കോട്ടയം: കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ മാതാവ് രഹ്ന തന്റെ ബന്ധുവല്ലെന്ന് കോട്ടയം മുന്‍ എസ്.പി. എ. മുഹമ്മദ് റഫീഖ്. കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം വൈകിയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഉണ്ടായപ്പോള്‍ കീഴുദ്യോഗസ്ഥര്‍ തന്നെ ഉടന്‍ അറിയിച്ചില്ല. ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഉടന്‍തന്നെ ഡിവൈ.എസ്.പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്ക് അന്ന് പല പരിപാടികളും കോട്ടയത്ത് ഉണ്ടായിരുന്നു. അതിനിടയില്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ അദ്ദേഹം തന്നോട് ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടായതെന്ന് അറിയില്ല. 

ഷാനു ചാക്കോയുടെ മാതാവുമായി തനിക്കു കുടുംബബന്ധം ഉണ്ടെന്ന് ആരോപിക്കുന്നവരെ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നത് ദുഃഖകരമാണ്. തനിക്കെതിരേ ആരോപണമുന്നയിച്ച അഭിഭാഷനെതിരെയും കക്ഷികള്‍ക്കെതിരെയും സിവില്‍-ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യും.' മുപ്പതുവര്‍ഷത്തിനിടെ ഇതുവരെ ഒരു ആരോപണവും നേരിട്ടിട്ടില്ലെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.

നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്. സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. അത് കേസ് അന്വേഷണത്തില്‍ വ്യക്തമാകും. കേസ് അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയാനില്ല. ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഏതുശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വികാരഭരിതനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. നീനുവിന്റെ അമ്മ രഹ്ന മുഹമ്മദ് റഫീഖിന്റെ അടുത്തബന്ധുവാണെന്ന് കേസില്‍ അറസ്റ്റിലായ എ.എസ്.ഐ. ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് റഫീഖിന്റെ പ്രതികരണം.

Read more...കെവിന്‍ വധം: കോട്ടയം മുന്‍ എസ്പി ഷാനുവിന്റെ ബന്ധുവെന്ന് എഎസ്ഐ 

content highlights: Kevin death kottayam former sp muhammad rafeeq