തിരുവനന്തപുരം: ജിഷ വധക്കേസില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി അന്വേഷണം നടത്താനാകില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. ജിഷയുടെ അച്ഛന്‍ പാപ്പു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ അച്ഛന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. അന്വേഷണത്തിന്റെ പലഘട്ടത്തിലും തന്നോട് അദ്ദേഹം പല പരാതികളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി അന്വേഷിക്കുന്നുണ്ട്.

അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ല. അന്വേഷണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തുപറയാനാകില്ല. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ മാത്രമേ നല്‍കാനാവൂ.
വീഴ്ചയില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് ശ്രദ്ധിക്കുന്നത്. അതിനിടയില്‍ കുറേ പരാതികള്‍ ഉണ്ടാകും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയാണ് പോലീസിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ലെന്ന് ഡി.ജി.പി. പറഞ്ഞു. പറയാവുന്ന കാര്യങ്ങള്‍ മാത്രമേ പങ്കുവയ്ക്കു.

അന്യസംസ്ഥാന തൊഴിലാളികളില്‍ 95 ശതമാനംപേരും നല്ലവരാണ്. വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് കുഴപ്പക്കാര്‍. ഇവരുടെ ഡാറ്റാ ബാങ്ക് ശേഖരിക്കുന്ന കാര്യം പരിഗണനയിലാണ്. നിയമപരമായി മാത്രമേ ഇക്കാര്യം ചെയ്യാന്‍ കഴിയൂ. നിര്‍ബന്ധപൂര്‍വം ഇവരുടെ വിരലടയാളം ശേഖരിക്കാന്‍ സാധ്യമല്ല. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഇവര്‍ക്കും ബാധകമാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്നും ബെഹ്‌റ പറഞ്ഞു.