കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

കെവിന്റെ വീട്ടില്‍ ഭാര്യ നീനുവുമുണ്ടായിരുന്നു. മൃതദേഹമെത്തിയയുടന്‍ അലമുറയിട്ട് വീണ നീനുവിനെ പിടിച്ചുമാറ്റാന്‍ കെവിന്റെ അച്ഛൻ ഏറെ പണിപ്പെട്ടു. കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. ഹര്‍ത്താലായിട്ടും ദൂരെ സ്ഥലത്തുനിന്നുപോലും ആളുകളെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി.

 കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം. വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.