക്ക് 12-നും രണ്ടിനുമിടയില്‍ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നുണ്ട്.
 
ചൂടില്‍ ആശ്വാസംതേടി കടല്‍ക്കരയില്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മറീന, എലിയറ്റ് ബീച്ച്, കോവളം കടല്‍ക്കരകളില്‍ നിരവധിപേരാണ് എത്തുന്നത്. നഗരത്തില്‍ തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയവയുടെ വില്പന വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. സസ്യാഹാരത്തിന് പ്രാധാന്യം നല്‍കി കൂടുതല്‍ ജലാംശമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്നു.