കൊച്ചി: ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ തേടി പോലീസ് അസമില്‍. ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം. അമീറുള്‍ പോലീസിന് നല്‍കിയ മൊഴികളില്‍ ചില വൈരുധ്യങ്ങളുണ്ട്. അമീറുളിനൊപ്പം പല സമയത്തുണ്ടായിരുന്നതായി പറയുന്ന ഈ സുഹൃത്തിനെ കണ്ടെത്തിയാല്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് കൊലപാതകത്തിനായി ജിഷയുടെ വീട്ടിലെത്തിയതെന്നാണ് അമീറുള്‍ പോലീസിനോട് പറഞ്ഞത്. സംഭവ ദിവസം രാവിലെ അമീറുള്‍ ജിഷയുടെ വീട്ടിലെത്തിയതായി മൊഴിയുണ്ട്. എന്നാല്‍ ജിഷ ചെരിപ്പെടുത്ത് കാണിച്ച് അമീറുളിനെ അവിടെ നിന്ന് ഓടിക്കുകയായിരുന്നു. ഇവിടെ നിന്ന് മടങ്ങിയ ശേഷം സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചതായാണ് അമീറുള്‍ പറയുന്നത്.
 
ജിഷയുടെ വീട്ടില്‍ എത്തുന്ന സമയത്ത് സുഹൃത്ത് അമീറുളിനെ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. ജിഷയെ തേടി ഇതിനു മുമ്പ് അമീറുള്‍ വീട്ടു പരിസരത്ത് എത്തിയപ്പോഴും സുഹൃത്ത് കൂടെയുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ജിഷയുടെ വീട് നിര്‍മാണം നടക്കുന്ന സമയത്ത് ഇരുവരും ചേര്‍ന്ന് അവിടെ ചെന്നിരുന്നുവെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. സുഹൃത്തിനെ തേടി അസമില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
 
അമീറുളിന്റെ ഗ്രാമമായ ഡോല്‍ഡയില്‍ നിന്ന് ഈ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിക്കുമെന്ന് പോലീസ് കരുതുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോന്ന അമീറുളിന് കേരളത്തില്‍ വെച്ചാണ് ഈ സുഹൃത്തിനെ ലഭിച്ചതെന്നാണ് പോലീസ് കരുതുന്നത്.