• അമീറുളിനെ ജില്ലാ ജയിലിലേക്ക് മാറ്റി
  • ജയിലില്‍ തിരിച്ചറിയില്‍ പരേഡ് നടത്തും
  • കസ്റ്റഡി അപേക്ഷ കോടതി പിന്നീട് പരിഗണിക്കും
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.
 
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. തിരിച്ചറിയില്‍ പരേഡിന് അപേക്ഷ നല്‍കിയ പോലീസിന് കോടതി അതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ജയിലില്‍ വെച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. അതിനു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.

അമീറുളിന്റെ ആവശ്യപ്രകാരം അഡ്വ. പി. രാജനെ കോടതി, പ്രതിയുടെ അഭിഭാഷകനായി നിയോഗിച്ചു. പോലീസിനെക്കുറിച്ച് പരാതി വല്ലതുമുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു പ്രതിയുടെ ഉത്തരം. ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇരുപത് മിനിട്ടിനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ്സംഘം പ്രതിയുമായി മടങ്ങി.

വെള്ളിയാഴ്ച വൈകുന്നേരം 4.40നാണ് പ്രതി അമീറുള്‍ ഇസ്ലാമിനെ കനത്ത സുരക്ഷയില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. നാല് പോലീസ് ബസ്സുകളുടെ അകമ്പടിയോടെ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് പ്രതിയെ പോലീസ് കോടതിയിലെത്തിച്ചത്. കോടതിക്കുള്ളിലെ തിക്കിലും തിരക്കിനുമിടയിലൂടെ പ്രതിയെ പോലീസ്സംഘം ആദ്യം ജഡ്ജി വി. മഞ്ജുവിന്റെ ചേംബറിലാണ് എത്തിച്ചത്. അതിനു ശേഷം പോലീസ് സംഘത്തിന്റെ കാവലില്‍ തന്നെ അമീറുലിനെ പ്രതിക്കൂട്ടിലേക്ക് കൊണ്ടുവന്നു നിര്‍ത്തി. നേരത്തെ ആലുവയിലെ പോലീസ് ക്ലബ്ബില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുവന്നത്.

കൊലപാതകം നടത്തിയതും അവിടെ നടന്ന സംഭവങ്ങളും സമയക്രമത്തില്‍ പ്രതി പോലീസിനോട് വിശദീകരിച്ചിട്ടുണ്ട്. കൊലപാതകത്തിനായി ജിഷയുടെ വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ഒരു സുഹൃത്തുമൊത്ത് ഭക്ഷണം കഴിച്ചതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ചിരുന്നെന്നും ഒരു കുപ്പി മദ്യം കൈയില്‍ കരുതിയാണ് ജിഷയുടെ വീട്ടിലെത്തിയതെന്നും അമീറുള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായാണ് സൂചനകള്‍. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പിടിയിലായ അമീറുലിനെ വ്യാഴാഴ്ച വൈകുന്നേരമാണ് അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചത്. വെള്ളിയാഴ്ച പുലര്‍െച്ചവരെ ഇവിടെവെച്ച് അന്വേഷണ സംഘം ഇയാളെ ചോദ്യംചെയ്തിരുന്നു. ദ്വിഭാഷിയായ ബംഗാള്‍ സ്വദേശി ലിപ്റ്റണ്‍ വിശ്വാസിന്റെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യല്‍.

ലിപ്റ്റണ്‍ തന്നെയാണ് വെള്ളിയാഴ്ച കോടതിയിലും ദ്വിഭാഷിയായി എത്തിയിരുന്നത്. പോലീസ് ക്ലബ്ബില്‍ അമീറുളിന്റെ വൈദ്യപരിശോധനയും നടത്തിയിരുന്നു. ആദ്യം ആലുവ താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ വൈദ്യസംഘത്തെ ക്ലബ്ബിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.