കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ പിടിയിലാകുമ്പോഴും സംശയങ്ങള്‍ തീരാതെ പോലീസ്. കൊലപാതക സമയത്ത് അമീറുള്ളിനൊപ്പം ഒരാള്‍ കൂടിയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുള്ളതായാണ് സൂചനകള്‍.

വൈകുന്നേരം നാലരയോടെയാണ് ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയതെന്ന പ്രതിയുടെ മൊഴി മാത്രമാണ് ഇതുവരെ പോലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നത്. നാലരയോടെ ജിഷയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടെന്ന അയല്‍വാസി നന്ദകുമാറിന്റെ മൊഴിയും ഇത് ശരിവെക്കുന്നുണ്ട്. അമീറുള്‍ മുമ്പും പലതവണ ജിഷയെ കാണാനായി വീടിന്റെ പരിസരത്ത് എത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ സമയത്ത് സുഹൃത്ത് കൂടെയുണ്ടായിരുന്നോ എന്ന കാര്യത്തിലും പോലീസിന് വ്യക്തത വരുത്താനായിട്ടില്ല. 

ജിഷയുമായുള്ള പ്രതിയുടെ പരിചയം സംബന്ധിച്ച കൃത്യമായ വിവരം കിട്ടാത്തതാണ് പോലീസിനെ കുഴക്കുന്ന പ്രധാന ഘടകം. ജിഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് അമീറുള്‍ പോലീസിന് മൊഴി നല്‍കിയതെന്നാണ് ദ്വിഭാഷി പറയുന്നത്. തന്നെ പലപ്പാഴും ജിഷ പരിഹസിച്ചിരുന്നുവെന്നും അമീറുള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും പൂര്‍ണമായി പോലീസ് വിശ്വസിച്ചിട്ടില്ല. മൊഴികളിലെ വൈരുധ്യം പ്രതി യഥാര്‍ഥ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസിനെ എത്തിച്ചിരിക്കുന്നത്. 

ജിഷയുടെ പിതാവിന്റെ മൊഴി
 

അമീറുള്‍ മാത്രമല്ല കൊലപാതകത്തിന് പിന്നിലുള്ളതെന്ന് ഉറപ്പിച്ച് പറയുന്ന ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴികളും പോലീസിനെ കുഴക്കുന്നുണ്ട്. പാപ്പുവിന്റെ പരാതി പരിഗണിച്ചിട്ടുണ്ടെന്നും കേസ് അന്വേഷണം പൂര്‍ണമായിട്ടില്ലെന്നും ഡി.ജി.പി. പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 'ഇതാണ് താന്‍ ആരെയും വിശ്വസിക്കാത്തത്' എന്ന ജിഷയുടെ അവസാന വാചകവും മറ്റൊരാളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നാണ് പാപ്പു പറയുന്നത്. വീട്ടിനുള്ളില്‍ നിന്ന് ജിഷ പറഞ്ഞ ഈ വാചകത്തിന്റെ സത്യം അറിയലും പോലീസിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. 

ക്രൂരപീഡനം വെളിവാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

അമീറുള്‍ ജിഷയെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ചാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അമീറുളിന്റെ ലൈംഗിക ഇംഗിതത്തിന് വഴങ്ങാത്തതുകൊണ്ടാണ് ജിഷയെ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്. ജിഷയെ എങ്ങനെയെങ്കിലും കീഴ്പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. ജിഷയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് തറയില്‍ വീഴ്ത്തി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു. 

ജിഷയില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്നാണ് കത്തി കൊണ്ട് കുത്തിയത്. ഇംഗിതം നടക്കാത്തതിലുള്ള കടുത്ത വിദ്വേഷം മൂലം ജിഷയുടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി ആന്തരാവയവങ്ങള്‍ പുറത്തുചാടത്തക്ക വിധം മാരകമായി പരിക്കേല്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ ജിഷ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് പ്രതി അവിടെ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുഹൃത്തിനെ തേടി അസമില്‍

ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ തേടി പോലീസ് അസമില്‍.  ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം.അമീറുള്ളിനൊപ്പം പല സമയത്തുണ്ടായിരുന്നതായി പറയുന്ന ഈ സുഹൃത്തിനെ കണ്ടെത്തിയാല്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ജിഷയുടെ വീട്ടില്‍ എത്തുന്ന സമയത്ത് സുഹൃത്ത് അമീറുള്ളിനെ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്.

ജിഷയെ തേടി ഇതിനു മുമ്പ് അമീറുള്‍ വീട്ടു പരിസരത്ത് എത്തിയപ്പോഴും സുഹൃത്ത് കൂടെയുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ജിഷയുടെ വീട് നിര്‍മാണം നടക്കുന്ന സമയത്ത് ഇരുവരും ചേര്‍ന്ന് അവിടെ ചെന്നിരുന്നുവെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോന്ന അമീറുള്ളിന് കേരളത്തില്‍ വെച്ചാണ് ഈ സുഹൃത്തിനെ ലഭിച്ചതെന്നാണ് പോലീസ് കരുതുന്നത്.