തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗസാധ്യതയുണ്ടെന്നും സംസ്ഥാനത്ത് അന്തരീക്ഷതാപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് പ്രവചനം. തെക്കന്‍ജില്ലകളിലാകും ആദ്യം മഴയെത്തുക.

ഇപ്പോള്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷതാപനില കുറഞ്ഞിട്ടില്ല. മെയ് രണ്ടോടെ തെക്കന്‍ ജില്ലകളിലും അഞ്ചോടെ വടക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നായിരുന്നു നേരത്തേ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് മഴപെയ്തത്. വരുംദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറഞ്ഞു. വെള്ളിയാഴ്ചയോടെ സംസ്ഥാനത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗമുണ്ടായി. അന്തരീക്ഷതാപനില അസാധാരണമാംവിധം ചൂടുപിടിക്കുന്നതിനെയാണ് ഉഷ്ണതരംഗമെന്നുപറയുന്നത്. മഴലഭിക്കുന്നതോടെ ഈ അത്യുഷ്ണാവസ്ഥയ്ക്കു ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ചൊവ്വാഴ്ച വിവിധ ജില്ലകളിലുണ്ടാകുന്ന അന്തരീക്ഷതാപനില ഇങ്ങനെ (ഡിഗ്രി സെല്‍ഷ്യസില്‍):

തിരുവനന്തപുരം-35 , കൊല്ലം-37, ആലപ്പുഴ-37, കോട്ടയം-36, കൊച്ചി-35, തൃശ്ശൂര്‍-36, പാലക്കാട്-41, മലപ്പുറം-36, കോഴിക്കോട്-38, കണ്ണൂര്‍-39

സൂര്യാതപമേറ്റത് 286 പേര്‍ക്ക്
സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്ക് സൂര്യാതപംമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി ആരോഗ്യവകുപ്പ്. സൂര്യാതപംകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച ആരോഗ്യവകുപ്പ് ഉന്നതതലയോഗം ചേര്‍ന്നു.

പാടത്തുംമറ്റും പണിയെടുക്കുന്നവര്‍ ദാഹം തോന്നുന്നില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം.
രാവിലെ 11മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ഇത്തരം ജോലിചെയ്യുന്നവര്‍ക്ക് വിശ്രമമനുവദിക്കണം. മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം. മദ്യപരില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

തൊഴിലാളികള്‍ക്ക് ഉപ്പിട്ട കഞ്ഞിവെള്ളവും ശുദ്ധമായ കുടിവെള്ളവും വിശ്രമസ്ഥലവും ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് അറിയിച്ചു.