ദുബായ്: ''ഈ അംഗീകാരത്തിലൂടെ ആദരിക്കപ്പെട്ടത് മലയാളവും മലയാള കവിതയുമാണ്. ഭാഷയെ അമ്മയെപ്പോലെ സ്‌നേഹിക്കുന്ന ഗള്‍ഫ് മലയാളികളുടെ ഇടയിലിരിക്കുമ്പോഴാണ് ഈ സന്തോഷവാര്‍ത്തയറിഞ്ഞത് എന്നതില്‍ അഭിമാനമുണ്ട്'' -ജ്ഞാനപീഠപുരസ്‌കാര വിവരമറിഞ്ഞ് ഒ.എന്‍.വി. കുറുപ്പ് ദുബായില്‍ പ്രതികരിച്ചു.

ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ 'ഓള്‍ കേരള കോളേജ് അലുമ്‌നി ഫെഡറേഷന്റെ' ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത്, ഭാര്യ സരോജിനിയമ്മയ്‌ക്കൊപ്പം സദ്യയുണ്ട് വിശ്രമിക്കുമ്പോള്‍ സാംസ്‌കാരികമന്ത്രി എം.എ. ബേബിയാണ് പുരസ്‌കാരവാര്‍ത്ത ഒ.എന്‍.വി.യെ ടെലിഫോണില്‍ അറിയിച്ചത്.

''ജീവിതത്തില്‍ പ്രയാസപ്പെടുന്നവരുടെ വ്യഥകളും ഉത്കണ്ഠയും കൊച്ചുസന്തോഷങ്ങളുമാണ് ഞാന്‍ എന്റെ കവിതകളില്‍ പകര്‍ത്തിയത്. യൗവനകാലത്തുപോലും കാല്പനികമായ കാര്യങ്ങളെ മാറ്റിനിര്‍ത്തി മാനവ ദുഃഖത്തെപ്പറ്റിയാണ് ഞാനെഴുതിയത്'' -ഒ.എന്‍.വി. പറഞ്ഞു. പ്രവാസികളുമായി തനിക്ക് മാനസിക ഐക്യമുണ്ടെന്നും പ്രവാസികളെപ്പോലുള്ളവരുടെ കണ്ണീരുപ്പാണ് താന്‍ കവിതയില്‍ പകര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന് കിട്ടിയ പുരസ്‌കാരത്തെ 'വലിയഭാഗ്യ'മെന്നാണ് സരോജിനിയമ്മ വിശേഷിപ്പിച്ചത്.