വേനല്‍കാലത്ത് നാം വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രധാരണം
വസ്ത്രത്തിന്റെ നിറവും പ്രകൃതവും എല്ലാം കാലാവസ്ഥയുമായി യോജിച്ചതായിരിക്കണം. അസഹ്യമായ ചൂടും വിയര്‍പ്പും എല്ലാം സൗന്ദര്യത്തെ കാര്യമായി ബാധിച്ചേക്കാം.

കടും നിറമുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് ഈ കാലാവസ്ഥയില്‍ ഉചിതം. ചൂടിനെ ആഗിരണം ചെയ്യാന്‍ ഈ നിറങ്ങള്‍ക്കുള്ള കഴിവ് തന്നെയാണ് ഇതിന് കാരണവും. വേനലിനെ തടുക്കാന്‍ കഴിവുള്ള ഫാബ്രിക്സ് ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഫാഷന്‍ ഉപേക്ഷിക്കാതെ തന്നെ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇന്ന് ഫാഷന്‍ ലോകം ചിന്തിക്കുന്നത്. 


വേനലില്‍ താരം കോട്ടണ്‍ തന്നെ. കടുത്ത ചൂടിലും കുളിര്‍മ നല്‍കുന്നതോടൊപ്പം വളരെ സൗകര്യപ്രദമാകുന്ന ഒന്ന് എന്നതാണ് കോട്ടണ്‍ വസ്ത്രങ്ങളെ ഏവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. 
ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുകയും ശരീരത്തിലെ വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. ഇളം നിറങ്ങളിലുള്ള കോട്ടന്‍ കുര്‍ത്തയും പാലെസോ പാന്റ്സുമാണ് ഇന്നത്തെ സുന്ദരികളുടെ ഇഷ്ട വേഷം. വളരെ ലളിതവും എന്നാല്‍ ഫാഷനബിളുമായ വേഷമാണിത്. 


അസഹ്യമായ ചൂടില്‍ നിന്ന് മുക്തി നേടുന്നതിന് ഖാദിയോളം സഹായി മറ്റാരുമില്ല. ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കാതെ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങുകയാണ് ഖാദിയുടെ പേര്. ലാക്മി ഫാഷന്‍ വീക്കിലും ഇന്ത്യന്‍ ഫാഷന്‍ വീക്കിലും തിളങ്ങിയ ഖാദിയെ ഇന്ന് ഫാഷന്‍ ലോകം കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്. കടുത്ത ചൂടിലും ശരീരത്തെ കൂളായി നിലനിര്‍ത്താന്‍ ഖാദി വസ്ത്രങ്ങള്‍ സഹായിക്കുന്നു. കുര്‍ത്ത, സ്‌കര്‍ട്ട്സ്, ട്യൂണിക്ക്സ്, വിവിധ തരങ്ങളിലുള്ള സാരികള്‍ എന്നിവയും ഖാദി നല്‍കുന്നു. 
ആര്‍ക്കും അത്ര പരിചിതമല്ലാത്ത എന്നാല്‍ വേനല്‍ കാലത്തും യോജിച്ചു പോകുന്ന ഒന്നാണ് സില്‍ക്ക് വസ്ത്രങ്ങള്‍. സില്‍ക്കിന്റെ വളരെ നനുത്തതും മൃദുവുമായ വസ്ത്രങ്ങള്‍ ചൂടിന് ശമനം നല്‍കും. സാധാരണ പ്യുവര്‍ സില്‍ക്ക് പോലെ ഇവ വിയര്‍പ്പിനാല്‍ ദേഹത്തില്‍ ഒട്ടിപിടിക്കുകയോ ചെയ്യില്ല എന്നതാണ് പ്രത്യേകത. വേനല്‍ക്കാലത്തെ വൈകുന്നേരത്തെ പാര്‍ട്ടികളിലോ മറ്റ് പരിപാടികളിലോ വളരെ ചെറിയ, എന്നാല്‍ ആകര്‍ഷണം തോന്നുന്ന ആഭരണങ്ങളോടൊപ്പം ഇവ അണിയാം.