കണ്ണൂര്‍: ലോകം ശ്രദ്ധിക്കുന്ന വിദ്യാഭ്യാസ വിപ്ലവമായ 'സൂപ്പര്‍ 30'-ലേക്ക് കേരളത്തില്‍നിന്ന് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുമെന്ന് ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയിലെ സൂപ്പര്‍മാനായ ആനന്ദ്കുമാര്‍ പ്രഖ്യാപിച്ചു. പുതിയ പഠനമേഖലകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ മാതൃഭൂമി കണ്ണൂരില്‍ നടത്തുന്ന ആസ്​പയര്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശന വേദിയിലാണ് ആനന്ദ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

'മാതൃഭൂമിയുമായി സഹകരിച്ച് പാവപ്പെട്ട അഞ്ചോ പത്തോ വിദ്യാര്‍ഥികളെ എല്ലാവര്‍ഷവും ഞാന്‍ തിരഞ്ഞെടുക്കും. രണ്ടുവര്‍ഷത്തെ സൗജന്യ പരിശീലനത്തിനുശേഷം ഐ.ഐ.ടി.യില്‍ പ്രവേശനം നേടിയ അവരെയുംകൊണ്ട് ഞാന്‍ വീണ്ടും കേരളത്തില്‍ വരും'- കൈയടികള്‍ക്കിടെ ആനന്ദ് കുമാര്‍ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ അവബോധവും രീതിയും ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ദരിദ്രരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും പഠനോപകരണങ്ങളും പരിശീലനവും നല്കി ഐ.ഐ.ടി. പ്രവേശനം നേടിക്കൊടുത്ത 'അത്ഭുതഗുരു'വായ ആനന്ദ് കുമാറിന് ആസ്​പയറിന്റെ വേദിയില്‍ ഊഷ്മളസ്വീകരണമാണ് ലഭിച്ചത്. വിജയത്തിന്റെ വഴിയെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഓരോവര്‍ഷവും 30 ദരിദ്രവിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പദ്ധതിയായ 'സൂപ്പര്‍ 30'-നെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.
 
സ്ഥിരോത്സാഹവും ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ നേടാന്‍ കഴിയാത്തതൊന്നുമില്ലെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ആനന്ദ് കുമാറിന് 'മാതൃഭൂമി'യുടെ ഉപഹാരങ്ങള്‍ കൈമാറി.

മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാലയിലെ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി പ്രൊഫസര്‍ ആന്‍ഡ് ഡീന്‍ കെ.ദുരൈവേലു, മാതൃഭൂമി ക്ലസ്റ്റര്‍ ഹെഡ് സുധീപ് കുമാര്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ വിപിന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് നന്ദിയും പറഞ്ഞു.
 
ന്യൂജനറേഷന്‍ കോഴ്‌സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി.ഗോപിനാഥും മാനേജ്‌മെന്റ് രംഗത്തെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. തോമസ് ജോര്‍ജും തൊഴില്‍വാര്‍ത്ത സബ് എഡിറ്റര്‍ സൗമ്യഭൂഷനും ക്ലാസുകളെടുത്തു. എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയാണ് ആസ്​പയറിന്റെ പ്രധാന സ്‌പോണ്‍സര്‍.
 
ടാറ്റാ ഡോക്കോമ, അസോസിയേഷന്‍ ഓഫ് ഇന്റര്‍ നാഷണല്‍ കണ്‍സള്‍ട്ടന്‍സി, കഫേ കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ആസ്​പയര്‍ പ്രദര്‍ശനം മെയ് ഒന്നുവരെ തുടരും.

വരും ദിവസങ്ങളില്‍ മലപ്പുറം, തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ആസ്​പയര്‍ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കും.