കെവിന്‍ മടങ്ങി, മണ്ണിലേക്ക്...ക്രൂരതകളില്ലാത്ത, ഉച്ചനീചത്വങ്ങളില്ലാത്ത ലോകത്തേക്ക്.. പതിനായിരങ്ങളുടെ മുന്നില്‍ അവന്‍ ഒന്നുമറിയാതെ കിടന്നു,മുഖം നിറയെ പരിക്കുകളുമായി.അവന്റെ ഇത്തിരിപ്പോന്ന ശരീരം വെള്ള പുതച്ചിരുന്നതിനാല്‍ ശരീരത്തിനേറ്റ ക്ഷതങ്ങള്‍ പുറം ലോകമറിഞ്ഞില്ല..അപ്പനും അമ്മയും ചേച്ചിയും തന്റെ പ്രണയിനിയും കരഞ്ഞു തളര്‍ന്ന് ചാരെ ഇരിക്കുന്നതൊന്നും അവന്‍ അറിഞ്ഞില്ല.അവന്റെ മരണത്തെചൊല്ലിയുള്ള ഹര്‍ത്താലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതിവുനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്നതും കണ്ടില്ല.ജനനേന്ദ്രിയത്തില്‍ ചവിട്ടേറ്റതുള്‍പ്പടെ അതിഭയങ്കരമായ പീഡനങ്ങളേറ്റ് 23-ം വയസ്സില്‍ മരണം വരിക്കുവാന്‍ തക്കവണ്ണം അവന്‍ ചെയ്ത തെറ്റെന്തായിരുന്നു ? ഒരു ദളിതനായി ജനിച്ചുപോയത്,കിടപ്പാടം ഇല്ലാതെപോയത്,പണമുള്ള വീട്ടിലെ പെണ്ണിനെപ്രേമിച്ചുപോയത്...

 പ്രണയവും യുദ്ധവും രോഗമെന്ന മഹാമാരിയും സംഭവിക്കുകയല്ല,പൊട്ടിപ്പുറപ്പെടുകയെണെന്നാണ് പറയുക .കൂട്ടുകാരന്റെ പ്രണയകലഹം പറഞ്ഞുതീര്‍ക്കാന്‍ കെവിന്‍ ചെന്നപ്പോള്‍ പരിചയപ്പെട്ടതാണ് നീനുവിനെ. കൂട്ടുകാരന്റെ കാമുകിയുടെ സുഹൃത്തായിരുന്നു നീനു.അവരുടെ കലഹം തീര്‍ന്നപ്പോഴേക്കും ഇവരുടെ പ്രണയം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞിരുന്നു. ചതിക്കാനും ആസക്തി തീര്‍ക്കാനും വേണ്ടിയല്ലായിരുന്നു കെവിന്‍ നീനുവിനെ സ്നേഹിച്ചത്.അവന്റെ പ്രാണനായിരുന്നു അവള്‍.വാടകവീട്ടിലെ പരിമിതികള്‍ക്കിടയിലും കുഞ്ഞുപ്രായത്തിലേ അവന്‍ സ്വപ്നം കണ്ടു,നീനു തന്റെ സ്വന്തമാകുന്ന ദിവസം. തലചായ്ക്കാനൊരു കൂര, ചേച്ചിയുടെ വിവാഹം, ചെറിയൊരു ടൂവീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന അച്ഛനു തുണയാവുക തുടങ്ങിയ സ്വപ്നങ്ങളുമായി ഇളംപ്രായത്തില്‍ അവന്‍ ഗള്‍ഫിലേക്കു പോയെങ്കിലും നീനുവിന്റെ ഒരു ഫോണ്‍കോളില്‍ അവന്‍ മടങ്ങിയെത്തി .തന്റെ വിവാഹം വീട്ടുകാര്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചു എന്ന് നീനു പറഞ്ഞതും കെവിന്‍ മടങ്ങിയെത്തി.ദുരന്തത്തിലേക്കുളള വരവ്.

അപക്വമായ പ്രായത്തില്‍ മക്കള്‍ പ്രണയിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കു വിഷമം ഉണ്ടാവുക സ്വാഭാവികം.സാമ്പത്തികം,ജാതി,മതം ഇവയൊക്കെ അവരെ അലട്ടും.വരുംവരായ്കകള്‍ കുട്ടികളെ മനസ്സിലാക്കി കൊടുക്കാം..കടുംപിടുത്തത്തിന് അയവില്ലെങ്കില്‍ ,സ്വന്തം കാലില്‍ നില്‍ക്കാമെന്ന തന്റേടവുമായി അവര്‍ ജീവിച്ചുകാണിക്കട്ടെ.അവരെ തീരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങളുണ്ടാക്കിയ സ്വത്ത് നല്‍കേണ്ടതില്ല. അതിനു പകരം ഒരു ജീവനെ കൊയ്തെടുക്കാന്‍ നാമാരാണ്.മറ്റൊരു കുടുംബത്തിന്റെ വിളക്ക് ഊതിക്കെടുത്താന്‍ എന്തധികാരമാണുള്ളത്്. 

നീനുവിന്റെ അച്ഛനമ്മമാര്‍ക്ക് പ്രണയം പുത്തരിയല്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. ഇസ്ലാം മതവിശ്വാസിയാണ് നീനുവിന്റെ അമ്മ രഹ്നാ ബീവി. അച്ഛന്‍ ചാക്കോ ക്രിസ്ത്യാനിയും.വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവരുടെ വിവാഹം നാട്ടിലൊരു സംഭവമായിരുന്നു.അതില്‍പിന്നെ വീട്ടുകാര്‍ ചാക്കോയുമായി വലിയ ബന്ധമൊന്നും  പുലര്‍ത്തിയില്ലെന്ന് വാര്‍ത്തകള്‍.ഇവരുടെ മകന്‍ ഷാനു, ആറുമാസം മുമ്പ്  വിവാഹം ചെയ്തത് ക്രിസ്ത്യന്‍ യുവതിയെ,അതും പ്രണയ വിവാഹമായിരുന്നത്രെ. ഇവരൊക്കെ സുഖമായി ജീവിക്കുന്നു.രഹ്‌നാ ബീവീയുടെ വാപ്പയും സഹോദരനും ചേര്‍ന്ന് ചാക്കോയെ കൊന്നില്ലല്ലോ,ചാക്കോയുടെ വീട്ടുകാര്‍ വാടകഗുണ്ടകളെ വിട്ട് രഹ്‌നാബീവിയെ തട്ടിക്കളഞ്ഞില്ലല്ലോ.പഴയ കാലത്തെ കാരണവന്‍മാരാരും പുകഞ്ഞകൊള്ളി പുറത്ത് ഇന്ന നയം സ്വീകരിച്ചതല്ലാതെ അരുംകൊലയ്ക്ക് മുതിര്‍ന്നില്ല. ചാക്കോയുടെ മകന്‍ ഷാനു പ്രണയിച്ചപ്പോള്‍ സന്തോഷത്തോടെ വിവാഹം നടത്തിക്കൊടുത്തല്ലോ...അപ്പോ പിന്നെ മകള്‍ പ്രണയിച്ചപ്പോള്‍ വടിവാള്‍ എടുത്തതെന്തിനാവും..ഉത്തരം സിമ്പിള്‍..കെവിന്‍ ദളിതനായിപ്പോയി,അവനു പണം ഇല്ല.

 ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നാണ്.

എപ്പോഴോ കടന്നുവന്ന ജാതി വ്യവസ്ഥകള്‍ ഇത്ര പൈശാചികമായി മാറിത്തുടങ്ങിയത് എപ്പോഴാണ്. ഉയര്‍ന്ന ജാതിക്കാര്‍ വഴിനടക്കുമ്പോള്‍ 'ഹോയ്്,ഹോയ്് 'വക്കുന്ന രീതി പണ്ടുണ്ടായിരുന്നു.ദളതന്‍ പറമ്പിലും പാടത്തും കന്നു പോലെ പണിയണം,അവന്‍ വിളയിക്കുന്ന ഫലമൂലാദികള്‍ മൂക്കുമുട്ടെ തിന്നാം .പക്ഷേ അവന്‍ ഏഴയലത്തു വരരുത് .അതേ സമയം അവന്റകൂടെ പാടത്തുനിന്നു വരുന്ന പെണ്ണനെ കണ്ടു ജന്മിക്കു കാമമിളകിപ്പോയാല്‍ യാതൊരു ഉളിപ്പും കൂടാതെ അവളെ പ്രാപിക്കാം.അപ്പോള്‍ തീണ്ടലും തൊടീലുമില്ല, ചേറു നാറുകയുമില്ല,ഹോയ്,ഹോയ് വിളിക്കയും വേണ്ട . എത്ര വിചിത്രം.

ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ദുരഭിമാനക്കൊല നടന്നതു വാര്‍ത്തയായപ്പോള്‍ മൂക്കത്തു വിരല്‍ വച്ചവരാണു നാം. വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും കേരളം മുന്നിലാണെന്നഭിമാനിക്കുന്നതില്‍ ലജ്ജിക്കുക.നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്നു കൊട്ടിഘോഷിച്ച കോട്ടയത്തെ പോലിസ്‌കാരും ലജ്ജിക്കണം.ക്രിമിനലുകള്‍ നവവരനെ തട്ടിക്കൊണ്ടുപോയെന്നും ജീവാപായം സംഭവിച്ചേക്കാമെന്നും നീനു കണ്ണീരോടെ പരാതി നല്‍കിയപ്പോള്‍, മുഖ്യമന്ത്രിയുടെ മെഡിക്കല്‍ കോളേജ് സന്ദര്‍ശനം കഴിഞ്ഞുപോയിട്ട് അന്വേഷിക്കാമെന്നു പറഞ്ഞ പോലിസുകാരാ കെവിന്റെ ചോരക്കറ നിങ്ങളുടെ കൈയ്യില്‍ നിന്നും ഈ ജന്‍മം പോകില്ല.നിങ്ങള്‍ ഒരുനിമിഷം ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കിള്‍ 20-ം വയസ്സില്‍ ആ പെണ്‍കുട്ടിയെ വിധവയായി ,വിവാഹപിറ്റേന്ന് നാം കാണുകയില്ലായിരുന്നു.

നമ്മള്‍ക്കിനി വന്ന വഴി പിന്നിലേക്ക് നടക്കാം.ജാതി ചോദിക്കണം,പറയണം .പ്രണയിക്കുമ്പോള്‍ ജാതിയില്‍ ഉയര്‍ന്നവളെ ഒഴിവാക്കുക.പണമില്ലാത്തവന്‍ പിണം എന്ന്് ഇടയ്ക്കിടെ മക്കളെ പറഞ്ഞു മനസ്സിലാക്കണം.മൂല്യബോധമില്ലാതെ വളര്‍ത്തുന്ന മക്കളും ഗുണ്ടകളും പണത്തിനു നിയമം മറിക്കുന്ന പൊലീസുകാരും ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാട് കുട്ടിച്ചോറാക്കട്ടെ.

ഇന്നലത്തെ കാഴ്ച--ജോസഫ് എന്ന അച്ഛന്‍,കെവിന്റെ പിതാവ്..തന്റെ മകന്‍ അതിക്രൂരമായി വധിക്കപ്പെട്ട്, അവന്റെ ശരീരം ഏതോ തോട്ടില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞപ്പോഴും നനവുമാറാത്ത കണ്ണുകളോടെ ആ പെണ്‍കുട്ടിക്കു കാവലിരുന്നു.പിടി വിട്ടാല്‍ അവള്‍ വല്ല കടുംകൈയ്യും ചെയ്യുമോ എന്ന ഭീതിയോടെ,കരുണയോടെ,ആര്‍ദ്രതയോടെ...തന്റെ ഏക മകനെ കൊന്നവന്റെ മകളെന്നല്ല,പുത്ര വധുവായിട്ടാണ് ഇടയ്ക്കിടെ ബോധം മറയുന്ന അവളെ താങ്ങി നെഞ്ചോടു ചേര്‍ത്തത്.അലമുറയിട്ടു കരയുന്ന ഭാര്യയുടെ പിടച്ചിലും ഏക മകളുടെ നിലവിളിയും ഈ അപ്പനെ തളര്‍ത്തിയില്ല.പക്ഷേ ,തന്റെ മകനെ ഭ്രാന്തമായി സ്നേഹിച്ച പെണ്‍കുട്ടിയുടെ തകര്‍ച്ച ജോസഫിനു സഹിക്കാനായില്ല.ലോകം മുഴുവന്‍ കെവിന്റെ കൊലയാളികളെ ശപിച്ചപ്പോള്‍ പുത്ര ഘാതകന്റെ മകളെ അയാള്‍ തീക്കനലില്‍ ചവിട്ടിനിന്ന് ആശ്വസിപ്പിച്ചു...അതിന് വലിയ പഠിപ്പും പത്രാസ്സും ജാതിയും മതവും പണവും വേണ്ട,പകരം  ഇത്തിരി മനുഷ്യത്വം മതിയെന്ന് വാക്കുകളില്ലാതെ പ്രഖ്യാപിക്കുകയായിരുന്നു ജോസഫ്.ചാക്കോയ്ക്കും രഹ്നയ്ക്കും അവരുടെ മകനും ഇല്ലാതെ പോയതും അതായിരുന്നല്ലോ,മനുഷ്യത്വം.