നിരത്തില്‍ പൊലിയുന്ന ജീവനുകളിലേറെയും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണുണ്ടാവുന്നതെന്ന് പല ആവര്‍ത്തി കേള്‍ക്കാറുണ്ട്. പക്ഷെ ഡ്രൈവിങ് സീറ്റിലെത്തിയാല്‍ ആരുമിത് ഓര്‍ക്കാറുമില്ല; നിയമങ്ങള്‍ പാലിക്കാറുമില്ല. ഫലമോ, അനേകം പേര്‍ക്ക് ജീവഹാനിയും പരിക്കും വേദനയുടെ ദിനങ്ങളും.

അശ്രദ്ധമായ ഡ്രൈവിങ്ങിന് പലപ്പോഴും കാരണമാവുന്നത് മൊബൈല്‍ ഫോണാണ്. ഡ്രൈവിങ് സമയത്ത് ഫോണ്‍ ഉപയോഗം പാടില്ലെന്ന് നിയമമുണ്ടെങ്കിലും ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. വിളിക്കുന്നവര്‍ക്കാകട്ടെ ഫോണ്‍ എടുക്കേണ്ടയാള്‍ ഡ്രൈവ് ചെയ്യുകയാണോ എന്ന് പലപ്പോഴും അറിയാറുമില്ല. അപ്പോള്‍ വിളിക്കുന്നയാള്‍ക്ക് ഇതറിയാന്‍ സാധിച്ചാല്‍ അപകടങ്ങള്‍ കുറക്കാന്‍ അതുവലിയ രീതിയില്‍ സഹാകമാവില്ലേ? തീര്‍ച്ഛയായയും കഴിയും എന്നത് അടിയവരയിട്ടുകൊണ്ട് ഇന്‍ഫോസ്‌ടെക്ക് എന്ന ഐടി കമ്പനി രൂപം നല്‍കിയ പുതിയ സേവനമാണ് 'മൊബൈല്‍ ഡ്രൈവിങ് കോളര്‍ ട്യൂണ്‍'.

മധുരയിലാണ് ഈ സേവനം ആദ്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡ്രൈവിങ് സമയത്ത് വിളിക്കുന്നയാള്‍ക്ക് മനസ്സിലാക്കുന്നതിന് ഒരു കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്താല്‍ പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാവും. 'ഐ ആം ഡ്രൈവിങ്, പ്ലീസ് കോള്‍ മീ ആഫ്റ്റര്‍ സം ടൈം' എന്ന ശബ്ദസന്ദേശമാണ് ഫോണ്‍ വിളിക്കുന്നയാള്‍ക്ക് ഈ സമയം കേള്‍ക്കുക. ടെലികോം കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ടോള്‍ ഫ്രീ നമ്പര്‍ വഴി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഉദാഹരണത്തിന് ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് കമ്പനി ഒരുക്കിയിട്ടുള്ള പ്രത്യേക നമ്പറിലേക്ക് വിളിച്ചതിന് ശേഷം എത്ര സമയം വരെ അയാള്‍ ഡ്രൈവിങ് തുടരുമെന്ന് രേഖപ്പെടുത്താന്‍ ഈ സൗകര്യം വഴി കഴിയും. ഇതിനായി ഒന്ന് മുതല്‍ 10 വരെയുള്ള നമ്പറുകളുകള്‍ ഉപയോഗിക്കാം. ഒരോ നമ്പറിനും ഒരു നിശ്ചിത ഡ്രൈവിങ് സമയമായിരിക്കും കമ്പനികള്‍ നല്‍കിയിരിക്കുന്നത്.

ഉദാഹരണത്തിന് ഡ്രൈവിങ് രണ്ട് മണിക്കുര്‍ നേരത്തേക്കാണെങ്കില്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച ശേഷം ഇതിനായി അസൈന്‍ ചെയ്ത നമ്പര്‍ അടിച്ചാല്‍ മതി. പിന്നെ ഈ സമയത്ത് വിളിക്കുന്ന ആര്‍ക്കും നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണെന്ന ശബ്ദ സന്ദേശമാവും ലഭിക്കുക. ഇത് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ സുരക്ഷയെ കരുതി വിളിക്കുന്നയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്യും. ഡ്രൈവിങ് അവസാനിപ്പിക്കുന്ന ഉടന്‍ തന്നെ കോളര്‍ ടോണ്‍ താനെ ഡീ ആക്ടീവേറ്റ് ആവുകയും ചെയ്യും. ഡ്രൈവിങ് സമയത്ത് വരുന്ന കോളിന്റെ ആദ്യ റിങ് മാത്രമേ റിസീവര്‍ക്ക് ലഭിക്കുകയുള്ളു എന്നത് ഈ സേവനത്തിന്റെ പ്രധാനപ്പെട്ടൊരു സവിശേഷതയാണ്. തുടര്‍ച്ചയായി റിങ്‌ടോണ്‍ മുഴങ്ങുമ്പോഴാണ് പലപ്പോഴും ഡ്രൈവര്‍ ഫോണ്‍ എടുക്കാന്‍ നിര്‍ബന്ധിതമാവുന്നത്. ഡ്രൈവിങ് സമയത്ത് ഫോണ്‍ ബെല്ലടിക്കുന്നത് തന്നെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാന്‍ കാരണമവാറുമുണ്ട്. പുതിയ സേവനം ഈ പഴുതും ഇല്ലാതാക്കുന്നു.

ഇന്ത്യന്‍ നിരത്തുകളില്‍ ഡ്രൈവ് ചെയ്യുന്ന പത്ത് പേരില്‍ ഒരാളെങ്കിലും ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നാണ് കണക്ക്. പലരും ഡ്രൈവ് ചെയ്യുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും യാത്ര ചെയ്യാറുണ്ട്. ഈ പ്രവണത ഇല്ലാതാക്കാന്‍ പുതിയ സംവിധാനത്തിന് കഴിയില്ലെങ്കിലും ഡ്രൈവിങ് സമയത്തുള്ള ഫോണ്‍ കോളുകള്‍ കുറക്കുക വഴി അപകടങ്ങള്‍ ഒരു പരിധി വരെയെങ്കിലും കുറക്കാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. മധുര മാതൃകയില്‍ ഇന്തയിലൊട്ടാകെ ഇതവതരിക്കപ്പെട്ടാല്‍ റോഡില്‍ പൊലിയേണ്ട അനേകം ജീവനുകളെ രക്ഷിക്കാന്‍ അതുവഴി സാധിച്ചേക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗണപതി: .9150485455 www.infostech.com