പാലക്കാട്: സംസ്ഥാനത്തെ ചൂട് റെക്കോഡ് ഉയരത്തിലെത്തി. മലമ്പുഴയില്‍ ഇന്ന് 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 2010ലും സംസ്ഥാനത്തെ താപനില ഈ ഉയരത്തിലെത്തിയിരുന്നു. ചൂട് വര്‍ദ്ധിച്ചതോടെ പാലക്കാട് ജില്ലയില്‍ വായുസഞ്ചാരത്തില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. വായുസഞ്ചാരത്തിന്റെ കുറവും മേഘാവൃതമായ ആകാശവുമാണ് പാലക്കാട്ട് ചൂട് ഉയരാന്‍ കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പാലക്കാട് ജില്ലയ്ക്ക് പുറമെ മറ്റു ജില്ലകളിലും താപനില കുതിച്ചുയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കണ്ണൂരും കോഴിക്കോടും ഈ വേനലില്‍ രേഖപ്പെടുത്തിയത്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 39.1 ഡിഗ്രി സെല്‍ഷ്യസാണ്.
വേനല്‍ മഴയിലുണ്ടായ കുറവാണ് ചൂട് ഇത്തരത്തില്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം. അടുത്ത രണ്ടാഴ്ച്ച വീണ്ടും ചൂട് വര്‍ദ്ധിക്കാമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മേയ് മാസത്തിലും തല്‍സ്ഥിതി തന്നെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന സൂചന.
വേനല്‍ മഴയില്‍ 56 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത്. 118മില്ലീമീറ്റര്‍ മഴകിട്ടേണ്ട സ്ഥാനത്ത് ആകെ ലഭിച്ചത് 52 മില്ലീമീറ്റര്‍ മാത്രമാണ്. സംസ്ഥാനത്ത് വേനല്‍ മഴ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കാസര്‍കോടാണ്.
കാസര്‍കോട് 99 ശതമാനമാനത്തിന്റെയും കണ്ണൂരില്‍ 96 ശതമാനമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു.
വേനല്‍ കടുത്തതോടെ കേരളത്തിലുടനീളം കുടിവെള്ള ക്ഷാമം വര്‍ദ്ധിച്ചിരിക്കുകയാണ്. നദികള്‍ വറ്റിവരണ്ടതോടെ വളര്‍ത്തുമൃഗങ്ങളും ചത്തുവീഴുകയാണ്. സംസ്ഥാനത്ത് സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
പ്രധാന നഗരങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയ താപനില:
തിരുവനന്തപുരം- 35.0
കൊച്ചി- 34.6
പാലക്കാട്- 41.9
കോഴിക്കോട്- 38.3
കണ്ണൂര്‍- 37.4