കൊച്ചി: കണ്ടാല്‍ വെറും പാവമാണെന്ന് തോന്നും... പക്ഷേ, മദ്യവും അശ്ലീല വീഡിയോകളും ഹരമായ അമീറുള്‍ ക്രൂരതയുടെ പര്യായമാണെന്നാണ് പോലീസിന്റെ ചോദ്യംചെയ്യലില്‍ തെളിയുന്നത്.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതനായ അമീറുള്‍ ഇരുപതാം വയസ്സില്‍ ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. 38 വയസ്സുള്ള അവര്‍ക്കൊപ്പം കഴിയുമ്പോളും അമീറുളിന് സ്ത്രീവിഷയങ്ങളില്‍ അതീവ താത്പര്യമായിരുന്നു. അതിനായി അമീറുള്‍ പലരെയും സമീപിക്കാന്‍ ശ്രമിച്ചിരുന്നതായും സൂചനകളുണ്ട്.

ഒരു വര്‍ഷത്തിലേറെയായി ജിഷയെ പരിചയമുള്ള അമീറുള്‍ ലൈംഗിക താത്പര്യത്തോടെ പല തവണ സമീപിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി പലതവണ ഇയാള്‍ ജിഷയുടെ വീടിനു സമീപം പതുങ്ങിയിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ തലേദിവസവും ഇയാള്‍ ജിഷയുടെ വീടിന് അടുത്ത് എത്തിയിരുന്നതായി പറയുന്നു. കൊലപാതകം നടന്ന ദിവസം അശ്ലീല ചിത്രം കണ്ടതിനുശേഷമാണ് ജിഷയുടെ വീട്ടിലെത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് സൂചനകള്‍.

അശ്ലീല ചിത്രങ്ങളോടുള്ള അമിതമായ താത്പര്യമാണ് ഒടുവില്‍ അമീറുളിനെ കുടുക്കിയതും. മൊബൈല്‍ ഫോണില്‍ ഒരുപാട് അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന അമീറുള്‍ ഇടയ്ക്കിടെ ഇതൊക്കെ കാണുമായിരുന്നു. മൊബൈല്‍ ഫോണില്‍ ഒരുപാട് അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉള്ളതിനാലാണ് പലതവണ സിം കാര്‍ഡുകള്‍ മാറ്റിയിട്ടും ഇയാള്‍ ഫോണ്‍ ഉപേക്ഷിക്കാതിരുന്നത്.

ഒടുവില്‍ ആ ഫോണില്‍ പിടിച്ചാണ് പോലീസ് ഇയാളിലേക്കെത്തിയത്. ജിഷ വധക്കേസിന്റെ വിവരങ്ങള്‍ അറിയാന്‍ അമീറുള്‍ പലതവണ ഇവിടെയുള്ള സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. മദ്യപാനവും അമീറുളിന് വളരെ ഹരമായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം സന്ധ്യയോടെയാണ് അമീറുള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് പുറത്തേക്ക് പോയത്. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കള്‍ അമീറുളിനെ മദ്യപിച്ച നിലയില്‍ കണ്ടതായും പറഞ്ഞിട്ടുണ്ട്.

ലൈംഗിക വൈകൃതത്തിലും ഏറെ തത്പരനായിരുന്നു അമീറുള്‍ എന്ന കാര്യവും പോലീസിന് വ്യക്തമായിട്ടുണ്ട്. ഇരകളെ പീഡിപ്പിച്ച ശേഷം മുറിവേല്‍പ്പിക്കുന്നതിലായിരുന്നു ഇയാളുടെ ഹരം. ജിഷയുടെ വീടിനു സമീപത്ത് നിന്ന ഒരു ആടിന്റെ ജനനേന്ദ്രിയം ഇയാള്‍ മുറിച്ചുകളഞ്ഞതായും വിവരമുണ്ട്. സ്ത്രീകളെ കീഴ്‌പ്പെടുത്താന്‍ ഏതറ്റംവരെ പോകാനും അമീറുള്‍ തയ്യാറായിരുന്നെന്നാണ് കൂട്ടുകാരില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍. ചെറുപ്പത്തിലേ ജോലിതേടി അസം വിട്ടയാളാണ് അമീറുളെന്നാണ് അറിയുന്നത്. വീട്ടിലേക്ക് വിളിക്കുകയോ മറ്റോ ചെയ്യാതെ പലപ്പോഴും ഒറ്റയ്ക്ക് കഴിയാനായിരുന്നു ഇയാള്‍ക്കിഷ്ടം. വീട്ടിലുള്ള സമയത്ത് മദ്യപിക്കാനായി പണം ചോദിച്ച് ബഹളമുണ്ടാക്കുന്നതും ഇയാളുടെ ശീലമായിരുന്നെന്ന് പറയുന്നു.

മദ്യത്തോടുള്ള ആസക്തി ജോലിചെയ്ത എല്ലാ സ്ഥലത്തും ഇയാള്‍ കാണിച്ചിരുന്നു. പെരുമ്പാവൂരില്‍ അമീറുള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു.