കൊച്ചി: ജിഷയെ കൊന്നത് വൈകുന്നേരം നാലര മണിക്ക് ശേഷമാണെന്ന് പ്രതി അമീറുള്‍ ഇസ്ലാമിന്റെ മൊഴി. പോലീസ് ക്ലബ്ബില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അമീറുള്‍ കുറ്റം സമ്മതിച്ച് ഈ മൊഴി നല്‍കിയത്. ബലാത്സംഗ ശ്രമത്തിനിടെ ജിഷയില്‍ നിന്ന് അമീറുളിന്റെ ഇടതുകൈയില്‍ കടിയേറ്റിരുന്നു. ഇതുള്‍പ്പെടെ ഏഴ് മുറിവുകള്‍ പ്രതിയുടെ ശരീരത്തില്‍ ഉള്ളതായും വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ മുന്നിലും അമീറുള്‍ കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകം നടന്ന ദിവസത്തെ ഓരോ സംഭവവും പോലീസ് അമീറുളില്‍ നിന്ന് വിശദമായി ശേഖരിച്ചിട്ടുണ്ട്. തന്റെ ഓരോ നീക്കവും അമീറുള്‍ വിവരിച്ചത് പോലീസ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം രാവിലെ അമീറുള്‍ ജിഷയുടെ വീട്ടിലെത്തിയിരുന്നു. ആ സമയത്ത് ജിഷ ചെരിപ്പ് കാണിച്ച് ഓടിച്ചുവിട്ടതിന്റെ ദേഷ്യത്തിലാണ് വൈകുന്നേരം വീണ്ടും ജിഷയുടെ വീട്ടിലെത്തിയതെന്നും അമീറുള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വൈകുന്നേരം നാലര മണിയോടെ അമീറുള്‍ ജിഷയുടെ വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മുന്‍വാതിലിലൂടെയാണ് അമീറുള്‍ അകത്തേക്ക് കടന്നത്. വീട്ടിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജിഷയെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരിപ്പ് ഊരി ജിഷ അമീറുളിനെ അടിച്ചു. അടിയേറ്റതിന്റെ ദേഷ്യത്തില്‍ അമീറുള്‍ ജിഷയുടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചു. അതിന്റെ വേദനയില്‍ ജിഷ അമീറുളിന്റെ ഇടതുകൈയില്‍ കടിച്ചു. ഇതോടെയാണ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജിഷയെ കുത്തിയതെന്നാണ് അമീറുള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അമീറുളിന്റെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് ജിഷ കടിച്ചത്. ഇതുള്‍പ്പെടെ ഏഴ് മുറിവുകളാണ് അമീറുളിന്റെ ശരീരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമീറുളിന്റെ കൈയിലെ മുറിവില്‍ നിന്നുള്ള രക്തമാണ് ജിഷയുടെ വീടിന്റെ വാതില്‍ കൊളുത്തില്‍ കണ്ടെത്തിയത്. ഇത് അന്വേഷണ സംഘം പരിശോധനയ്ക്ക് അയച്ചിരുന്നു. ഡോക്ടര്‍മാരുടെ സംഘം ആലുവ പോലീസ് ക്ലബ്ബിലെത്തിയാണ് അമീറുളിന്റെ വൈദ്യ പരിശോധന നടത്തിയത്.

കൊലപാതകത്തിനു ശേഷം അഞ്ചേകാലോടെ തന്റെ താമസസ്ഥലത്ത് തിരിച്ചെത്തിയെന്നാണ് അമീറുള്‍ മൊഴി നല്‍കിയിരിക്കുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അമീറുള്‍ മദ്യപിച്ച നിലയില്‍ മുറിയിലുണ്ടായിരുന്നെന്ന് കൂടെ താമസിച്ചിരുന്നവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമിതമായി മദ്യപിക്കാതെയാണ് ജിഷയുടെ വീട്ടിലേക്ക് പോയതെന്നാണ് അമീറുള്‍ പോലീസിനോട് പറഞ്ഞത്.