തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗം തുടരുന്നു. ശനിയാഴ്ചയും കൊടുംചൂടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്ടെ ചൂട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 39.2 ഡിഗ്രിയിലെത്തി. പാലക്കാട് 41.6 ഡിഗ്രിയും. ഇവിടെ തുടര്‍ച്ചയായി അഞ്ചാംദിവസവും 41 ഡിഗ്രിയിലധികം ചൂട് തുടരുന്നു. മെയ് അഞ്ചുവരെ വടക്കന്‍കേരളത്തില്‍ കടുത്തചൂട് തുടരാനാണ് സാധ്യത.

പാലക്കാട്ടെയും കോഴിക്കോട്ടെയും കൊടുംചൂട് കണക്കിലെടുത്താണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം (ഹീറ്റ് വേവ്) പ്രഖ്യാപിച്ചത്. സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 28-ന് രേഖപ്പെടുത്തിയ 39.1 ഡിഗ്രിയെന്ന റെക്കോര്‍ഡ് തകര്‍ത്താണ് കോഴിക്കോട്ടെ ചൂട് ശനിയാഴ്ച 39.2 ആയത്. കണ്ണൂരില്‍ 37.8 ഡിഗ്രിയായി. പുനലൂരിലും 37.6 ഡിഗ്രിയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് മാത്രമാണ് ശനിയാഴ്ച മഴ പെയ്തത് 7.2 മില്ലീമീറ്റര്‍. പാലക്കാട് 41-ഉം കോഴിക്കോട്ടും കണ്ണൂരും 39-ഉം ഡിഗ്രിയാണ് ഞായറാഴ്ചയും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഉഷ്ണതരംഗം തുടരാനാണ് സാധ്യത.

ഞായറാഴ്ച പ്രതീക്ഷിക്കുന്ന താപനില

തിരുവനന്തപുരം 36
കൊല്ലം 37
ആലപ്പുഴ 36
കോട്ടയം 37
കൊച്ചി 35
തൃശ്ശൂര്‍ 36
പാലക്കാട് 41
കരിപ്പൂര്‍ 36
കോഴിക്കോട് 39
കണ്ണൂര്‍ 39