ചാലിയക്കര: (കൊല്ലം): കെവിന്റെ മരണം കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി വിജയ് സാഖറെ. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തെളിവെടുപ്പിന്റെ ഭാഗമായി കേസിലെ റിയാസ്,നിയാസ്, നിഷാന്‍, വിഷ്ണു എന്നീ പ്രതികളെ ചാലിയക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം ചാലിയക്കര ആറില്‍നിന്നായിരുന്നു കണ്ടെടുത്തത്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പോലീസിന്റെ ശ്രമം. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും സാഖറെപറഞ്ഞു.  ഞായറാഴ്ച രണ്ടുമണിയോടെ ആയിരുന്നു തെളിവെടുപ്പ്. രണ്ടരയോടെ തെളിവെടുപ്പ് അവസാനിപ്പിച്ചു. നിഷാനെ ആറ്റിലിറക്കിയും പോലീസ് സംഘം തെളിവെടുപ്പ് നടത്തി.

പ്രതികളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ വീടിനു സമീപത്തെ തോട്ടില്‍നിന്നുമാണ് നാലു വാളുകള്‍ കണ്ടെത്തിയത്.

sword
കെവിന്‍ കൊലപാതക കേസിലെ പ്രതികളുടെ പക്കലുണ്ടായിരുന്ന വാളുകള്‍ പോലീസ് കണ്ടെടുത്തപ്പോള്‍

ഇവിടെ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. നാളെയാണ് പ്രതികളുടെ റിമാന്‍ഡ് കലാവധി അവസാനിക്കുന്നത്. 

കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവം പുനരാവിഷ്‌കരിക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രക്ഷപ്പെട്ട്  ഓടുന്നതിനിടെ കെവിന്‍ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നുവെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം അറസ്റ്റിലായ പോലീസുകാര്‍ക്ക് എതിരെ കൊലപാതക കേസിനു തെളിവില്ലെന്ന് വിജയ് സാഖറെ പറഞ്ഞു. നിലവില്‍ കൃത്യവിലോപം നടത്തിയതിന് മാത്രമാണ് തെളിവുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: kevin murder case ig vijay sakhare