കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയത്. കാക്കനാട് ജില്ലാ ജയിലിന് സമീപം പ്രവര്‍ത്തിക്കുന്ന കുന്നുംപുറം മജിസ്‌ട്രേട്ട് കോടതിയോടാണ് എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം സി.ജെ.എം. എസ്. അജികുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരേഡിനായി സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി ഉത്തരവായി. തിങ്കളാഴ്ച തന്നെ പരേഡ് നടത്താനാണ് പോലീസ് ഒരുങ്ങുന്നത്. പരേഡിന് ശേഷം അമീറുളിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഷിബു ഡാനിയല്‍ തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കും. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, അയല്‍വാസികളായ സ്ത്രീകള്‍, ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ തുടങ്ങിയവരെയാണ് പരേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയല്‍ പരേഡ് വേഗത്തിലാക്കാന്‍ ഇവര്‍ക്കുള്ള സമന്‍സ് പോലീസ് കൈവശം നേരിട്ട് നല്‍കാനാണ് ശ്രമിക്കുന്നത്.

പ്രതിയെ വെള്ളിയാഴ്ച പെരുമ്പാവൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. അതുകൊണ്ട് ഇപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസിന്റെ പ്രാധാന്യം പരിഗണിച്ചാണ് തിരിച്ചറിയല്‍ പരേഡിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന റൂറല്‍ എസ്.പി. പി.എന്‍. ഉണ്ണിരാജനാണ് തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ സമര്‍പ്പിച്ചത്.
തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാന്‍ഡ് ചെയ്യുന്ന പ്രതിയെ ആദ്യ 14 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വാങ്ങാവുന്നത്. അത് കഴിഞ്ഞാല്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ നല്‍കില്ല. ഈ സാഹചര്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ശ്രമിക്കുന്നത്.

പെരുമ്പാവൂരിലെ തെളിവെടുപ്പിനു ശേഷം അസം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പോലീസിന് പ്രതിയുമൊത്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പെരുമ്പാവൂരിലെ തെളിവെടുപ്പിലെ സുരക്ഷാ പ്രശ്‌നങ്ങളിലും പോലീസിന് ആശങ്കകളുണ്ട്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും പോലീസ് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തുന്നത്.