രണ്ടായിരത്തി പന്ത്രണ്ടില്‍ 1,39,091 പേര്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടു എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 ലെ കണക്കുകള്‍ ലഭ്യമല്ല എന്നാലും കഴിഞ്ഞവര്‍ഷങ്ങളിലെ പതിവനുസരിച്ചാണെങ്കില്‍ മരണസംഖ്യകൂടാനെ വഴിയുള്ളൂ.

ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യണ്‍ കടന്നതിനാല്‍ ജനസംഖ്യാനുപാതികമായി ഇതൊരു വലിയ സംഖ്യ അല്ലെന്നു ചിലപ്പോള്‍ തോന്നിയേക്കാം. അതുകൊണ്ടുതന്നെ താഴെ പറയുന്ന വിവരങ്ങള്‍കൂടി നാം അറിഞ്ഞിരിക്കേണ്ടതാണ്.

1. റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യം ഇന്ത്യ ആണ്.
2. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള ചൈനയില്‍ റോഡപകടത്തിലെ മരണസംഖ്യ അറുപതിനായിരമാണ്. മാത്രമല്ല 2003 ല്‍ ഒരു ലക്ഷത്തിനു മേലെ മരണം ഉണ്ടായിരുന്നത് വര്‍ഷം ചെല്ലുന്തോറും കുറഞ്ഞുവരികയും ആണ്.(2012 ലെ കണക്ക് പ്രകാരം)
3. ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള അമേരിക്കയില്‍ (ഇത് ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണത്തിന്റെ പത്തിരട്ടിയോളം അധികമാണ്) റോഡപകടമരണങ്ങളുടെ എണ്ണം മുപ്പത്താറായിരത്തി ഇരുന്നൂറ് ആണ് (2012 ലെ കണക്ക്).

ചുരുക്കത്തില്‍ പറഞ്ഞാല്‍ ജനസംഖ്യയിലും വാഹനങ്ങളുടെ എണ്ണത്തിലും ഒന്നാം സ്ഥാനം നമുക്കില്ലെങ്കിലും വാഹനങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നതിലെ ഒന്നാം സ്ഥാനം നമുക്കാണ്. അതു രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ ഇരട്ടിയില്‍ അധികവും ആണ്.

റോഡപകടങ്ങളില്‍ മരിക്കുന്നവര്‍ വലിയ ഒരു ശതമാനം ഇരുപതുവയസ്സിനും അറുപതുവയസ്സിനും ഇടക്കുള്ള പുരുഷന്മാര്‍ ആണ്. അതായത് സമൂഹത്തിന് എല്ലാ തരത്തിലും സംഭാവന നല്‍കേണ്ട പ്രായത്തില്‍ ഉള്ളവര്‍. ഈ പ്രായത്തിലുള്ളവരുടെ ഏറ്റവും വലിയ മരണകാരണവും റോഡപകടങ്ങള്‍ തന്നെ.

റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒരു സൂചിക മാത്രമാണ്. മരിക്കുന്ന ഓരോ ആളുടേയും പതിന്‍മടങ്ങ് ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുന്നു. ഇരട്ടിപ്പേരെങ്കിലും അപകടഫലങ്ങള്‍ ആജീവനാന്തം അനുഭവിക്കുന്നു. അവര്‍ക്കുണ്ടാകുന്ന ആരോഗ്യനഷ്ടം, സമയനഷ്ടം, അവരുടെയും കുടുംബത്തിന്റെയും ദുഃഖം, നിയമത്തിന്റെ നൂലാമാലകള്‍ ഇതെല്ലാം നോക്കുമ്പോള്‍ സമൂഹത്തിന് എത്രവലിയ ഒരു പ്രശ്‌നമാണ് റോഡപകടങ്ങള്‍ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അപകടമരണത്തില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം ഉണ്ടെങ്കിലും റോഡപകടം കേവലം ഒരു ഇന്ത്യന്‍ പ്രശ്‌നം അല്ല. ലോകത്താകമാനം പത്തു ലക്ഷത്തിലധികം ആളുകള്‍ ആണ് ഓരോ വര്‍ഷവും റോഡപകടത്തില്‍ മരിക്കുന്നത്. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ അപകടമരണമുണ്ടാകുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ്. ഒരു ലക്ഷം ആളുകള്‍ക്ക് 20 ല്‍ അധികം ആളുകള്‍ വര്‍ഷാവര്‍ഷം പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരിക്കുന്നു (കേരളത്തില്‍ ഇത് ഒരു ലക്ഷത്തിന് ഏതാണ്ട് പതിമൂന്ന് എന്ന കണക്കിലാണ്). എന്നാല്‍ ഇതേ ലോകത്തുതന്നെ മരണസംഖ്യ ഒരു ലക്ഷത്തിന് അഞ്ചിനും താഴെയുള്ള അനവധി രാജ്യങ്ങള്‍ ഉണ്ട്.

വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകടമരണവും, അത് സമൂഹത്തിനുണ്ടാകുന്ന വന്‍ നഷ്ടങ്ങള്‍. ലോകത്ത് പലയിടത്തു നിന്നും നല്ല പാഠങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍. ഇവയെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ രണ്ടായിരത്തിപ്പത്തില്‍ 2011-2020 റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് കര്‍മ്മപരിപാടി തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോകാരോഗ്യസംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കാനുള്ള ആഗോളകര്‍മ്മപരിപാടി രണ്ടായിരത്തിപതിനൊന്നില്‍ ലോകാരോഗ്യസംഘടന പുറത്തിറക്കി. ആഗോള പരിപാടിക്കനുസൃതമായി ദേശീയ കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

റോഡ് സുരക്ഷയുടെ ആഗോളകര്‍മ്മപരിപാടി അഞ്ച് തൂണുകളിലായിട്ടാണ് ലോകാരോഗ്യസംഘടന കെട്ടിപ്പൊക്കിയത്.

1. റോഡ് സുരക്ഷാ മാനേജ്‌മെന്റ്
2. സുരക്ഷിതമായ റോഡുകളും യാത്രയും
3. വാഹനസുരക്ഷ
4. റോഡുപയോഗിക്കുന്നവരുടെ സുരക്ഷ
5. അപകടത്തിനുശേഷമുള്ള പ്രതികരണ സംവിധാനങ്ങള്‍

ഇതില്‍ ഓരോന്നിനും വ്യക്തമായ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ആഗോളകര്‍മ്മപരിപാടിയില്‍ നിര്‍വചിച്ചിട്ടുണ്ട്. ഇതില്‍ സുപ്രധാനമായവ താഴെ പറയുന്നു.

1. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ചിട്ടുണ്ടാക്കിയിട്ടുള്ള ആഗോള കരാറുകളും ഉടമ്പടികളും നടപ്പിലാക്കുക.
2. ഓരോ രാജ്യത്തും റോഡ് സുരക്ഷക്ക് ഉത്തരവാദിത്തമുള്ള ഒരു വകുപ്പ് സ്ഥാപിക്കുക. കാബിനറ്റ് തലത്തില്‍ തലത്തില്‍ തയ്യാറാക്കപ്പെട്ട റോഡ് സുരക്ഷാപദ്ധതി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം ഈ ഏജന്‍സിക്ക് നല്‍കുക.
3. ഓരോ രാജ്യവും അവര്‍ക്ക് അനുയോജ്യമായ സുരക്ഷാലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക.
4. റോഡ് സുരക്ഷക്ക് ആവശ്യമായ തുക കണ്ടെത്തി ചിലവഴിക്കുക.

ഇങ്ങനെ മുപ്പത്തിനാലു നിര്‍ദേശങ്ങള്‍ ആണ് ആഗോളകര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താല്പര്യമുള്ളവര്‍ക്ക് ആഗോള കര്‍മ്മപദ്ധതി ഇവിടെ വായിക്കാം.

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ അംഗരാഷ്ട്രങ്ങളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതോ ദേശീയമായി മാത്രം നടപ്പിലാക്കേണ്ടതോ അല്ല. മറിച്ച് ആഗോളമായി നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളും കര്‍മ്മപരിപാടിയില്‍ ഉണ്ട്. ഉദാഹരണത്തിന്

1. ലോകരാജ്യങ്ങളോട് അവരുടെ റോഡ് നിര്‍മ്മാണ തുകയുടെ പത്തുശതമാനം എങ്കിലും റോഡ് സുരക്ഷക്കായി മാറ്റിവെക്കാന്‍ പ്രേരിപ്പിക്കുക.
2. ജി.എട്ട് ഉച്ചകോടിയും ലോകസാമ്പത്തിക ഫോറവും പോലുള്ള യോഗങ്ങളില്‍ റോഡ് സുരക്ഷ വിഷയമാക്കുക.
3. അപകടങ്ങളെ വിശകലനം ചെയ്യാനും പാഠങ്ങള്‍ പഠിക്കാനും ഉള്ള ആഗോളസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
4. റോഡപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മക്കായി ഒരു ദിവസം മാറ്റിവെക്കുക

ഒരു ലോകസഞ്ചാരി എന്ന നിലക്ക് റോഡപകടങ്ങളും എണ്ണം കുറക്കാനും മരണങ്ങള്‍ ഒഴിവാക്കാനും ലോകത്ത് നടത്തുന്ന നല്ല മാതൃകകളില്‍ ചിലതുമാത്രം പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം.

കള്ളു കുടിച്ചുള്ള വണ്ടി ഓടിക്കല്‍: ലോകത്ത് മിക്കവാറും സ്ഥലങ്ങളില്‍ റോഡപകടങ്ങളില്‍ മൂന്നിലൊന്നോളം നടക്കുന്നത് കള്ളുകുടിച്ച് വണ്ടി ഓടിക്കുമ്പോഴാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഈ വിഷയം കര്‍ക്കശമായി പരിശോധിക്കപ്പെടുന്നില്ല. ഏതായാലും കള്ളു കുടിച്ചുള്ള വണ്ടി ഓടിക്കല്‍ നിര്‍ത്തിയാല്‍ തന്നെ മൂന്നിലൊന്ന് അപകടങ്ങള്‍ കുറക്കാന്‍ കഴിയും. ഇതിനു ലോകത്തില്‍ ചില നല്ല മാതൃകകള്‍ ഉണ്ട്.

1. സീറോ ടോളറന്‍സ്: അതായത് ഒരല്പം കള്ളുവരെ ആകാം എന്ന പരിധി ഇല്ല.
2. കള്ളു കുടിച്ചവര്‍ വണ്ടി ഓടിച്ചാല്‍ വണ്ടിയില്‍ ഉള്ള മറ്റുള്ളവരുടെ ലൈസന്‍സും റദ്ദാക്കുക
3. കള്ളുകുടിച്ച് വണ്ടിയോടിച്ച് ആരെങ്കിലും അപകടം ഉണ്ടാക്കിയാല്‍ അവര്‍ക്ക് കള്ളുകൊടുത്തതാരാണോ (ബന്ധുക്കള്‍, മിത്രങ്ങള്‍, കച്ചവടക്കാര്‍) അവരും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം.
4. അമിതമായി മദ്യപിച്ചവരെ സൗജന്യമായി വീട്ടില്‍ എത്തിക്കാനുള്ള സംവിധാനം.

അമിതവേഗതയില്‍ വണ്ടി ഓടിക്കല്‍: ഓവര്‍സ്പീഡില്‍ വണ്ടി ഓടിക്കുന്നതും അപകടങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വേഗം കൂടുന്തോറും അപകടം ഒഴിവാക്കാന്‍ കിട്ടുന്ന സമയം കുറയുന്നു. അപകടം ഉണ്ടായാല്‍ അത് ഗുരുതരമാകാനും മരണം സംഭവിക്കാനും ഉള്ള സമയം കൂടുകയും ചെയ്യുന്നു. അതു കൊണ്ടുതന്നെ സ്പീഡില്‍ വണ്ടി ഓടിക്കുന്നത് നിയന്ത്രിക്കാനുള്ള പദ്ധതികള്‍ അപകടമരണങ്ങള്‍ കുറക്കുന്നു. ചില നല്ല മാതൃകകള്‍ പറയാം.

1. അതിവേഗതയില്‍ ഓടിക്കുന്ന വണ്ടികള്‍ പിടിച്ചെടുത്ത് നശിപ്പിക്കുക
2. അതിവേഗതയില്‍ ഓടിക്കുന്നവര്‍ക്ക് മിനിമം എട്ടുദിവസം ജയില്‍വാസം നിര്‍ബന്ധം ആക്കുക (അപകടം ഉണ്ടായില്ലെങ്കിലും)
3. വേഗം കൂടുന്തോറും പിഴയുടെ അളവും കൂടുക
4. അമിതവേഗതയ്ക്കുള്ള പിഴ ഡ്രൈവറുടെ വരുമാനവും ആയി ബന്ധിപ്പിക്കുക. അതായത് മാസശമ്പളത്തിന്റെ പകുതിയോ മൂന്നിലൊന്നോ ഒക്കെ ആകുക. അല്ലാതെ എല്ലാവര്‍ക്കും ഒരുപോലെ മുന്‍കൂട്ടി ക്ലിപ്തപ്പെടുത്താതിരിക്കുക.

സുരക്ഷിതമായ വാഹനങ്ങള്‍: യാത്രക്കാരന്റെ സുരക്ഷയ്ക്കുള്ള പല സംവിധാനങ്ങളും ആധുനിക വാഹനങ്ങളില്‍ ഉണ്ട്. എന്നിരുന്നാലും പഠനങ്ങള്‍ സൂചിപ്പിക്കുന്നത് തൊണ്ണൂറു ശതമാനം അപകടങ്ങളും ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് ഒഴിവാക്കാവുന്നതാണ് എന്നതാണ്. റോഡും കാലാവസ്ഥയും എല്ലാം അപകടം ഉണ്ടാക്കാമെങ്കിലും അതറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ക്ക് അപകടം കുറക്കാന്‍ പറ്റും ഇതിന്റെ ചില ലോകമാതൃകകള്‍.

1.പ്രതിരോധിച്ചുള്ള വാഹനം ഓടിക്കല്‍ (ഡിഫന്‍ സീഫ് ഡ്രൈവിംഗ്): നമുക്ക് ചുറ്റും അപകടസാധ്യതകള്‍ ഉണ്ടെന്നും (ശ്രദ്ധയില്ലാത്ത മറ്റു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ) അതു നോക്കിക്കണ്ട് വാഹനം ഓടിച്ചാല്‍ അപകടം ഒഴിവാക്കാം എന്നതും ആണ് ഡിഫന്‍സീവ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വം.

2. ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍. ഇപ്പോള്‍ പരീക്ഷണശാലയില്‍ ആണ്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ വന്‍തോതില്‍ കാശിറക്കുന്നും ഉണ്ട്. 2020 ഓടെ വികസിതരാജ്യങ്ങളില്‍ റോഡില്‍ പകുതിയും ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ ആയിരിക്കുമെന്നും അങ്ങനെ അപകടം ഏറെ കുറയും എന്നുമാണ് സുരക്ഷാ വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്.

അപകടത്തിനുശേഷമുള്ള രക്ഷാസംവിധാനം ഒരു വന്‍ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ പരുക്കുപറ്റിയ വ്യക്തി മരണപ്പെടാനുള്ള സാധ്യത വികസിത രാജ്യങ്ങളില്‍ വികസ്വര രാജ്യങ്ങളിനേക്കാള്‍ ഏറെകുറവാണ്. അപകടത്തിനുശേഷമുള്ള രക്ഷാസംവിധാനങ്ങളുടെ പുരോഗതിയാണ് ഇതിന് കാരണം. ചില നല്ല മാതൃകകള്‍ താഴെപറയുന്നു.

1. ഹെലികോപ്ടര്‍ ആംബുലന്‍സ്: അപകടത്തിനുശേഷം ആശുപത്രിയില്‍ എത്തുന്നതുവരെയുള്ള സമയം ഏറ്റവും പ്രധാനമാണ്. ആവശ്യത്തിന് മെഡിക്കല്‍ സംവിധാനം ഇല്ലാത്ത പ്രദേശങ്ങളും റോഡുനിറയെ ട്രാഫിക് ബ്ലോക്കും ആയ നഗരങ്ങളും ഉള്ളിടത്ത് ഒരു ഹെലികോപ്ടര്‍ ആംബുലന്‍സ് ഏറെ ജീവന്‍ രക്ഷിക്കും. നമ്മുടെ ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ മനസ്സുവെച്ചാല്‍ ഇതെളുപ്പത്തില്‍ കൊണ്ടുവരാം.

2. നന്നായി പരിശീലിപ്പിക്കപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍. വികസിത രാജ്യങ്ങളില്‍ അപകടം ഉണ്ടായാല്‍ പരിശീലിക്കപ്പെട്ട രക്ഷാപ്രവര്‍ത്തകരെ അതില്‍ ഇടപെടൂ. അതുകൊണ്ടു തന്നെ നല്ല ഉദ്ദേശത്തോടെ ആണെങ്കിലും അബദ്ധം കാണിച്ച് പരിക്കേറ്റവരുടെ സ്ഥിതി വഷളാകുന്നില്ല.

3.സൗകര്യങ്ങള്‍ ഉള്ള എമര്‍ജെന്‍സി സര്‍വീസ്: കേരളത്തില്‍ മിക്ക ആശുപത്രികളിലും കാഷ്വാലിറ്റി എന്ന പേരില്‍ എമര്‍ജെന്‍സി സര്‍വീസ് ഉണ്ടെങ്കിലും അവ ഒന്നും തന്നെ വേണ്ടത്ര സൗകര്യങ്ങള്‍ ഉള്ളതല്ല. എം.ബി.ബി.എസ്. പഠിച്ചിറങ്ങിയ പുതിയ ഡോക്ടര്‍മാരാണ് മിക്കവാറും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കുന്നത്. അവക്ക് അപകടം പറ്റിയവരെ ചികിത്സിക്കാനുള്ള പക്വത, പരിശീലനം, അനുബന്ധ സൗകര്യങ്ങള്‍ ഇതെല്ലാം കുറവാണ്. എമര്‍ജന്‍സി മെഡിസിനില്‍ പ്രാവീണ്യം ലഭിച്ച ഡോക്ടര്‍മാരും അനുബന്ധ സൗകര്യങ്ങളും ആശുപത്രിയില്‍ ഉള്ളപ്പോള്‍ ഏറെ ജീവന്‍ രക്ഷിക്കാം(ചില ആസ്പത്രികളില്‍ ഇപ്പോള്‍ ഈ സൗകര്യമുണ്ട്). അങ്ങനെ ലോകത്ത് നടക്കുന്നും ഉണ്ട്.

മരിച്ചവരെ ാെര്‍മ്മപ്പെടുത്തുന്നത്, ലോകത്ത് പലയിടത്തും അപകടം പറ്റിയ കാറുകള്‍ റിപ്പയര്‍ ചെയ്യാതെ റോഡരുകില്‍ പ്രതിമ പോലെ സ്ഥാപിച്ചിരിക്കുന്നതും, അപകടം ഉണ്ടായതിന്റെ അടുത്തുതന്നെ മരിച്ചവര്‍ക്കുവേണ്ടി ഒരു ഫലകമോ പുഷ്പഹാരങ്ങളോ ചെറിയ പൂന്തോട്ടം തന്നെയോ ഉണ്ടാകുന്ന ഒരുരീതി ഉണ്ട്. കേരളത്തില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും റോഡപകടത്തില്‍പ്പെട്ടവരുടെ ഓര്‍മ്മ ദിവസമായി പ്രഖ്യാപിക്കുകയും അപകടം ഉണ്ടായ സ്ഥലങ്ങളില്‍ ബന്ധുക്കള്‍ക്ക് ഒരു റീത്തോ മെഴുകുതിരിയോ വക്കാനുള്ള അവസരവും നല്‍കുകയും ചെയ്താല്‍ അത് റോഡ് സുരക്ഷ ആളുകളെ മനസ്സിലാക്കാനുള്ള വന്‍ അവസരമുണ്ടാകും.


യു.എന്റെ റോഡ് സുരക്ഷയുടെ പതിറ്റാണ്ട് പദ്ധതി നിര്‍ദേശങ്ങളും ലക്ഷ്യങ്ങളും