തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണ്? പതിനഞ്ച് വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി. ഇത് രാജഭരണമാണോ എന്നും ചെന്നിത്തല ചോദിച്ചു.

പോലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. കേരളത്തിലെ പോലീസ് കുത്തഴിഞ്ഞ പുസ്തകമായി. പ്രധാനപദവികളിലെല്ലാം ഏറാന്‍മൂളികളാണ്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെയും ഡി വൈ എഫ് ഐ നേതാക്കളുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കേരളാ പോലീസാണ്. ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പോലീസുകാരുടെ സസ്‌പെന്‍ഷന്‍ ആളുകളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണം. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ പാര്‍ട്ടി പ്രതികരിക്കണം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നും ചെന്നിത്തല ആരാഞ്ഞു.

content highlights: Ramesh chennithala demands cm pinarayi vijayan kevin death