കൊച്ചി: ജിഷ വധക്കേസില്‍ കൊലയാളി പോലീസിന്റെ പിടിയിലായെങ്കിലും ചില ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു. പൂര്‍ണമാകാത്ത കഥപോലെയാണ് ജിഷ വധക്കേസ് അന്വേഷണവും അതിന്റെ ക്ലൈമാക്‌സുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 
ഇതുവരെ അജ്ഞാതനായി തുടര്‍ന്ന അന്യസംസ്ഥാനക്കാരനായ പ്രതി പെട്ടെന്ന് കീഴടങ്ങിയ മട്ടിലാണ് കാര്യങ്ങള്‍ വന്നിരിക്കുന്നത്. എവിടെ നിന്നാണ് പ്രതി കസ്റ്റഡിയിലായതെന്ന് കൃത്യമായി പോലീസ് പറയുന്നില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതും സാങ്കേതിക കാരണം പറഞ്ഞ് പോലീസ് നീട്ടിക്കൊണ്ടുപോകുകയാണ്.

അറസ്റ്റിലായ അമീറുള്‍ ഇസ്ലാം ജിഷയുടെ പരിചയക്കാരനായിരുന്നുവെന്ന് പോലീസ് പറയുന്നുണ്ട്. കൃത്യം നടത്തിയശേഷം ഇയാള്‍ അസമിലേക്ക് കടന്നുവെന്ന് പറയുന്ന പോലീസ് അന്യസംസ്ഥാനങ്ങളില്‍ സമഗ്രമായ അന്വേഷണവും നടത്തിയിരുന്നു. എന്നിട്ടും പ്രതി വലയിലാകാന്‍ ഇത്ര താമസിച്ചത് എങ്ങനെയാണെന്നതില്‍ ദുരൂഹത.

കൊലപാതകം നടന്ന 28നും പിറ്റേന്നും നാടുവിട്ടവരുടെ മുഴുവന്‍ പട്ടികയും പോലീസ് ശേഖരിച്ചിരുന്നു. എന്നിട്ടും അമീറുള്‍ പോയ കാര്യം പോലീസിന് കണ്ടെത്താനായില്ല. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പുറത്തുപറയുന്ന പോലീസ് ഇയാളുടെ മൊഴി വിശദമാക്കുന്നില്ല.
സംഭവദിവസം രാവിലെ ജിഷ എവിടെയാണ് പോയത് ?, ജിഷയുടെ വയറ്റില്‍ കണ്ടെത്തിയ ഹോട്ടല്‍ ഭക്ഷണം ആരാണ് നല്‍കിയത് ?, ജിഷയെ കൊലപ്പെടുത്താനുള്ള പ്രേരണയായി പ്രതി പറയുന്ന നിസ്സാര കാരണങ്ങള്‍ യഥാര്‍ത്ഥമാണോ ?... ഈ ചോദ്യങ്ങള്‍ക്കൊന്നും പോലീസിന് ഉത്തരം കിട്ടിയിട്ടില്ല.

അമീറുളിനെ കുളിക്കടവില്‍ വെച്ച് ഒരു സ്ത്രീ തല്ലിയതു കണ്ട് ജിഷ ചിരിച്ചുവെന്നത് ശരിയല്ലെന്ന് പറയുന്നുണ്ട്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജിഷ ഈ കടവില്‍ കുളിക്കാന്‍ വരാറുണ്ടായിരുന്നു. അവിടെത്തന്നെയാണ് പലപ്പോഴും വസ്ത്രങ്ങള്‍ അലക്കിയിരുന്നതും. എന്നാല്‍, അമീറുളുമായി വഴക്കിടാവുന്ന ഒരു സാഹചര്യം ഒരിക്കലും ഇവിടെയുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതിയും ജിഷയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ പരിചയമോ ബന്ധമോ ഉണ്ടായിരുന്നുവോ എന്നതും പോലീസ് വ്യക്തമാക്കുന്നില്ല. പ്രതി പറയുന്ന അസമീസ് ഭാഷ മനസ്സിലാക്കാന്‍ പരിഭാഷകനെ ഉപയോഗിച്ചാണ് മൊഴിയെടുക്കുന്നത്. അസമീസ് മാത്രം അറിയുന്ന അമീറുളുമായി ജിഷ സംസാരിച്ചത് എങ്ങനെയായിരുന്നെന്ന ചോദ്യത്തിനും ഉത്തരമില്ല. 'ഇതാണ് ഞാന്‍ ആരെയും വിശ്വസിക്കാത്തത്' എന്ന് ജിഷ അവസാനമായി പറഞ്ഞ മലയാളം വാക്കുകള്‍ അമീറുളിനോടായിരുന്നോയെന്ന ചോദ്യവും ഉത്തരം കിട്ടാതെ ബാക്കിയാകുന്നു.