സര്‍ക്കാര്‍ വിതരണം ചെയ്യുന്ന വെള്ളത്തിനായി ടാങ്കറുകള്‍ക്കു മുമ്പില്‍ വരിയായി നില്ക്കുന്ന ഗ്രാമീണര്‍ ഏതൊരു രാജസ്ഥാന് ഗ്രാമത്തിന്റെയും പതിവ് വേനല്‍കാല കാഴ്ചയാണ്. എന്നാല്‍ ലപോരിയ എന്ന ഗ്രാമത്തില്‍ മാത്രം ഈ കാഴ്ച കാണാനാവില്ല. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ ഗ്രാമത്തെ ഒരു വരള്‍ച്ചയും തൊട്ടുതീണ്ടിയിട്ടില്ല.
ജയ്പൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലപോരിയയിലെ 350 കുടുംബങ്ങള്‍ വീട്ടാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമുള്ള വെള്ളം തങ്ങളുടെ ഭൂമിയില്‍ത്തന്നെ കരുതിവെക്കുന്നു. സമീപപ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പ് 500 അടിക്കും താഴെ നില്ക്കുമ്പോള് ലപോരിയയില് 15-40 അടിയില്‍ വെള്ളത്തിന്റെ അമൂല്യശ്രോതസ്സുണ്ട്. രണ്ടായിരത്തോളം ജനസംഖ്യയുള്ള ലപ്പോരിയക്ക് മാത്രമല്ല സമീപത്തെ 15 ഗ്രാമങ്ങള്‍ക്കു കൂടി ഇവര്‍ വെള്ളം നല്കുന്നു.
ലപോരിയയുടെ ജലയോദ്ധാവ്
എങ്ങനെയാണ് ജലാശയങ്ങള്‍പോലും വരണ്ടുണങ്ങുന്ന കൊടും വേനലിന്റെ നടുവില്‍പോലും ലപോരിയ ശുദ്ധജലത്തിന്റെ അമൂല്യ ഖനിയാകുന്നത്? അതൊരു കഥയാണ്. മുപ്പത് വര്‍ഷം മുമ്പ് പതിനെട്ടുകാരനായ ഒരു പയ്യനുണ്ടായ വെളിപാട് ഒരു രാജസ്ഥാന് ഗ്രാമത്തിന്റെ വിധി തിരുത്തിയ കഥ. ജലദൗര്‍ലഭ്യത്തിന്റെയും കൃഷിനാശത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദുരനുഭവങ്ങള്‍ മാത്രമുണ്ടായിരുന്ന ഗ്രാമത്തെ ജലസ്വയംപര്യാപ്തതയിലേയ്ക്കെത്തിച്ച ആ ചെറുപ്പക്കാരന്റെ പേര് ലക്ഷ്മണ് സിങ്.
സ്കൂള്‍ വിദ്യാഭ്യാസം പാതിയില്‍ ഉപക്ഷിക്കേണ്ടിവന്ന ലക്ഷ്മണ് സിങ് എന്ന ചെറുപ്പക്കാരന്റെ ജലസംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് 1977ല്‍ ആണ്. ഉഷ്ണക്കാറ്റടിക്കുന്ന വരണ്ട പാഴ്പറമ്പായിരുന്നു ലപോരിയ. കൃഷിയിടങ്ങള്‍ വരണ്ടുണങ്ങിക്കിടന്നു. കന്നുകാലികളും ആടുമാടുകളും ഒരു പുല്‍ക്കൊടിപോലും കടിക്കാനില്ലാതെ ചത്തൊടുങ്ങി. ഗ്രാമവാസികള്‍ ദാരിദ്ര്യത്തിന്റെ കൊടുംചൂടില്‍ വെന്തു. പോഷകാഹാരക്കുറവും ജാതിയുടെ പേരിലുള്ള സംഘര്‍ഷങ്ങളും കൊണ്ട് ജീവിതം ദുസ്സഹമായിരുന്നു. ആ ലപോരിയയെ ചെടികളും പൂക്കളും മരങ്ങളും പക്ഷികളും നിറഞ്ഞതാക്കാനായിരുന്നു ലക്ഷ്മണ് സിങ്ങിന്റെ ശ്രമങ്ങള്‍. അതിന് ഒരു മാര്‍ഗമേ ലക്ഷ്മണ് സിങ്ങിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളു-ഗ്രാമത്തിന്റെ തൊഴില്മാര്ഗമായ കൃഷിയെ പുനരുജ്ജീവിപ്പിക്കുക.
ജലക്ഷാമമായിരുന്നു കൃഷി നേരിട്ടിരുന്ന വെല്ലുവിളി. 100 അടിയായിരുന്നു അന്ന് ലപോരിയയിലെ ഭൂഗര്‍ഭജലത്തിന്റെ നില. ഈ ആഴത്തില്‍ നിന്ന് ജലം പമ്പ് ചെയ്ത് കൃഷി ചെയ്യുക എന്നത് അന്ന് അസാധ്യമായിരുന്നു. വെള്ളം തേടി ആഴങ്ങളിലേയ്ക്ക് പോകുന്നതിനു പകരം, ആഴങ്ങളില്‍നിന്ന് വെള്ളത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്മണ് സിങ്ങിന്റെ ആശയം. മഴവെള്ളം സംരക്ഷിച്ചുകൊണ്ടു മാത്രമേ അത് സാധ്യമാകൂ എന്ന് ലക്ഷ്മണ്സിങ്ങിന് അറിയാമായിരുന്നു.
ജലസംരക്ഷണത്തിന്റെ ചൗക്ക സ്റ്റൈല്‍..
ജലസംരക്ഷണത്തിനായി രാജസ്ഥാനില്‍ പരമ്പരാഗതമായി കൈക്കൊണ്ടിരുന്ന 'ചൗക്ക' രീതിയെ അടിസ്ഥാനമാക്കി ഒരു പദ്ധതി ലക്ഷ്മണ് സിങ് ആവിഷ്കരിച്ചു. പുല്പ്രദേശങ്ങളിലും നിരപ്പായ സ്ഥലങ്ങളിലും ആഴം കുറഞ്ഞ, സമചതുരത്തിലുള്ള കുഴികള്‍ നിര്‍മിച്ച് വെള്ളം ഭൂമിയില്‍ ഇറങ്ങാന്‍ അനുവദിക്കുക എന്നതായിരുന്നു ചൗക്ക എന്ന് വിളിക്കുന്ന ജലസംരക്ഷണ രീതി. ഒമ്പത് ഇഞ്ച് മാത്രം ആഴമുളളതും വലിപ്പമേറിയതുമായ ഇത്തരം കുഴികള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കും. മണ്തിട്ടകള്ക്കൊണ്ട് അതിരിട്ട കുഴികളില്‍ നിന്ന് അടുത്ത കുഴിയിലേയ്ക്ക് വെള്ളം കടന്നുപോകുംവിധത്തില് ചെരിവുകളോടു കൂടിയാണ് കുഴികള്‍ ക്രമീകരിക്കുന്നത്. ഇങ്ങനെ ഒഴുകിയെത്തുന്ന വെള്ളം ഒടുവില്‍ അല്പം വലിയ കുളത്തില്‍ എത്തിച്ചേരും.
ഇത്തരത്തില്‍ മഴവെള്ളം സംരക്ഷിക്കുന്നതിലൂടെ ഭൂമിയുടെ മേല്‍മണ്ണ് എപ്പോഴും ഈര്‍പ്പമുള്ളതായി നില്‍ക്കുകയും ഭൂമിക്കടിയിലേയ്ക്ക് വെള്ളം ഇറങ്ങാന്‍ അവസരമുണ്ടാവുകയും ചെയ്യും. പുല്‍ച്ചെടികളുടെയും കുറ്റിച്ചെടികളുടെയും സ്വാഭാവിക വളര്‍ച്ചയ്ക്ക് ഈ രീതി സഹായകരമാകും.
ചൗക്ക രീതിയിലൂടെ മഴവെള്ളം സംരക്ഷിച്ച് ഭൂഗര്‍ഭജലത്തിന്റെ തോത് ഉയര്‍ത്തിക്കൊണ്ടുവന്ന് ഗ്രാമത്തിന്റെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ലക്ഷ്മണ് സിങ്ങിന്റെ ലക്ഷ്യം. എന്നാല്‍ ഇത് ഒറ്റയ്ക്ക് സാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഗ്രാമവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടായ ഒരു പദ്ധതിക്ക് ലക്ഷ്മണ് സിങ് തുടക്കം കുറിച്ചു. ഇതിനായി 'ഗ്രാമ വികാസ് നവയുവക് മണ്ഡല് ലപോരിയ' (ജിവിഎന്എംഎല്) എന്നൊരു സംഘടനയും അദ്ദേഹം രൂപവത്കരിച്ചു.
ഗ്രാമവാസികള്‍ ഇങ്ങനെയൊരു പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ടുവന്നു എന്നതാണ് പ്രധാന നേട്ടമായി ലക്ഷ്മണ് സിങ് കാണുന്നത്. അവര്‍ ഇതിനായി പണവും അധ്വാനവും ചെലവഴിച്ചു. ക്രമേണ പ്രയോജനവും ലഭിച്ചുതുടങ്ങി. മണ്ണ് ജലാംശമുള്ളതായിത്തീര്ന്നതോടെ പരമ്പരാഗതമായി ചെയ്തുവന്നിരുന്ന റാബി കൃഷി ജലസേചനത്തെ ആശ്രയിക്കാതെ തന്നെ നടത്താമെന്നുവന്നു. കൃഷിയിലൂടെ ഭൂഗര്‍ഭജലത്തിന്റെ തോത് നിലനിര്‍ത്താനും വേനല്‍കാലത്ത് അടക്കം കൃഷി ചെയ്യാനാവുംവിധം മണ്ണിന്റെ ജലാംശം സംരക്ഷിക്കാനും സാധിക്കുന്നതായി കര്‍ഷകര്‍ തിരിച്ചറിഞ്ഞു.
ആദ്യം ഗ്രാമീണരുടെ ചെറിയൊരു സംഘം 60 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി ആരംഭിച്ചത്. 15 വര്‍ഷംകൊണ്ട് ചൗക്ക രീതി 30,000 ഹെക്ടര്‍ സ്ഥലത്ത് വ്യാപിപ്പിക്കാനും കൃഷിയും കുടിവള്ളവും സ്വയംപര്യാപ്തമാക്കാനും നവയുവക് മണ്ഡലിന് സാധിച്ചു.
ജലം ഹരിതാഭമാക്കിയ ജീവിതങ്ങള്‍
ജലസംരക്ഷണം മാത്രമല്ല കൃഷിയെ നിലനിര്‍ത്തിയത് എന്നതാണ് സത്യം. വിളകളുടെ തിരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും നവയുവക് മണ്ഡല് കര്‍ഷകരെ പ്രേരിപ്പിച്ചു. കൂടുതലായി വെള്ളം ആവശ്യമുള്ള കൃഷികള്‍ ചെയ്യാതിരിക്കുകയും വേനല്‍കാലത്ത് പച്ചപ്പുല്ല്, പച്ചക്കറി കൃഷികള്‍ മാത്രം ചെയ്യാനും കര്‍ഷകര്‍ ശ്രദ്ധവെച്ചു.
ഈ കൃഷിരീതി മറ്റൊരു തരത്തിലും ഗ്രാമത്തെ മാറ്റിമറിച്ചു. പുല്‍കൃഷി പ്രോത്സാഹിപ്പിക്കപ്പെട്ടതോടെ വെളിമ്പറമ്പുകളെല്ലാം പച്ചപ്പുല്ലുകള്ക്കൊണ്ട് നിറഞ്ഞു. അതോടെ, ഗുജറാത്തില്‍നിന്ന് നാടന്‍ ഇനമായ 'ഗിര്‍' പശുക്കളെ കൊണ്ടുവന്ന് പശുവളര്‍ത്തല്‍ വ്യാപകമാക്കി. ദിവസവും 8-10 ലിറ്റര്‍ പാല് ചുരത്തുന്ന രണ്ട് ഗിര്‍ പശുക്കളെങ്കിലും ഓരോ വീടുകളിലും ഇപ്പോഴുണ്ട്. പ്രതിമാസം 45000 രൂപവരെ പശുവളര്‍ത്തലില്‍ നിന്ന് ഒരു കുടുംബം സമ്പാദിക്കുന്നു.
ഗ്രാമം ജലസമൃദ്ധമായപ്പോള് ജനങ്ങളുടെ ജീവിതംകൂടിയാണ് ഹരിതാഭമായത്. ഗ്രാമീണരുടെ വരുമാനത്തില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലത്തിനിടയില്‍ ഉണ്ടായത്. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായി, സാക്ഷരരായി.
നവയുവക് മണ്ഡലിന്റെ പ്രവര്‍ത്തനങ്ങള്‍ ലപോരിയയിലുണ്ടാക്കിയ മാറ്റം മറ്റു ഗ്രാമങ്ങളുടെയും കണ്ണുതുറപ്പിച്ചു. 58 അയല്‍ഗ്രാമങ്ങള്‍ ഇപ്പോള്‍ ചൗക്ക രീതിയിലുള്ള ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.