കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ അസമില്‍ കേസുകളൊന്നുമില്ല. സ്ഥിരം മദ്യപാനിയായ ഇയാള്‍ വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നു. നാട്ടിലും മദ്യപിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പോലീസ് സ്റ്റേഷനില്‍ ഇതുവരെ കേസുകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൊറിയന്‍ കമ്പനിയില്‍ ഇയാള്‍ ജോലി ചെയ്തത് എട്ട് ദിവസം മാത്രമായിരുന്നെന്നും വ്യക്തമായിട്ടുണ്ട്.

അസമിലെ നൗഗ ജില്ലയിലെ ഡോള്‍ഡ എന്ന ഗ്രാമത്തിലാണ് അമീറുളിന്റെ വീട്. കര്‍ഷകനായിരുന്ന നസിമുദ്ദീന്റെയും ഖദീജയുടെയും മകനായ അമീറുളിന് നാല് സഹോദരിമാരടക്കം ഏഴ് സഹോദരങ്ങളുമുണ്ട്. പ്രൈമറി ക്ലാസില്‍ തന്നെ പഠനം നിര്‍ത്തി പിതാവിനൊപ്പം കൃഷിപ്പണിക്കിറങ്ങിയെങ്കിലും അത് ഒരുപാട് നാള്‍ തുടര്‍ന്നില്ല. കുടുംബവുമായി വഴക്കിട്ടാണ് ഇയാള്‍ കേരളത്തിലേക്ക് വന്നത്. ഏഴു വര്‍ഷം വീട്ടിലേക്ക് പോകാതെ നിന്ന അമീറുള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാട്ടിലെത്തിയിരുന്നു.

രണ്ടാമത്തെ വരവില്‍ അമീറുള്‍ ഒരാഴ്ച വീട്ടില്‍ നിന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സമയത്തും ഇയാള്‍ മദ്യപാനത്തിനായി പണം ചോദിച്ച് വീട്ടുകാരുമായി വഴക്കിട്ടിരുന്നു. അയല്‍വാസികളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. അമീറുളിനു പിന്നാലെ സഹോദരനും കേരളത്തിലേക്ക് വന്നതായി പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകും മുമ്പേ വിവാഹിതനായ അമീറുള്‍ 20-ാം വയസ്സില്‍ മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തിരുന്നു.

കാഞ്ചീപുരത്ത് അമീറുള്‍ എത്തിയത് യഥാര്‍ത്ഥ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുമായാണെന്നും വ്യക്തമായിട്ടുണ്ട്. പ്രതിദിനം 250 രൂപ നിരക്കിലാണ് ഇയാള്‍ ഇവിടെ ജോലിക്ക് കയറിയത്. ജോലി അന്വേഷിച്ചെത്തിയ അമീറുള്‍ കമ്പനിയുടെ വാതില്‍ക്കല്‍ നിന്ന് യാചിക്കുകയായിരുന്നെന്ന് ജോലിക്കെടുത്ത കരാറുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കമ്പനിയില്‍ നിന്ന് രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അമീറുള്‍ പോലീസിന്റെ പിടിയിലാകുന്നത്.