തെന്മല: കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ചിരുന്ന മൂന്നാമത്തെ കാറും പോലീസ് കണ്ടെത്തി. മാരുതി വാഗണാർ കാറാണ് കണ്ടെത്തിയത്. പുനലൂര്‍ ആരംപുന്നയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. മുമ്പ് ഇവര്‍ തന്നെ ഉപയോഗിച്ചിരുന്ന ഐ20 കാര്‍ പോലീസ് കണ്ടെത്തിയിരുന്നു.

പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ പിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മണിക്കൂറിന്റെ ഇടവേളയിലാണ് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകള്‍ പോലീസ് കണ്ടെത്തിയത്. 

ഇതോടെ കെവിനെ തട്ടിയെടുക്കാനായി കോട്ടയത്ത് എത്തിയ സംഘം സഞ്ചരിച്ചിരുന്ന മൂന്ന് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നോവ, ഐ20, വാഗണാര്‍ എന്നീ വാഹനങ്ങളാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. 

തട്ടിക്കൊണ്ട് പോകാനുപയോഗിച്ച ഇന്നോവ കെവിന്റെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്നെ പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, മറ്റ് വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പോലീസിന്റെ വീഴ്ചയാണെന്ന് ഗുരുതര വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തത്.