ലയാളത്തിലെ അമൂല്യ കൃതികള്‍ വിരല്‍ത്തുമ്പിലെത്തിച്ച് വിക്കി ഗ്രന്ഥശാലയുടെ സന്നദ്ധകൂട്ടായ്മ ഒരുക്കുന്ന വായനലോകം വികസിക്കുന്നു. ഇതുവരെ പതിനെണ്ണായിരത്തോളം കൃതികളും നാല്‍പ്പതിനായിരം പേജുകളും വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാക്കിക്കഴിഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാമേഖലകളില്‍നിന്നുമുള്ളവര്‍ പഴയ കൃതികള്‍ ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ എത്തിക്കുന്നു. ഇന്റര്‍നെറ്റുള്ള ആര്‍ക്കും സൗജന്യമായി വായിക്കാനാകും എന്നതാണ് വിക്കി ഗ്രന്ഥശാല നല്‍കുന്ന സൗകര്യം. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയാണ് ഏറ്റവും ഒടുവില്‍ ഇതിലേക്ക് ചേര്‍ത്ത പുസ്തകങ്ങളിലൊന്ന്. 

മാര്‍ത്താണ്ഡവര്‍മ്മ കൂടി പൂര്‍ത്തിയായതോടെ സി.വി. രാമന്‍പിള്ളയുടെ പ്രധാന മൂന്നുനോവലുകളും പൂര്‍ണ്ണമായും വിക്കി മലയാളത്തില്‍ വന്നു കഴിഞ്ഞു. ധര്‍മ്മരാജയും രാമരാജാബഹദൂറും മുമ്പുതന്നെ ഇതില്‍ ചേര്‍ത്തിരുന്നു. അന്വേഷിച്ചു കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പഴയ പുസ്തകങ്ങള്‍ വിക്കി ഗ്രന്ഥശാലയില്‍ ധാരാളമുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടും മുമ്പുതന്നെ വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തിരുന്നു.

ചരിത്രം, ഭക്തി, സാഹിത്യം, അറിവ് എന്നിങ്ങനെ വായനയുടെ ഏതു വഴിയിലേക്കുമുള്ള പുസ്തക കവാടം ഇവിടെയുണ്ട്. 1920ല്‍ പി.വി. കൃഷ്ണവാര്യര്‍ രചിച്ച ആര്യവൈദ്യ ചരിത്രവും 1892 ല്‍ കടത്തനാട്ട് ഉദയവര്‍മ്മ രചിച്ച ഹസ്തലക്ഷണ ദീപികയും ഇവിടെ വായിക്കാം. ഉള്ളൂര്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, അപ്പു നെടുങ്ങാടി തുടങ്ങിയ എഴുത്തുകാരുടെ കൃതികളെല്ലാം ഇതിലുണ്ട്. മലയാള ഭാഷയെ നവീകരിക്കാനുള്ള ഈ സംരംഭത്തില്‍ കൂടുതല്‍ ആളുകളുടെ സേവനം സംഘാടകര്‍ ആവശ്യപ്പെടുന്നുണ്ട്.  സര്‍ക്കാര്‍ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം കൃതികളുടെ ഡിജിറ്റല്‍വത്കരണത്തിനായി ഇവര്‍ക്കു ലഭിക്കുന്നില്ല. സാഹിത്യ അക്കാദമി മാത്രമാണ് സഹകരിക്കുന്നത്. വായന ശാലകള്‍കൂടി സഹകരിക്കുകയാണെങ്കില്‍ കൂടുതല്‍ എളുപ്പത്തില്‍ കൂടുതല്‍ പുസ്തകങ്ങളും അറിവുകളും ഡിജിറ്റല്‍ മലയാളത്തിലേക്കു മാറ്റാനാകുമെന്ന് വിക്കി മലയാളം സംഘാടകര്‍ പറയുന്നു.