കോട്ടയം: കെവിനെ തട്ടിയെടുത്തതിലൂടെ തന്റെ മകളെ തിരികെ കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്ന് നീനുവിന്റെ പിതാവ് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കടത്തിക്കൊണ്ട് വരുന്നതിനിടെ കെവിന്‍ ചാടിപ്പോയെന്ന് ഷാനു തന്നെ വിളിച്ച് അറിയിച്ചെന്നും ചാക്കോ പറഞ്ഞു.

എന്നാല്‍, തട്ടിയെടുത്ത് തെന്മലയിലേക്ക് പോകുന്നതിനിടെ വാഹനം നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നും പിന്നീട് മാധ്യമങ്ങളില്‍ നിന്നാണ് കെവിന്റെ മരണവാര്‍ത്ത അറിഞ്ഞതെന്നുമായിരുന്നു ഷാനുവിന്റെ മൊഴി. പിന്നീട് സ്ഥലത്തുനിന്ന് മാറുകയായിരുന്നു എന്നും ഷാനും പറഞ്ഞു. എന്നാല്‍, ഇത് പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കെവിനെ കോട്ടയത്തുനിന്ന് തട്ടിയെടുത്ത ശേഷം ഏഴ് തവണയാണ് ഷാനുവും പിതാവ് ചാക്കോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നത്. ഇതില്‍ നിന്ന് കെവിന്റെ കൊലപാതകത്തില്‍ ചാക്കോയ്ക്കും വ്യക്തമായി പങ്കുണ്ടെന്ന് പോലീസ് വിലയിരുത്തി. ഷാനുവിനെ ഒന്നാം പ്രതിയും ചാക്കോയെ അഞ്ചാം പ്രതിയുമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

കെവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി ലഭ്യമായ സാഹചര്യത്തില്‍ മൂന്ന് സംശയങ്ങളാണ് പോലീസിനുള്ളത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ആറ്റിലേക്ക് തള്ളിയിട്ടതാവാനും അല്ലെങ്കില്‍ മുക്കി കൊന്നതാവാനും അതുമല്ലെങ്കില്‍ ഇവര്‍ പറയുന്നത് പോലെ ഓടി രക്ഷപ്പെടുന്നതിനിടെ തോട്ടില്‍ വീണതാവാനുമുള്ള സാധ്യതകള്‍ പോലീസ് അന്വേഷിക്കും. 

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ റിയാസ്, നിയാസ്, ഇഷാന്‍ എന്നീ പ്രതികളെ ഇന്നലെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ചാക്കോയെയും മകന്‍ ഷാനുവിനെയും വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ പോലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.