Marginപുസ്തകങ്ങളുടെ മാര്‍ജിനുകളില്‍ വായനക്കാര്‍ക്ക് ഒരു സ്വകാര്യ ജീവിതമുണ്ട്. അദൃശ്യവിനിമയവും ഏകാന്തസംഭാഷണവും സ്വപ്നജീവിതവുമായ വായനയില്‍ നിശ്ശബ്ദരാണെങ്കിലും അവര്‍ക്ക് അഭിപ്രായങ്ങളുണ്ട്, യോജിപ്പുകളും വിയോജിപ്പുകളും. ലിപികളുടെ വിപിനമായ പുസ്തകത്താളില്‍ നിശ്ശബ്ദതയ്ക്കുള്ളിലെ ആ തീവ്രശബ്ദങ്ങള്‍ വെളിപ്പെടുത്താന്‍ എവിടെയാണ് ഇടം, മാര്‍ജിനുകളല്ലാതെ. അതിനാല്‍ അവര്‍, വായനക്കാര്‍ മാര്‍ജിനുകളില്‍ എഴുതുന്നു. ഇടത്തും വലത്തും മുകളിലും താഴെയുമായി ഓരോ പേജിലുമുള്ള ആ ശൂന്യസ്ഥലങ്ങള്‍ വായനക്കാരുടെ കളിക്കളങ്ങളും ധ്യാനാലയങ്ങളും ചിന്താമുറികളുമാണ്. കുനുകുനുത്ത അക്ഷരങ്ങളായി, വരകളും കുറികളും പുള്ളിക്കുത്തുകളും ഗണിത പ്രതീകങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആ ചിഹ്നഭാഷയില്‍ പുസ്തകവും വായനക്കാരുമായുള്ള സംവാദരഹസ്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ 'കോഡു'കളോരോന്നും ഓരോ വാതിലാണ്. ഓരോന്നിനുമുണ്ട് എഴുതിയവര്‍ക്കുമാത്രം മനസ്സിലാകുന്ന അര്‍ത്ഥങ്ങള്‍. ചിലത് ഓര്‍മകളെ വീണ്ടെടുത്തുകൊണ്ടുവരുന്നു. മറ്റു ചിലത് ഏതൊക്കെയോ പാരായണസന്ദര്‍ഭങ്ങളിലെ ആനന്ദങ്ങളിലേക്കും സന്ദേഹങ്ങളിലേക്കും ചൂണ്ടുവിരലുയര്‍ത്തുന്നു. മാര്‍ജിനുകളിലെ എഴുത്തുകള്‍ വായനക്കാര്‍ സ്ഥാപിക്കുന്ന ശിലാശാസനങ്ങളാണ്.

പുസ്തകത്താളിന്റെ പവിത്രധവളതയെ ഗ്രസിക്കുന്ന ആ രാഹുകേതുക്കള്‍, മഷിക്കളങ്കങ്ങള്‍ ആ പുസ്തകത്തില്‍ താന്‍ ജീവിക്കുകയും ആനന്ദിക്കുകയും സമരം ചെയ്യുകയും തര്‍ക്കിക്കുകയും അലിഞ്ഞുചേരുകയും ചെയ്യുകയായിരുന്നുവെന്ന് ഒരു വായനക്കാരനോ വായനക്കാരിയോ നടത്തുന്ന പ്രഖ്യാപനമാണ്. ഒരു അവകാശപ്രഖ്യാപനം. ഫ്രഞ്ച് നോവലിസ്റ്റും പദപ്രശ്നനിര്‍മാതാവുമായിരുന്ന ഷോര്‍ഷെ പെരക് (Georges Perec) എഴുതി:

'ഞാന്‍ എഴുതും: എന്റെ കടലാസുതാളില്‍ ഞാന്‍ പാര്‍ക്കും, ഞാനതില്‍ നിക്ഷേപം നടത്തും, അതിലൂടെ ഞാന്‍ സഞ്ചരിക്കും. ഞാന്‍ ശൂന്യതകളെ പ്രചോദിപ്പിക്കും, ഇടങ്ങളെ (അര്‍ത്ഥത്തിലേക്കു കുതിക്കും: ഇടര്‍ച്ചകള്‍, അവസ്ഥാന്തരങ്ങള്‍, സ്വരസ്ഥാനമാറ്റങ്ങള്‍). 
ഞാന്‍ മാര്‍ജിനില്‍ എഴുതും.'

പുസ്തകങ്ങളുടെ മാര്‍ജിനില്‍ വായനക്കാര്‍ നടത്തുന്ന എഴുത്തിനെ 'മാര്‍ജിനാലിയ' എന്നു വിളിക്കാം. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിയും നിരൂപകനുമായിരുന്ന സാമുവല്‍ ടെയ്ലര്‍ കോള്‍റിജ് ആണ് ആ വാക്ക് ഇംഗ്ലീഷിലേക്കു കൊണ്ടുവന്നത്, ലത്തീനില്‍ നിന്ന്. ആംഗലേയ കാല്പനിക കവിതയ്ക്ക് വില്യം വേര്‍ഡ്സ്വര്‍ത്തിനൊപ്പം 'ലിറിക്കല്‍ ബാലഡ്സി'ലൂടെ ഹരിശ്രീകുറിച്ച, 'പ്രാചീനനാവികന്റെ ഗീത' (Rhyme of the Ancient Mariner) മെഴുതിയ അതേ കോള്‍റിജ്. താന്‍ വാങ്ങി വായിച്ച പുസ്തകങ്ങളുടെ മാര്‍ജിനുകളിലെല്ലാം തന്റെ അഭിപ്രായതീവ്രതകളും നിരീക്ഷണസൂക്ഷ്മതകളും കോള്‍റിജ് എഴുതിനിറച്ചു. മഷിയുടെ ചന്ദനലേപത്താല്‍ ചിത്രാലങ്കൃതമായ ആ താളുകള്‍ വായനയുടെ ആന്തരിക ഭൂഭാഗദൃശ്യമായി മാറി. സാഹിത്യവിചാരത്തിന്റെ ചിത്രപടങ്ങള്‍. കവിയുടെ സ്വഭാവമറിയുന്ന മിത്രങ്ങള്‍ തങ്ങളുടെ പുസ്തകങ്ങള്‍ നല്‍കി. ചാള്‍സ് ലാംബ് ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു അങ്ങനെ കോള്‍റിജിന്റെ മാര്‍ജിനാലിയ ശേഖരിച്ചവരില്‍. 1819 നവമ്പറില്‍ ബ്ലാക്ക് വൂഡ്സ് മാഗസിനില്‍ സര്‍ തോമസ് ബ്രൗണിനെ പറ്റിയുള്ള തന്റെ മാര്‍ജിനാലിയ കോള്‍റിഡ്ജ് പ്രസിദ്ധീകരിച്ചു. മാര്‍ജിനാലിയ എന്ന വാക്ക് ഇംഗ്ലീഷിലേക്ക് വന്നത് ആ ലേഖനത്തിലൂടെയാണ്.. ലത്തീന്‍ ഭാഷയില്‍ നിന്നാണ് കോള്‍റിജ് ആ പദം സ്വീകരിച്ചത്, 'മാര്‍ജിനില്‍' എന്നര്‍ത്ഥമുള്ള marginalis ല്‍ നിന്ന്. കോള്‍റിജ് അനേകം പുസ്തകങ്ങളിലായി എഴുതിക്കൂട്ടിയ മാര്‍ജിനാലിയ ആറുവാല്യമായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോര്‍ജ് വെയ്ലിയും എച്ച്.ജെ.ജാക്സണും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച കോള്‍റിജിന്റെ സമ്പൂര്‍ണകൃതികളുടെ പരമ്പരയിലാണ് അവയുള്ളത്. കോള്‍റിജ് മാത്രമല്ല ഇംഗ്ലീഷിലെ പ്രസിദ്ധരായ പല എഴുത്തുകാരും ചിന്തകരും മാര്‍ജിനാലിയക്കാരായിരുന്നു. അത് അവരുടെ വഴി.

പുസ്തകങ്ങളില്‍ എഴുതുന്നതും വരയ്ക്കുന്നതും എന്നും കുറ്റകരമായിരുന്നു. അങ്ങനെ ചെയ്യുന്നവരെ അക്രമികളായും അത്തരം പുസ്തകങ്ങളെ ഉപയോഗശൂന്യങ്ങളായും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല മാര്‍ജിനാലിയക്ക് അതിന്റെ സ്വഭാവമനുസരിച്ച് വിലയുണ്ട്. പുസ്തകത്താളുകളില്‍ അവഹേളനവും അശ്ലീലവുമെഴുതി നിറയ്ക്കുന്നവരെയും താളുകള്‍ കീറിമാറ്റുന്നവരെയും കുറിച്ചല്ല പറഞ്ഞുവരുന്നത്. മാര്‍ജിനിലെ എഴുത്ത് സ്വതന്ത്രമായ ചിന്തയോ നിരൂപണമോ ആത്മാവിന്റെ ഛായാപടനിര്‍മാണമോ ഒക്കെയായിത്തീരുന്ന ചില നിമിഷങ്ങളുണ്ട്. അവയ്ക്കിടയില്‍ നിന്ന് അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടും. മഷിയുടെ കളങ്കങ്ങളല്ലാതായിത്തീരുന്ന ചില ആത്മാവിഷ്‌കാരങ്ങള്‍.

ഗലീലിയോ ഗലീലി സൂര്യകളങ്കങ്ങളെപ്പറ്റി 1613-ല്‍ എഴുതിയ Istoria e dimostrazioni intorno alle macchie solari എന്ന പുസ്തകത്തിന്റെ ഒരു പ്രതി 1998-ല്‍ ബ്രിട്ടീഷ് ലൈബ്രറി സ്വന്തമാക്കി. ആ അപൂര്‍വഗ്രന്ഥത്തിന്റെ ലഭ്യമായ രണ്ടാമത്ത പ്രതിയായിരുന്നു അത്. പുസ്തകം പ്രസിദ്ധീകരിച്ച പതിനേഴാം നൂറ്റാണ്ടിലെ ഏതോ അജ്ഞാതനായ വായനക്കാരന്‍ അല്ലെങ്കില്‍ വായനക്കാര്‍ ഓരോ പേജിലും മാര്‍ജിന്‍ മുഴുവന്‍ കുറിപ്പുകളെഴുതി നിറച്ചു വായനയെ ഗാഢമാക്കിയ പുസ്തകമായിരുന്നു അത്. അര്‍ത്ഥമെന്തെന്നുപോലും വ്യക്തമല്ലാത്ത ആ മാര്‍ജിനാലിയയെ ഗലീലിയോയുടെ പുസ്തകത്തോടുണ്ടായ സമകാലിക പ്രതികരണമായി വിലയിരുത്തിയാണ് ബ്രിട്ടീഷ് ലൈബ്രറി വന്‍വിലയ്ക്ക് അതുവാങ്ങിയത്. പാരായണ കളങ്കങ്ങളായല്ല ആ മഷിപ്പാട്ടുകള്‍ സ്വീകരിക്കപ്പെട്ടതെന്നു സാരം. എല്ലാ പുസ്തകങ്ങളിലെയും മാര്‍ജിനാലിയകള്‍ക്ക് ഇങ്ങനെയുള്ള സൗഭാഗ്യമുണ്ടാവില്ല. മുഷിഞ്ഞ പുസ്തകങ്ങള്‍ മാത്രമായി അവ ഉപേക്ഷിക്കപ്പെടും. പാരായണഗാഢതയില്‍ നിന്നോ പാരായണപ്രിയതയില്‍ നിന്നോ പിറന്ന മാര്‍ജിനാലിയ നിറഞ്ഞ പുസ്തകങ്ങള്‍ പഴയപുസ്തകക്കടകളിലേക്ക് ഉപേക്ഷിക്കപ്പെടാറില്ലല്ലോ?

മാര്‍ജിനെഴുത്തിലും കാര്യമുണ്ടെന്നു മനസ്സിലാക്കിയ യൂറോപ്യന്‍, അമേരിക്കന്‍ ലൈബ്രറികള്‍ പലതും വലിയ മാര്‍ജിനാലിയ ശേഖരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് സര്‍വകലാശാലയാണ് പണ്ടേ അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പണ്ഡിതന്മാരുടെ നോട്ടുബുക്കുകള്‍ അഥവാ 'അഡ്വെഴ്സറിയ' (adversaria -യൂറോപ്യന്‍ നവോത്ഥകാലത്തെ പ്രയോഗങ്ങളിലൊന്നാണത്) കളും വായനക്കാര്‍ കുറിപ്പുകള്‍ എഴുതിയ പുസ്തകങ്ങളും കേംബ്രിഡ്ജ് ശേഖരിച്ചിരുന്നു. 1864-ല്‍ കേംബ്രിഡ്ജ് ലൈബ്രറിയിലെ ഹെന്‍ട്രി ലുവാര്‍ഡ് എന്നൊരാള്‍ അത്തരം പുസ്തകങ്ങളുടെ ഒരു കാറ്റലോഗുതന്നെ (Catalogue of Adversaria and Printed Books Contained Manuscript Notes, Preserved in the Library of the University of Cambridge) പ്രസിദ്ധപ്പെടുത്തി. കേംബ്രിഡ്ജ് സര്‍വകലാശാലാ ലൈബ്രറിയിലെ റീഡിങ് റൂമിലുള്ള ഓരോ മേശപ്പുറത്തും 'Marking of Books is FORBIDDEN' എന്ന ബോര്‍ഡുവച്ചിട്ടുള്ളതു വേറെ കാര്യം. റോബിന്‍ അതല്‍സ്റ്റണ്‍ എന്ന ലൈബ്രേറിയന്‍ ഒരു നൂറ്റാണ്ടിനുശേഷം, 1994-ല്‍ ബ്രിട്ടീഷ് ലൈബ്രറിയിലെ മാര്‍ജിനാലിയയെപ്പറ്റിയും ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. Books with Manuscripts: A Short Title Catalogue of Books with Manuscript Notes in the British Library'.

marginഅതൊക്കെ അവിടത്തെ കാര്യം. മാര്‍ജിനാലിയയെ മലയാളത്തില്‍ എങ്ങനെയാണു വിളിക്കുക - അരികെഴുത്ത്, താളരികെഴുത്ത്... അനുയോജ്യമായ ഒരു പദം പതിഞ്ഞുവരും വരെ മാര്‍ജിനാലിയ എന്നു തന്നെ വിളിക്കാം. മലയാളത്തിലെ മാര്‍ജിനാലിയയിലേക്കു നോക്കിയാലോ. അവ സൂക്ഷിച്ചു വച്ചിട്ടുള്ള ഒരു ലൈബ്രറിയുമില്ല കേരളത്തില്‍. എന്നാല്‍ ലൈബ്രറിപ്പുസ്തകങ്ങളില്‍ നിറയെ അവയുണ്ടുതാനും. മലയാളി വായനക്കാരുടെ ആ സ്വകാര്യജീവിതാവിഷ്‌കാരങ്ങള്‍ പലതരത്തിലാണ്. വായനശാലാ മാര്‍ജിനാലിയ, പാഠപുസ്തകമാര്‍ജിനാലിയ, പണ്ഡിതമാര്‍ജിനാലിയ, നിരൂപകമാര്‍ജിനാലിയ, ആസ്വാദകമാര്‍ജിനാലിയ തുടങ്ങിയ വകുപ്പുകളായി വിഭജിക്കാവുന്ന പലതരം അരികെഴുത്തുകള്‍.

ഗ്രാമീണ വായനശാലകളില്‍ പോയിട്ടുളളവര്‍ക്കറിയാം മാര്‍ജിനാലിയയുടെ നിന്ദയും സ്തുതിയും. പലരൂപങ്ങളില്‍ അശിക്ഷിതത്വത്തിന്റെ അടയാളമായ പ്രാകൃതാക്ഷരങ്ങളില്‍ അവ പ്രത്യക്ഷപ്പെടും. പുസ്തകം തനിക്കു രസിക്കാത്തതാണെങ്കില്‍, അല്ലെങ്കില്‍ തന്റെ ഇച്ഛയ്ക്കൊത്ത് ഇതിവൃത്തം വികസിച്ചിട്ടില്ലെങ്കില്‍ അസ്വസ്ഥരാകുന്ന ചില വായനക്കാര്‍ അവഹേളന പദാവലിയുമായി മാര്‍ജിനുകളിലും പുസ്തകാന്ത്യത്താളിലും പ്രത്യക്ഷപ്പെടും. ഗ്രന്ഥകാരനുവേറെ പണിയില്ലേ എന്നു ചോദിക്കുന്നവര്‍തൊട്ട് പിതൃശൂന്യതയാരോപിക്കുന്നവര്‍ വരെയുണ്ടാകും ആ അരികെഴുത്തുകാരില്‍. മറ്റു ചിലരാകട്ടെ പരിണാമഗുപ്തിയുടെ ഘാതകരാണ്. പഴയ ഡിറ്റക്ടീവ് നോവലുകളിലാണ് അവര്‍ പൊതുവേ പ്രത്യക്ഷപ്പെട്ടിരുന്നത്. കൊലപാതകകഥ അവതരിപ്പിക്കുന്ന സിനിമ കണ്ടിരിക്കുമ്പോള്‍ തിയേറ്ററിലെ ഇരുട്ടിലിരുന്ന് 'ഇവനാണു കൊന്നത്' എന്നു വിളിച്ചു പറയുന്ന അരസികനായ കാണിയെപ്പോലെ അവര്‍ അപസര്‍പ്പകനോവലിലെ പരിണാമഗുപ്തിയില്‍ മാര്‍ജിനുകളിലൂടെ ഇടപെടും. 124-ാം പേജ് കാണുക എന്നോ മറ്റോ ഉള്ള നിര്‍ദ്ദേശത്തിലൂടെ ദുര്‍ബലരായ വായനക്കാരെ അസ്വസ്ഥരോ പ്രലോഭിതരോ ആക്കി മാറ്റും. വേറെ ചിലര്‍ ലളിത വിമര്‍ശകരാണ്. ആസ്വാദകര്‍. പുസ്തകാന്ത്യത്തില്‍ 'ഗുഡ് ബുക്ക്', 'വെരിഗുഡ്ബുക്ക്', 'ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും നല്ലപുസ്തകം' തുടങ്ങിയ നിരൂപണസന്ദേശങ്ങളെഴുതി അവര്‍ പിന്‍വാങ്ങും. 

പാഠപുസ്തകങ്ങളിലെ മാര്‍ജിനാലിയകളില്‍ മുഴുവന്‍ പ്രതീക്ഷകളാണ്, പരീക്ഷയ്ക്കുവരുമെന്നു പ്രതീക്ഷിക്കുന്ന ഭാഗങ്ങളില്‍ നടത്തുന്ന ചിത്രപ്പണികള്‍. അടിവരയും പാര്‍ശ്വവരയും അതിലളിതപദങ്ങളുടെ പോലും അര്‍ത്ഥമെഴുത്തും ചെറുചിത്രങ്ങളുമായി നീളുന്ന നിഷ്‌കളങ്കമായ വിദ്യാര്‍ത്ഥിലോകമാണത്. പണ്ഡിത മാര്‍ജിനാലിയ ഗൂഢഭാഷയിലാവും മിക്കപ്പോഴും. അവനവനുമാത്രം മനസ്സിലാകുന്ന സൂചനകളിലൂടെ പുസ്തകവുമായി സംവദിക്കുന്നതാണ് അവിടത്തെ രീതി. ചിലര്‍ സംശയങ്ങളും ചോദ്യങ്ങളും വൈരുധ്യങ്ങളും മാര്‍ജിനില്‍ എഴുതി പുസ്തകവുമായി സംവാദത്തിലേര്‍പ്പെടും. 

മാര്‍ജിന്‍ വായനക്കാരന്റെയോ വായനക്കാരിയുടെയോ ജന്മാവകാശസ്ഥലമാണ്, ആ പുസ്തകം അയാളുടേതോ അവളുടേതോ ആണെങ്കില്‍. ഗ്രന്ഥശാലയിലെ പുസ്തകത്തിന്റെ മാര്‍ജിനില്‍ ആ സ്വകാര്യാവകാശമില്ല, പല മാര്‍ജിനാലിയക്കാരും അതോര്‍ക്കാറില്ലെങ്കിലും. സ്വന്തം പുസ്തകത്തിനുമേലുള്ള അവകാശസ്ഥാപനമായി മാര്‍ജിനാലിയയെ ചുരുക്കിക്കാണേണ്ടതില്ല. പുസ്തകവുമായി വായനക്കാരി/ന്‍ നടത്തുന്ന സംവാദത്തിന്റെ, ഏകാന്തഭാഷണത്തിന്റെ പ്രകാശനസ്ഥലമാണത്. വായനയുടെ ഒരു തീവ്രനിമിഷത്തില്‍, നിമിഷതീവ്രതയില്‍ പൊടുന്നനെ അനിശ്ചാപൂര്‍വമോ ഇച്ഛാപൂര്‍വമോ പൊട്ടിയുതിരുന്ന വിത്തുകളാണ് അവര്‍ അവിടെ വിതയ്ക്കുന്നത്. വെറും വായനക്കാരെ സംബന്ധിച്ച് അരികെഴുത്ത് പാരായണനിമിഷത്തിലെ വിചാരത്തിന്റെ ആവിഷ്‌കാരമായിരിക്കും, അധ്യാപകന് വരുംകാലങ്ങളില്‍ പഠിപ്പിക്കേണ്ട ആശയങ്ങളുടെ സൂചനയായിരിക്കും, നിരൂപകര്‍ക്ക് എഴുതാനിരിക്കുന്ന പ്രബന്ധത്തിലേക്കുള്ള വഴികാട്ടിയായിരിക്കും. ഏതായാലും പുസ്തകത്തിന്റെ മാര്‍ജിനുകള്‍ യഥാര്‍ത്ഥവായനക്കാരെ സംബന്ധിച്ച് ഒരു സംവാദസ്ഥലമാണ്. ഒരു പുസ്തകവുമായുള്ള അഭിമുഖീകരണത്തില്‍, ഇടപെടലില്‍ അവര്‍ തങ്ങളെത്തന്നെ നിക്ഷേപിക്കുന്ന, സ്വതന്ത്രരാക്കിത്തീര്‍ക്കുന്ന തുറസ്സ്.

മാര്‍ജിനുകളിലെ തുറസ്സുകള്‍ വായനക്കാര്‍ പാര്‍ക്കുന്ന ഇടങ്ങളാണ്. ചിലത് ഗ്രാമങ്ങളാവും മറ്റു ചിലത് തിരക്കേറിയ നഗരങ്ങളും. പുസ്തകത്തെ ഹൃദയംകൊണ്ടു മാത്രമല്ല തലച്ചോറുകൊണ്ടും ആലിംഗനം ചെയ്യുന്നവര്‍ക്ക് മാര്‍ജിനുകളില്‍ അവനവനെ ആവിഷ്‌കരിക്കാതിരിക്കാന്‍ വയ്യ. അത് സ്വാതന്ത്ര്യത്തിന്റെയും പാരായണാനുഭൂതിയുടെയും ഇടമാണ്.