തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ മണിയുടേത് സ്വാഭാവികമരണമാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
 
മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോളിന്റെ അളവ് മരണകാരണമല്ലെന്ന് കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍ കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അളവ് താരതമ്യേന കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അളവെത്രയെന്ന് റിപ്പോര്‍ട്ടിലില്ല.
 
ഈ സാഹചര്യത്തില്‍ മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കുകൂടി പരിശോധനയ്ക്ക് അയയ്ക്കാനുള്ള ആലോചനയിലാണ് പോലീസ്.

ഏതുസമയത്താണ് കീടനാശിനി ഉള്ളിലെത്തിയതെന്നും കണ്ടെത്താനായിട്ടില്ല. നാടന്‍ ചാരായത്തിലും പച്ചക്കറികളിലുമൊക്കെ ക്ലോര്‍പൈറിഫോസ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അടുത്തകാലത്തായി മണി ബിയര്‍ മാത്രമാണ് കഴിക്കുന്നതെങ്കിലും മുമ്പ് ചാരായവും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
 
മദ്യത്തിനൊപ്പം സാലഡ് വെള്ളരിയുള്‍പ്പെടെയുള്ള പച്ചക്കറികളും ബദാം പോലുള്ള പരിപ്പുവര്‍ഗ്ഗങ്ങളും കഴിച്ചിരുന്നു. ഇതുവഴി ഉള്ളിലെത്തിയ കീടനാശിനി ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയതാണോ എന്നും സംശയിക്കുന്നുണ്ട്.
 
പല നിഗമനങ്ങളുമുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ചതുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതും തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്​പി പി.എന്‍. ഉണ്ണിരാജന്‍, ഡിവൈഎസ്​പി. കെ.എസ്. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.