മുംബൈ ബൈക്കുളയിലെ തന്റെ റസ്റ്റോറന്റിലെ ആളൊഴിഞ്ഞ ഒരു ടേബിളിലേയ്ക്ക് നോക്കിയ അബ്ബാസ് സുലൈമാന്‍ കാഡിവലിന്റെ കണ്ണുകള്‍ ഉടക്കിയത് വെള്ളം നിറഞ്ഞിരുന്ന നാല് ഗ്ലാസുകളിലാണ്. അല്പം മുമ്പ് തന്റെ ഹോട്ടലിലേയ്ക്ക് കയറിവന്ന നാല് യുവാക്കള്‍ക്ക് കുടിക്കാനായി ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയതായിരുന്നു അവ. ചായയും ലഘുഭക്ഷണവും കഴിച്ചു പോയ അവരില്‍ ഒരാള്‍ പോലും നിറച്ചുവെച്ച ആ ഗ്ലാസുകളില്‍ ഒന്നില്‍ പോലും തൊട്ടിരുന്നില്ല. അന്ന് അബ്ബാസ് സുലൈമാന്‍ കാഡിവല്‍ തന്റെ ജീവനക്കാര്‍ക്ക് വിചിത്രമായ ഒരു നിര്‍ദേശം നല്‍കി. ഭക്ഷണം കഴിക്കാന്‍ എത്തുന്ന ഓരോ ആളും അവരുടെ ഗ്ലാസില്‍ ബാക്കിയാക്കുന്ന വെള്ളം പാഴാക്കാതെ ശേഖരിക്കുക. കാഡിവലിന്റെ നിര്‍ദ്ദേശത്തിന്റെ പൊരുള്‍ മനസിലായില്ലെങ്കിലും ജീവനക്കാര്‍ അത് പാലിച്ചു. ആ നിര്‍ദ്ദേശം നടപ്പാക്കുക വഴി മുംബൈ ബൈക്കുളയിലെ ഗ്ലോറിയ റസ്‌റ്റോറന്റ് ഒരു മാസം ലാഭിക്കുന്നത് 45,000 ലിറ്റര്‍ വെള്ളമാണ്‌ എന്ന് കേള്‍ക്കുമ്പോഴായിരിക്കും കാഡിവലിന്റെ തലയില്‍ ഉദിച്ച ആശയത്തില്‍ വലിപ്പം മനസിലാകുക. അതും കടുത്ത ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍. 

റസ്റ്റോറന്റില്‍ എത്തുന്ന എല്ലാവര്‍ക്കും ഒരു ഗ്ലാസ് വെള്ളമാണ് ജീവനക്കാര്‍ ആദ്യം നല്‍കിയിരുന്നത്. ഒരു ഗ്ലാസില്‍ 150 എംഎല്‍ മുതല്‍ 200 എംഎല്‍ വരെ വെള്ളമാണുണ്ടാകുക. ഏറിയ പങ്ക് ആളുകളും കൊടുക്കുന്ന വെള്ളം മുഴുവനായി കുടിക്കാറില്ല. ചിലർ മൊത്തമായും മറ്റുള്ളവർ പകുതിയും ബാക്കി വയ്ക്കുകയാണ് പതിവ്. ആ വെള്ളം ശേഖരിച്ച് റീസൈക്കിള്‍ ചെയ്താണ് ഗ്ലോറിയ റസ്റ്റോറന്റില്‍ ക്ലീനിംഗ് അടക്കമുള്ളവ ചെയ്യുന്നത്.

8,000 ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം വിവിധ ആവശ്യങ്ങള്‍ക്കായി റസ്റ്റോറന്റിന് വേണ്ടിയിരുന്നത്. എന്നാല്‍ വെള്ളം ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നത് വഴി അത് 1,500 ലിറ്റര്‍ ആയി കുറയ്ക്കാന്‍ ഗ്ലോറിയ റസ്റ്റോറന്റിന് സാധിച്ചു. അതായത് ഒരു മാസം 45,000 ലിറ്ററിന്റെ ലാഭം.