സാഹിത്യകാരന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, സാമൂഹികചിന്തകര്‍, അഭിനേതാക്കള്‍, ഗായകര്‍, ചിത്രകാരന്മാര്‍-ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്? സംശയിക്കേണ്ട, സാഹിത്യകാരന്മാര്‍തന്നെ. മദ്യപാനവും സ്ത്രീവിഷയവും ഉള്‍പ്പെടെയുള്ള കുത്തഴിഞ്ഞ ജീവിതരീതിയും തകര്‍ന്ന കുടുംബബന്ധങ്ങളും എല്ലാം ഈ വിഭാഗത്തിന്റെ കൂടപ്പിറപ്പുകളാവുന്നു.
വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന മുന്നൂറു ബുദ്ധിജീവികളുടെ സ്വഭാവസവിശേഷതകളെ പഠനവിധേയമാക്കി, ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കിയാട്രി ചെന്നെത്തിയ നിഗമനമാണിത്.

എന്തുകൊണ്ട് സാഹിത്യകാരന്മാര്‍ പൊതുവേ സമൂഹജീവിതത്തില്‍ ഒരു തരം നികൃഷ്ടവ്യക്തിത്വത്തിനുടമകളാവുന്നു? മറ്റൊരു വിഭാഗത്തിലും കാണാന്‍ കഴിയാത്തത്ര അസൂയയും കുശുമ്പും കുന്നായ്മയും അവരിലെങ്ങനെ ഉടലെടുക്കുന്നു? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെയും തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എന്നാലും ചില മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്, വൈവിധ്യവും വൈരുധ്യവും സാഹിത്യത്തെപ്പോലെ മറ്റൊരു തൊഴില്‍മേഖലയിലും അത്ര തീവ്രമായി അനുഭവപ്പെടുന്നില്ല എന്നതായിരിക്കാം ഇതിനു കാരണം എന്നാണ്. ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നും വന്നവര്‍ ഇവിടെ ഒത്തുകൂടുന്നു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തൊഴിലാളികള്‍... എന്തിന്, രാഷ്ട്രീയപ്രവര്‍ത്തകരും പോലീസുകാരും, കുറ്റവാളികള്‍പോലും സാഹിത്യപ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ആരംഭം മുതല്‍ സാഹിത്യത്തെ ഒരു തൊഴിലായി സ്വീകരിച്ചുകൊണ്ട് ആ മാര്‍ഗംതന്നെ പിന്തുടര്‍ന്നിട്ടുള്ളവര്‍ വളരെ വളരെ വിരളമാണെന്ന് പറയാം. മറ്റെല്ലാ മേഖലകളിലും ഇതിനു നേരെ എതിര്‍ദിശയിലായിരുന്നു മനുഷ്യന്റെ പ്രയാണം. ആദ്യം പല രംഗങ്ങളിലും പടവെട്ടിനോക്കി, അവസാനം എഴുത്തിന്റെ ലോകത്തില്‍ നിലയുറപ്പിച്ചവരുടെ കഥയാണ് സാഹിത്യചരിത്രങ്ങള്‍ക്കു പറയാനുള്ളത്.
ഇതിന് എത്രയെത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. കൃഷിക്കാരനായും ബാങ്കില്‍ ഗുമസ്തനായും കടയിലെ വില്പനക്കാരനായും പ്രവൃത്തിയെടുത്തതിനുശേഷമാണ് ഹെര്‍മന്‍ മെല്‍വില്‍ മോബിഡിക്ക് എന്ന പ്രശസ്തമായ നോവല്‍ രചിക്കുന്നത്. പാരീസ് സ്റ്റോക് എക്സ്ചേഞ്ചില്‍ വെറുമൊരു ബ്രോക്കറായിരുന്നു ജൂള്‍സ് വെര്‍ണേ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലായി 

തിരഞ്ഞെടുക്കപ്പെട്ട യൂളിസസ്സിന്റെ കര്‍ത്താവായ ജെയിംസ് ജോയ്സ് ആദ്യം മതവും വൈദ്യവും പഠിക്കുകയും ഭാഷാധ്യാപകനായി ജോലിനോക്കുകയും ചെയ്തിരുന്നു. ഡി.എച്ച്. ലോറന്‍സ്, ഡബ്ലിയു.എച്ച്. ആഡന്‍, അലിസ്റ്റെയര്‍ മക്ലീന്‍ തുടങ്ങി പല പ്രമുഖ എഴുത്തുകാരും ഇതേപോലെ, അധ്യാപകരായിരുന്നു; മില്‍ട്ടന്‍, അലക്സാണ്ടര്‍ ഡ്യൂമാസ്, ചാള്‍സ് ലാംബ്, ചാള്‍സ് ഡിക്കന്‍സ്, പി.ജി. വുഡ്ഹൗസ്, ഓ ഹെന്റി, ടി.എസ്. എലിയട്ട്, ജോര്‍ജ് ബെര്‍നാഡ് ഷാ മുതലായവര്‍ ഗുമസ്തന്മാരും. ആര്‍തര്‍ കോനണ്‍ഡോയല്‍, സോമര്‍സെറ്റ്മോം, എ.ജെ. ഗോര്‍ഡന്‍ എന്നിവര്‍ ഡോക്ടര്‍മാരായിരുന്നുവെങ്കില്‍ ബൊക്കാച്ചിയോയും വാഷിങ്ടണ്‍ ഇര്‍വിങ്ങും സ്പെന്‍സറും പാസ്റ്റര്‍നാക്കും അഭിഭാഷകരായിരുന്നു. ഒലിവര്‍ ഗോള്‍ഡ്സ്മിത്ത്, റോബര്‍ട്ട് ഫ്രോസ്റ്റ്, റിങ് ലാര്‍ഡ്നര്‍, തോമസ് മന്‍, എമിലി സോളാ, കിപ്ലിങ്, ഹെമിങ്വേ, സ്റ്റെയിന്‍ബെക്ക് എന്നിവര്‍ പലതരത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ എഴുത്തുകാരില്‍ ഭൂരിഭാഗം പേരും ഉപജീവനത്തിനുവേണ്ടി മറ്റു തൊഴിലുകളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെയാണ് സാഹിത്യരചനയില്‍ ഏര്‍പ്പെട്ടിരുന്നതും. ഇതരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികളില്‍നിന്നുള്ള ഈ വ്യത്യസ്തതയാണ് അവരെ സമൂഹത്തിലെ ഭിന്നവ്യക്തിത്വങ്ങളാക്കിത്തീര്‍ത്തതെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

'ഈ കപടലോകത്തില്‍ ഒരു ആത്മാര്‍ഥ ഹൃദയമുണ്ടായതാണെന്‍ പരാജയം' എന്നു വിലപിച്ചുകൊണ്ട് മരണത്തെ സ്വയം വരിച്ച ഒരു കവിയുടെ കഥ നമുക്കറിയാം. മലയാളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഈ ആത്മഹത്യ. അതിനുശേഷമാണ് രാജലക്ഷ്മിയും നന്തനാരും ആത്മഹത്യയില്‍ അഭയം തേടുന്നത്.

കവികള്‍ വളരെ ലോലഹൃദയരാണെന്നും ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും അവരെയാണ് ഏറ്റവും എളുപ്പത്തില്‍ ബാധിക്കുകയെന്നും പൊതുവേ ഒരു വിശ്വാസമുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തില്‍ മാത്രമല്ല, ലോകത്തിലെല്ലായിടത്തും ഈ വിശ്വാസം നിലനില്ക്കുന്നു. എന്നാല്‍, ഈ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു പഠനം പുറത്തുവരുകയുണ്ടായി.
സര്‍ഗാത്മകസാധന സമ്പൂര്‍ണതയിലെത്തുന്നതിനു മുന്‍പ് സര്‍വതും പരിത്യജിച്ച് സമാനതകളില്ലാത്ത 'മറ്റൊരു ലോകം' സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ കഥയെഴുത്തുകാരും നാടകകൃത്തുക്കളുമാണെന്ന് ഈ പഠനം തെളിയിച്ചു. ഈ 'മറ്റൊരു ലോക'ത്തിനു രണ്ടു തലങ്ങളുണ്ട്. അതിലാദ്യത്തേത് ഈ ജീവിതംതന്നെ വേണ്ടെന്നുവെക്കുന്നതാണ്. മറ്റേതാവട്ടെ ഭ്രാന്തോളമെത്തുന്ന മാനസികസംഘര്‍ഷങ്ങള്‍, ലഹരിപദാര്‍ഥങ്ങളോടുള്ള അമിതാസക്തി, വിഷാദരോഗങ്ങള്‍, വഴിതെറ്റുന്ന വ്യക്തിത്വം, കുടുംബപരവും ലൈംഗികവുമായ സംഘട്ടനങ്ങള്‍ തുടങ്ങിയവയ്ക്കു വിധേയമാവുന്നതും.

ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കിയാട്രിക്കുവേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. ഫെലിക്സ് പോസ്റ്റ് നടത്തിയ ഒരു പഠനത്തിലാണ് സര്‍ഗാത്മക സാഹിത്യകാരന്മാരുടെ ഇടയില്‍ കവികളാണ് അങ്ങേയറ്റം സമചിത്തത പാലിക്കുന്നവര്‍ എന്നു തെളിഞ്ഞത്. കവിയോ കഥാകൃത്തോ ആരാണ് കൂടുതല്‍ പീഡിതന്‍ എന്നത് ശാസ്ത്രീയമായി അപഗ്രഥിക്കപ്പെടുന്നത് ഇതാദ്യമായിരുന്നു.
യു.എസ്.എയിലെയും യൂറോപ്പിലെയും പ്രശസ്തരായ നൂറു സാഹിത്യകാരന്മാരെക്കുറിച്ച് പുറത്തുവന്ന ജീവചരിത്രങ്ങളെയും അവരുടെ ആത്മകഥകളെയും അടിസ്ഥാനമാക്കിയാണ് ഡോ. പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്. എച്ച്.ജി. വെല്‍സ്, ജി.കെ. പ്രീസ്റ്റ്ലി, ഓസ്‌കാര്‍ വൈല്‍ഡ്, എഡ്ഗാര്‍ അല്ലന്‍പോ, വില്യം ഫാക്നര്‍, സ്‌കോട്സ് ഫിറ്റ്സ്ജെറാള്‍ഡ്, എവ്ലിന്‍ വാ, ടെന്നസി വില്യംസ്, ഏണസ്റ്റ് ഹെമിങ്വേ, ജോസഫ് കോണ്‍റാഡ് മുതലായവരെല്ലാം ഈ നൂറു പേരില്‍ ഉള്‍പ്പെട്ടിരുന്നു. അസാധാരണമായി ജീവിതം നയിച്ചവരോ, അല്ലെങ്കില്‍ അസാധാരണമായി ജീവിതം അവസാനിപ്പിച്ചവരോ ആണ് ഇവിടെ പേരുപറഞ്ഞ എഴുത്തുകാരില്‍ എല്ലാവരും. ഇവരെല്ലാം കഥയുടെയോ നാടകത്തിന്റെയോ രംഗത്തായിരുന്നു വ്യാപരിച്ചിരുന്നത്.

വ്യക്തിപരമായോ സാമൂഹികപരമായോ, കാറ്റും കോളും ഇല്ലാത്ത ജീവിതം നയിച്ചവരാണ് വില്യം വേര്‍ഡ്സ്വര്‍ത്ത്, ഡബ്ല്യു.ബി. യേറ്റ്സ്, എച്ച്.ഡബ്ല്യു. ലോങ്ഫെല്ലോ, ബെര്‍നാഡ് ഷാ, ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ട് വിറ്റ്മാന്‍, തോമസ് ഹാര്‍ഡി എന്നിവര്‍. ഡോ. പോസ്റ്റിന്റെ ഈ പട്ടികയിലുള്ളവരില്‍ ബഹുഭൂരിഭാഗവും കവികളാണെന്നും നമുക്കു കാണാം.

നൂറ് എഴുത്തുകാരുടെ ജീവിതത്തില്‍നിന്ന് ഡോ. പോസ്റ്റ് നമുക്ക് മനസ്സിലാക്കിത്തരുന്ന മറ്റു ചില കാര്യങ്ങള്‍ ഇവയത്രേ:
ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത് കവികള്‍ക്കാണ്. അവരില്‍ 43 ശതമാനം പേരും അറുപതു വയസ്സും കഴിഞ്ഞ് ജീവിക്കുമ്പോള്‍, നോവലിസ്റ്റുകളിലും നാടകകൃത്തുക്കളിലും 38 ശതമാനത്തിനു മാത്രമേ അതിനുള്ള ഭാഗ്യം സിദ്ധിക്കുന്നുള്ളൂ.
സന്തുഷ്ടരായ വൈവാഹിക-കുടുംബജീവിതം നയിക്കുന്നവരിലും കവികള്‍തന്നെയാണ് മുന്നില്‍. സര്‍ഗാത്മകസാഹിത്യത്തിന്റെ ഇതരശാഖകളില്‍ വര്‍ത്തിക്കുന്നവരില്‍ 70 ശതമാനവും താറുമാറായ വ്യക്തിജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ്. കവികളുടെ കാര്യത്തിലിത് വെറും 26 ശതമാനം മാത്രം!

മദ്യമടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിലും കവികള്‍ പിന്നാക്കമാണ്. കവികളില്‍ 31 ശതമാനം മദ്യത്തിലും മറ്റും 'സുഖം' കണ്ടെത്തുമ്പോള്‍ മറ്റുള്ളവരില്‍ 60 ശതമാനവും ഇതില്‍ മുങ്ങിക്കളിക്കുന്നു.
പക്ഷേ, ഈ മൂന്നു കാര്യങ്ങള്‍ വെച്ചുകൊണ്ട് കവികള്‍ 'അമ്പട ഞാനേ' എന്നു ഞെളിയുകയൊന്നും വേണ്ട. ഡോ. പോസ്റ്റിന്റെ പഠനത്തില്‍നിന്നു വ്യക്തമായ രണ്ടു സത്യങ്ങള്‍ മതി, അവരുടെ നാവടയ്ക്കാന്‍.

അതിലാദ്യത്തേത് ഇങ്ങനെ: ഭ്രാന്തെന്നു പറയുന്ന (ചികിത്സയ്ക്കു വിധേയരാക്കേണ്ടുന്ന) മാനസികാവസ്ഥയെ പ്രാപിക്കുന്നവരില്‍ കൂടുതലും കവികളാണ്. അവരില്‍ 25 ശതമാനവും ഈ സ്ഥിതിവിശേഷത്തെ പ്രാപിക്കുമ്പോള്‍ ഇതര എഴുത്തുകാരില്‍ ഏഴു ശതമാനത്തിനു മാത്രമേ ഈ ദുര്‍ഗതി നേരിടേണ്ടിവരുന്നുള്ളൂ. 'ഭ്രാന്തന്മാരും കവികളും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു' എന്ന് അഞ്ചാറു നൂറ്റാണ്ടുകള്‍ക്കുമുന്‍പേ വിശ്വമഹാകവി ഷെയ്ക്സ്പിയര്‍ പറഞ്ഞുവെച്ചിട്ടുമുള്ളതാണല്ലോ.

രണ്ടാമത്തേത്, മഹിളാമണികള്‍ മനസ്സില്‍ വെച്ചിരിക്കേണ്ട 'സംഗതി'യാണ്. നിങ്ങളെ സന്തോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്ന കടമയൊക്കെ ഭംഗിയായി നിര്‍വഹിക്കുമെങ്കിലും നിങ്ങളുടെ ഭര്‍ത്താവ് ഒരു കവിയാണ് എന്നുവരുകില്‍, കണ്ണുതെറ്റിയാല്‍ പുള്ളിക്കാരന്‍ പുതിയ പൂക്കള്‍ തേടിപ്പോകും. കവിക്കല്ലേ, സൗന്ദര്യം ആസ്വദിക്കാനാവൂ. കവികളില്‍ 40 ശതമാനവും പരസ്ത്രീഗമനത്തില്‍ അതിയായ താത്പര്യമുള്ളവരാണ്. മറ്റെഴുത്തുകാരില്‍ 17 ശതമാനത്തിനു മാത്രമേ ഈ പ്രവണതയുള്ളൂ.
എന്തായാലും രണ്ടുകൂട്ടര്‍ക്കും ഒരു കാര്യത്തില്‍ സമാധാനപ്പെടാം. ഒരു വിഭാഗം ശിഥിലജീവിതം നയിക്കുന്നവരും കള്ളുകുടിയന്മാരും ആണെങ്കില്‍ മറ്റേവിഭാഗം മനോരോഗികളും 'പെണ്‍പിടിയന്മാ'രും ആണല്ലോ.

ശരി, ശരി, ഗദ്യമെഴുത്തുകാര്‍ ഇങ്ങനെ ആവാനെന്താണ് കാരണം? ഡോ. പോസ്റ്റ് ഇവിടെ മറ്റൊരു അദ്ഭുതത്തിന്റെ കെട്ടഴിക്കുന്നു-കഥയും നാടകവും എഴുതുന്നവര്‍ ആണ് കൂടുതല്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്നത്. സാഹിത്യരചനയിലേര്‍പ്പെടുമ്പോള്‍ അവരുടെ നാഡീവ്യൂഹങ്ങള്‍ പെടാപ്പാടുപെടുന്നു. കവിതയെഴുതുന്നവര്‍ ഇത്രയും ബുദ്ധിമുട്ടനുഭവിക്കുന്നില്ല. പ്രായേണ അനായാസജീവിതമാണ് അവരുടേത്.
പോരേ, കവിത എഴുതാനാണ് വിഷമമെന്ന് ഇനിയാരെങ്കിലും പറഞ്ഞുനടക്കുമോ?
ഒരു കാര്യംകൂടി: ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കിയാട്രി തന്നെ കഴിഞ്ഞ ദശകത്തിന്റെ അവസാനത്തില്‍ പ്രശസ്തരായ 291 ബുദ്ധിജീവികളുടെ സ്വകാര്യജീവിതം ഒരു പഠനത്തിനു വിധേയമാക്കുകയുണ്ടായി. ശാസ്ത്രജ്ഞന്മാര്‍, തത്ത്വചിന്തകന്മാര്‍, ചിത്രകാരന്മാര്‍ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാഹിത്യകാരന്മാരാണ് മാനസികപിരിമുറുക്കങ്ങള്‍ക്കും ശിഥിലബന്ധങ്ങള്‍ക്കും ലഹരിപദാര്‍ഥങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വിധേയരാവുന്നതെന്നായിരുന്നു ആ പഠനത്തിന്റെ കണ്ടെത്തല്‍.

എങ്ങനെയായാലും ലഹരിയും സാഹിത്യാദികലകളും തമ്മിലുള്ള അമിതമായ വേഴ്ചയ്ക്ക് ചില ബന്ധങ്ങള്‍ ഇല്ലാതെയില്ല. 'ആര്‍തോഹോലു' എന്ന പഴഞ്ചന്‍ ലാറ്റിന്‍ അമേരിക്കന്‍ പദത്തില്‍നിന്നാണ് 'ആര്‍ട്ടും' 'ആല്‍ക്കഹോളും' വേര്‍തിരിഞ്ഞത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കലാകാരന്മാരും മറ്റും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നതിനു മയാ-ഇന്‍കാ (ദക്ഷിണ അമേരിക്ക) സംസ്‌കാരങ്ങളുടെയും പുരാതന റോമാ-ഗ്രീക്ക് സംസ്‌കാരങ്ങളുടെയും ആഫ്രിക്കന്‍-ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുടെയും ഇന്ത്യ-ചൈന സംസ്‌കാരങ്ങളുടെയും ഒക്കെ ചരിത്രം നമുക്കു മനസ്സിലാക്കിത്തരും. ഈ 'ബാന്ധവം' ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു ചുരുക്കം.
ഡോ. ഫെലിക്സ് പോസ്റ്റിന്റെ നിഗമനങ്ങളൊന്നുംതന്നെ ഇന്ത്യയിലെ സാഹിത്യകാരന്മാര്‍ക്കു ബാധകമല്ലെന്ന് പ്രമുഖ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരനായ ഖുശ്വന്ത് സിങ് അഭിപ്രായപ്പെടുന്നു. മിര്‍ തഖ്വി മിര്‍, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയവര്‍ക്കൊക്കെ നിത്യജീവിതത്തില്‍ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ജീവിതത്തോടും സാഹിത്യത്തോടും ഉള്ള അവരുടെ അഭിവാഞ്ഛയും അഭിനിവേശവും ഈ ദൗര്‍ബല്യങ്ങളെ അതിജീവിച്ചിരുന്നുവെന്നും അതുകൊണ്ട് അവര്‍ക്ക് ജീവിതത്തില്‍ അപഭ്രംശങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ക്കുന്നു. മദ്യപിച്ചു ചെന്നതിന് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണേറാഫീസിലെ ജോലിയില്‍നിന്ന് അന്നു ഹൈക്കമ്മീഷണറായിരുന്ന വി.കെ. കൃഷ്ണമേനോന്‍ പിരിച്ചുവിട്ടതിന്റെ പേരില്‍ മലയാളത്തോടും മലയാളികളോടും കടുത്ത വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന അദ്ദേഹംതന്നെ സ്‌കോച്ച് വിസ്‌കിയോടുള്ള താത്പര്യം സന്ദര്‍ഭം കിട്ടുമ്പോഴും അല്ലാത്തപ്പോഴും ഒളിച്ചുവെക്കാറില്ല. എന്നുവെച്ച് ഖുശ്വന്ത് സിങ് നല്ലൊരു എഴുത്തുകാരനല്ലെന്ന് വാദിക്കാന്‍ ആരെങ്കിലും ഒരുമ്പെടുമോ? പുരാണേതിഹാസങ്ങളുടെ കര്‍ത്താക്കളും കവികളും കലാകാരന്മാരും ഒക്കെ അടങ്ങുന്ന നമ്മുടെ പൂര്‍വസൂരികളില്‍ പലരും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമകളോ കുറഞ്ഞപക്ഷം അത് ഉപയോഗിക്കുന്നവരോ ആയിരുന്നുവെന്നതാണ് കഥ. മലയാളത്തില്‍ത്തന്നെ തുഞ്ചത്താചാര്യന്‍ മുതല്‍ എത്ര വേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍:

മദ്യത്തിലൂടെയോ മയക്കുമരുന്നിലൂടെയോ സര്‍ഗാത്മകത സൃഷ്ടിക്കപ്പെടാനാവുമോ? ആവില്ല എന്നുതന്നെയാണ് ഉത്തരം. സര്‍ഗാത്മകതയുടെ ഉറവിടം രൂപംകൊള്ളുന്നതും നിലനില്ക്കുന്നതും മനസ്സിലാണ്. ലഹരിപദാര്‍ഥങ്ങള്‍ അതിന് ഒരിക്കലും ഒരു ചോദകശക്തിയാവുന്നില്ല. എന്നു മാത്രമല്ല, അവയുടെ ഉപയോഗം അമിതമാവുമ്പോള്‍ അത് എഴുത്തിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അന്തരിച്ച വി.കെ.എന്‍. മദ്യം നഷ്ടപ്പെടുത്തിയ തന്റെ നാളുകളെക്കുറിച്ചോര്‍ത്ത് ഖിന്നനായിരുന്നുവത്രേ! ''ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന നിമിഷങ്ങളില്‍ ആരുംതന്നെ രചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മദ്യപിച്ചുകൊണ്ട് ഞാന്‍ ക്രിയാത്മകരചനയില്‍ ഏര്‍പ്പെടാറില്ല... സാമാന്യം ദീര്‍ഘവും ഗഹനവുമായ ഒരു രചനയില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു ദീര്‍ഘമായ കാലയളവ് ഞാന്‍ മദ്യത്തെ മാറ്റിനിര്‍ത്തുന്നു... പിന്നെ കുറെ ദിവസം മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ഒരു രസമാണ്... ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഒരു കലാകാരന്റെ ഏറ്റവും വലിയ ലഹരി അയാളുടെ സൃഷ്ടിതന്നെയാണ്'' എന്ന് കാക്കനാടന്‍ പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതുതന്നെ!

''ജീവിതത്തില്‍ എന്തുകൊണ്ട് ഒരു കണ്ടെത്തലുണ്ടാവുന്നില്ല? നെഞ്ചില്‍ കൈവെച്ച് ഇതാണത് എന്നു പറയാന്‍ പാകത്തില്‍ ഒന്ന്. പീഡിപ്പിക്കുന്ന ഒരു വികാരമാണ് എന്റെ മാനസികമായ തകര്‍ച്ച. പക്ഷേ, അതതല്ല. എന്താണത്? അത് കണ്ടെത്തുന്നതിനു മുന്‍പേ ഞാന്‍ മരിച്ചേക്കുമോ? ഇന്നലെ രാത്രി റസ്സല്‍ സ്‌ക്വയറിലൂടെ നടക്കുമ്പോള്‍ ആകാശത്തില്‍ ഞാന്‍ പര്‍വതങ്ങള്‍ കണ്ടു; മേഘങ്ങള്‍; പേഴ്സ്യയ്ക്കു മുകളിലെങ്ങോ ഉദിച്ച ചന്ദ്രനെ കണ്ടു... ഭൂമിയില്‍ നടക്കുന്ന ഞാന്‍ ഒരപരിചിതയാണെന്ന ബോധം വന്നു. ഞാനെന്താണ്? ഞാനാരാണ്...?''
-'എഴുത്തുകാരിയുടെ മുറി': വെര്‍ജീനിയാ വൂള്‍ഫ്

ഏണസ്റ്റ് ഹെമിങ്വേ മുതല്‍ സില്‍വിയാ പ്ലാത്തുവരെ, വ്‌ലൂഡിമിര്‍ മയക്കോവ്സ്‌കി മുതല്‍ വെര്‍ജീനിയാ വൂള്‍ഫ് വരെ ഇങ്ങനെ വിശ്വപ്രസിദ്ധരായ എത്രയോ എഴുത്തുകാര്‍ മരണത്തെ സ്വയം വരിച്ചതിന്റെ കഥ നാം കേട്ടിട്ടുണ്ട്. മലയാളത്തില്‍ത്തന്നെ അകാലത്തില്‍ ജീവിതം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കില്‍ സമകാലികരായ മിക്ക എഴുത്തുകാരെയും കവച്ചുവെക്കുമായിരുന്ന (കവിതയില്‍) ഇടപ്പള്ളി രാഘവന്‍പിള്ള, രാജലക്ഷ്മി (കഥയില്‍) എന്നിവരെക്കുറിച്ചും നമുക്കറിയാം.

എഴുത്തുകാര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? അവരും മനുഷ്യരായതുകൊണ്ട് എന്ന് ഒറ്റവാചകത്തില്‍, വേണമെങ്കില്‍ ഇതിന് ഉത്തരം കണ്ടെത്തുകയും ചെയ്യാം. വ്യക്തിപരമായ ദുഃഖങ്ങള്‍ ആത്മഹത്യയ്ക്കു കാരണമാകാറുണ്ട്. സമൂഹത്തിന്റെ നിര്‍ദയത്വവും കാപട്യങ്ങളും സഹിക്കാനാവാതെ വരുമ്പോള്‍ ആത്മഹത്യയുടെ മാര്‍ഗം തിരഞ്ഞെടുക്കുന്നവരുമുണ്ട്. തന്റെ സര്‍ഗാത്മകസിദ്ധി ചോര്‍ന്നുപോകുന്നു എന്ന തോന്നലാണത്രേ ഹെമിങ്വേയെ സ്വയം വെടിവെച്ചു മരിക്കാന്‍ പ്രേരിപ്പിച്ചത്. വൂള്‍ഫ് പുഴയില്‍ മുങ്ങിത്താഴാന്‍ ഒരുമ്പെട്ടത് അസഹ്യമായ മാനസികസംഘര്‍ഷം ('സ്ത്രീയുടെ അഗാധവും സങ്കീര്‍ണവുമായ ജീവിതം എന്നെ നിരന്തരം വേട്ടയാടുന്നു') കൊണ്ടായിരുന്നു. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമായിരുന്നു മയക്കോവ്സ്‌കി വിഷം കഴിച്ചതിനു പിന്നില്‍. ലണ്ടനില്‍ പഠിക്കാന്‍ ചെന്ന അമേരിക്കന്‍ കവയിത്രി സില്‍വിയാ പ്ലാത്ത് തുറന്നുവെച്ച പാചകവാതക സ്റ്റൗവില്‍ മുഖമമര്‍ത്തി മരണത്തെ ശ്വസിച്ചത് കവികൂടിയായ (പില്ക്കാലത്ത് ഇംഗ്ലണ്ടിന്റെ 'ആസ്ഥാനകവി'യും) ഭര്‍ത്താവ് ടെഡ് ഹ്യൂസിന്റെ വിശ്വാസവഞ്ചന നിമിത്തവും. പ്രേമനൈരാശ്യം ഇടപ്പള്ളിയെയും ഹൃദയദൗര്‍ബല്യം (''എന്റെ സുഹൃത്തുക്കളിലും പരിചയക്കാരിലും പലരും അവരെയാണ് ഞാന്‍ എന്റെ കഥകളില്‍ പകര്‍ത്തിവെച്ചിരിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു'') രാജലക്ഷ്മിയെയും ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു.

എഴുത്തുകാരുടെ ആത്മഹത്യയെക്കുറിച്ച് പല മനഃശാസ്ത്രജ്ഞരും ജീവചരിത്രകാരന്മാരും ഏറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, അവയിലെല്ലാംതന്നെ പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനങ്ങളും നിഗമനങ്ങളുമാണ് കാണാന്‍ കഴിയുക. ഹെമിങ്വേയുടെ കാര്യംതന്നെയാണ് ഇതിന് ഒന്നാന്തരം ഉദാഹരണം. ഇരുപതാം നൂറ്റാണ്ടിലെ അങ്ങേയറ്റം 'ജനപ്രിയ' നോവലിസ്റ്റായിരുന്ന, വ്യക്തിജീവിതത്തില്‍ ധീരേതിഹാസങ്ങള്‍ രചിച്ചിട്ടുള്ള ഈ എഴുത്തുകാരന്റെ ആത്മഹത്യയുടെ കാരണങ്ങളന്വേഷിച്ചുകൊണ്ടുള്ള കൃതികളാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നവയായി ലോകത്തില്‍ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത്. അബദ്ധത്തില്‍ തോക്കുപൊട്ടി മരിച്ചു, എഴുതാനുള്ള കഴിവ് നഷ്ടപ്പെട്ടുവരുന്നതില്‍ വിഷാദിച്ച് സ്വയം വെടിവെച്ചു, അജ്ഞാതനായ ഒരു കൊലയാളിയാല്‍ വധിക്കപ്പെട്ടു എന്നിങ്ങനെ ഒരു നൂറായിരം വ്യാഖ്യാനങ്ങള്‍ ഹെമിങ്വേയുടെ അന്ത്യവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആത്മഹത്യചെയ്തവരെക്കുറിച്ചു മാത്രമല്ല, എഴുത്തുകാരുടെ മരണത്തെപ്പറ്റി പൊതുവേ പ്രതിപാദിക്കുന്ന ഒരു പഠനം ഈയിടെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായപ്രകടനങ്ങളോ മരണകാരണങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങളോ ഇതിലില്ല. എങ്കിലും കൗതുകകരമായ ഒട്ടേറെ വിവരങ്ങള്‍ ഇതിലുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മനഃശാസ്ത്രവിഭാഗം പ്രൊഫസറായ ജെയിംസ് കാഫ്മാന്‍ നടത്തിയ ഈ അന്വേഷണത്തിന്റെ വിവരങ്ങള്‍ വളരെ വിചിത്രമായ പേരുള്ള, ജേണല്‍ ഓഫ് ഡെത്ത് സ്റ്റഡീസ് എന്ന ഒരു ഗവേഷണ മാസികയിലൂടെയാണ് പുറത്തു വന്നിട്ടുള്ളത്. രണ്ടു സഹസ്രാബ്ദക്കാലത്തിനിടയ്ക്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രശസ്തരായ 1987 എഴുത്തുകാരുടെ ചരമത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പഠനം.

സാഹിത്യത്തിന്റെ ഏതു മേഖലയില്‍ വ്യാപരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു എഴുത്തുകാരുടെ ആയുസ്സ് എന്നാണ് കാഫ്മാന്‍ അഭിപ്രായപ്പെടുന്നത്. ഈ 1987 പേരുടെ ശരാശരിക്കണക്കില്‍ കവികള്‍ 62 വയസ്സുവരെയും കഥാകൃത്തുക്കള്‍ 65 വയസ്സുവരെയും വിമര്‍ശകന്മാര്‍ 68 വയസ്സുവരെയും ജീവിച്ചിരിക്കുന്നുവെന്ന് കണ്ടു. ഇതിനര്‍ഥം ഏറ്റവും കുറവ് ആയുസ്സ് കവിതയെഴുതുന്നവര്‍ക്കും കൂടുതല്‍ ആയുസ്സ് അവയെ നിരൂപണം ചെയ്യുന്നവര്‍ക്കും ആണ് എന്നാണല്ലോ! എന്നു മാത്രമല്ല, കവികള്‍ക്കിടയില്‍ത്തന്നെ സ്ത്രീകളായ എഴുത്തുകാരുടെ ശരാശരി ഈ 62 വയസ്സിലും താഴേയാണ്. കവയിത്രികള്‍ വളരെ പെട്ടെന്ന് വികാരവിധേയരായിത്തീരുന്നു. സമൂഹത്തിലെ മറ്റെല്ലാ വിഭാഗത്തില്‍നിന്നുമുള്ള അറിയപ്പെടുന്ന വ്യക്തികളില്‍ ഏറ്റവുമധികം മാനസികപിരിമുറുക്കം അനുഭവിക്കുന്നതും അവരാണ്. അതാണ് അവരുടെ ആയുസ്സ് കുറയാന്‍ കാരണം എന്ന് കാഫ്മാന്‍ അഭിപ്രായപ്പെടുന്നു.

കവിതയെഴുത്ത് ആത്മനിഷ്ഠാപരവും അന്തര്‍മുഖവും അനാഥവും (അതായത് ഏകാന്തവും) ആയ ഒരു പ്രക്രിയയാണെന്നും അതുകൊണ്ടുള്ള അന്തഃസംഘര്‍ഷമാണ് അവരുടെ ആയുസ്സ് കുറയ്ക്കുന്നതും എന്നത്രേ കാഫ്മാന്റെ നിരീക്ഷണം. ആത്മഹത്യ ഒരു മോചനമാര്‍ഗമായി സ്വീകരിക്കുന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരുമായ എഴുത്തുകാര്‍ക്കിടയ്ക്ക് വലിയ വ്യത്യാസമൊന്നും ഇല്ല. ഈ സംഗതിയിലും വിമര്‍ശകന്മാര്‍ വേറിട്ടുനില്ക്കുന്നു എന്ന് കാഫ്മാന്‍ പറയുന്നു.

കവിത എഴുതണോ അതോ കഥയാണോ എഴുതേണ്ടത്, അല്ലെങ്കില്‍ നിരൂപകനായാല്‍ മതിയോ?-ഇക്കാര്യം നിങ്ങള്‍ സ്വയം തീരുമാനിക്കുക. എന്തായാലും ഈ മൂന്നു രംഗങ്ങളിലും ഒരുപോലെ കൈവെക്കുന്നവരെക്കുറിച്ച് ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ല!