aneeshകോട്ടയം: ‘‘ഇത് ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണ്. നിങ്ങളെ രണ്ടുപേരെയും തെന്മലയിൽ കൊണ്ടുചെന്നാക്കിയാൽ മതി. അതുകഴിഞ്ഞാൽ ഞങ്ങൾക്ക് നേരെ ഗോവയ്ക്കു പോകണം’’ -തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇങ്ങനെ അറിയിച്ചെന്ന് കെവിനൊപ്പം അക്രമിസംഘം തട്ടിക്കൊണ്ടുപോയ അനീഷ് പറയുന്നു.

അനീഷ് പറഞ്ഞ കാര്യങ്ങൾ ചുവടെ:

27-ന് വെളുപ്പിന് രണ്ടുമണിക്കാണ് ഒരുസംഘം മാന്നാനത്തെ അനീഷിന്റെ വീട്ടിൽ വന്നത്. അടുക്കളവാതിൽ തല്ലിത്തകർത്ത് അവർ അകത്തുകയറി. ശബ്ദംകേട്ട് ചെന്നുനോക്കുമ്പോൾ കെവിനെ അവർ തൂക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു. രണ്ടുപേർ എന്നെ കഴുത്തിൽ വാൾ ചൂണ്ടി ഭീഷണിപ്പെടുത്തി. മൂക്കും കണ്ണും ചേരുന്നിടത്ത് ശക്തമായി ഇടിച്ചു.

പകുതി ബോധംപോയ അവസ്ഥയിൽ വീടിനുമുന്നിൽ നിർത്തിയ കാറിൽ കയറ്റി. ആ സമയം അരണ്ട വെളിച്ചത്തിൽ നിർത്തിയിട്ടിരുന്ന കാറിൽ കെവിനെ കയറ്റുന്നതുകണ്ടു. എന്റെ കാറിൽ അഞ്ചുപേരുണ്ടായിരുന്നു. ഏറ്റവും പിന്നിൽ ഞാൻ. എന്റെ കണ്ണ്, തല, തോൾ എന്നിവിടങ്ങളിൽ മാറിമാറി അടിച്ചു. അതിനിടയിലാണ് അവർ ക്വട്ടേഷനെക്കുറിച്ച് ഉൾപ്പെടെ പലതും പറഞ്ഞത്.

പെണ്ണ് എങ്ങനെയുണ്ട്... താൻ ഏതു ജാതിയാണ്... തുടങ്ങിയവ ചോദിച്ചു.

ഓരോ ചോദ്യത്തിനും ഇടി. വണ്ടി 120 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നതെന്നും പോലീസ് പിടിച്ചാൽ നീ മദ്യപിച്ച് കിടക്കുകയാണെന്ന് പറയുമെന്നും പറഞ്ഞു. അതിനിടയിൽ ഒരാൾ പറഞ്ഞു: ‘‘കണ്ടോടാ... ജീവിതത്തിൽ നല്ല കാഴ്ചയാണ് ഇനി കാണുന്നത്. തെന്മയിലെ കാഴ്ചകൾ. ഇനി ഈ നല്ല കാഴ്ചകാണാൻ പറ്റിയെന്ന് വരില്ല.’’

അങ്ങനെയാണ് തെന്മയിലാണെന്നു മനസ്സിലായത്. ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ ഒരിടത്ത് നിർത്തി. അവിടെ ഇറക്കി നിർത്തിയപ്പോൾ മറ്റൊരു കാറും വന്നുനിന്നു.

അതിൽനിന്ന് കെവിനെ ഇറക്കി. അവന് ചാരിയിരിക്കാൻപോലും പറ്റുമായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു, കെവിൻ ഓടിരക്ഷപ്പെട്ടെന്ന്. അങ്ങനെ ഓടാൻപറ്റുന്ന അവസ്ഥയിലായിരുന്നില്ല അവനെന്ന് ഉറപ്പാണ്.

തുടർന്ന് മറ്റൊരു കാറിൽ എന്നെ കയറ്റി. നീനുവിന്റെ സഹോദരൻ ഷാനുവും മറ്റു രണ്ടുപേരും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് ഫോൺ ഡയൽ ചെയ്തുതന്നു. ഗാന്ധിനഗർ േപാലീസ് സ്റ്റേഷൻ എസ്.ഐ.യെയാണ് വിളിക്കുന്നതെന്നും കെവിൻ രക്ഷപ്പെട്ടു, താൻ സുരക്ഷിതനാണ്, വീടിന്റെ നഷ്ടപരിഹാരമായി 50,000 രൂപയും തന്നിട്ടുണ്ട് എന്നു പറയാൻ അവർ ആവശ്യപ്പെട്ടു. ഞാൻ അത് അനുസരിച്ചു.

പത്തനാപുരത്തുനിന്ന് ടാക്സിയിൽ കയറ്റിവിടാമെന്നു പറഞ്ഞു. ടാക്സി സ്റ്റാൻഡിൽ വന്നിട്ട് വീണ്ടും എസ്.ഐ.യോട് സംസാരിക്കാൻ പറഞ്ഞു. ‘ഞാൻ എസ്.ഐ.’യാണെന്ന് പറഞ്ഞാണ് ഫോൺ എടുത്തയാൾ സംസാരിച്ചു തുടങ്ങിയത്. മുൻപ്‌ പറഞ്ഞതുപോലെ ആവർത്തിച്ചു. എന്റെ ഒരു ചേട്ടനെ വിളിച്ചും ഇതുപോലെ പറയിച്ചു. അതുകഴിഞ്ഞ് ഷാനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിർത്തി. ഷാനുവും കൂടെയുള്ളയാളും കുളിച്ചു. എനിക്ക് ബാത്ത്റൂമിൽ പോകാനും മൂത്രം ഒഴിക്കാനും അവസരം തന്നു.

അവർ തന്ന ചായ കുടിച്ചു. ‘നിനക്കൊക്കെ അവിടെ വന്നപ്പോൾ എന്തൊരു അഹങ്കാരമായിരുന്നു’ എന്ന രീതിയിൽ ആ സ്ത്രീ സംസാരിച്ചു. നീനുവിന്റെ അമ്മയും സഹോദരനും ശനിയാഴ്ച രാവിലെ മാന്നാനത്തെ വീട്ടിൽ വന്നപ്പോൾ ഇവരും ഉണ്ടായിരുന്നു.

പിന്നീട് മറ്റൊരു വാഹനത്തിലാണ് എന്നെ കയറ്റിയത്. അപ്പോൾ സമയം രാവിലെ എട്ടരയായി.

ഇതിനിടെ, ഹോസ്റ്റലിൽച്ചെന്ന് ഈ കാറിൽ നീനുവിനെ കയറ്റിവിടണമെന്ന് അവർ ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചു. പക്ഷേ, കുമാരനല്ലൂർ ആയപ്പോൾ അവർ ഏതോ പെൺകുട്ടിയെ വിളിച്ച് ഹോസ്റ്റലിലെ നന്പർ എടുത്തു. ഹോസ്റ്റലിലേക്ക് വിളിച്ചപ്പോൾ നീനുവിനെ വനിതാ പോലീസ് കൊണ്ടുപോയെന്നറിഞ്ഞു. അപ്പോൾ അവർക്ക് പേടിയായി.

അങ്ങനെ അവർ എന്നെ ഗാന്ധിനഗറിൽ ഇറക്കി. സ്റ്റേഷനിൽപ്പോയി പരാതി ഒഴിവാക്കണം. അവളെ പറഞ്ഞുവിടണം. അതിബുദ്ധി കാണിച്ചാൽ കൊന്നുകളയുമെന്ന് പറഞ്ഞാണ് അവർ പോയത്.

അപ്പോഴാണ് എന്നെ കൊണ്ടുവന്ന കാറിന്റെ നന്പർ എടുത്തത്. സ്റ്റേഷനിൽ ചെന്നപ്പോഴേ ഞാനിക്കാര്യം എസ്.ഐ.യോട് പറഞ്ഞു. എന്നിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്. അതു കഴിഞ്ഞിട്ട് പുനലൂർക്ക് പോകാമെന്നും പറഞ്ഞു. ഇതിനിടെ ഷാനുവിന്റെ കൂടെയുള്ളയാൾ രണ്ടുതവണ വിളിച്ചു. അവൾ വരുമോയെന്ന് ചോദിച്ചു.