പ്രവചനങ്ങള്‍ക്കതീതമായി കാലാവസ്ഥ പെരുമാറുമ്പോള്‍, സുരക്ഷിതമായ ഭക്ഷണമെന്നത് ഒരുസ്വപ്നം മാത്രമായി മാറുമ്പോള്‍ , ക്യഷിക്കുള്ള ഭൂമി ഊഹക്കച്ചവടത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാറ്റപ്പെടുമ്പോള്‍ തെല്ല് ആശ്വാസത്തിനും പ്രതീക്ഷക്കു വേണ്ടിയും ആയിരിക്കാം ഇന്ന് ആളുകള്‍ പാരമ്പര്യക്യഷിയിലേക്ക് നോക്കാന്‍ തുടങ്ങിയിരിക്കുന്നു.

പാരമ്പര്യ ക്യഷി വികാസ് യോജന എന്ന ഒരു പദ്ധതി തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു. പാരമ്പര്യക്യഷിയെ അശാസ്ത്രീയക്യഷിയെന്നു പറഞ്ഞ് തള്ളിക്കളയുന്നവരുമുണ്ട്. എന്നാല്‍ പാരമ്പര്യ ക്യഷിയിലെ ശാസ്ത്രീയതയെയും അറിവിന്റെ വിവിധ തലങ്ങളെയും തിരിച്ചു പിടിക്കാന്‍ ഒറ്റക്കും കൂട്ടായുമുള്ള ശ്രമങ്ങള്‍ കേരളത്തില്‍ വ്യാപകമാണ്. ജൈവക്യഷിയില്‍ അതു വേണ്ടവിധം ഉപയോഗിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

ഇന്നു നിലനില്‍ക്കുന്ന ക്യഷിഭൂമിക്ക്, പടിഞ്ഞാറന്‍ മാംസാധിഷ്ഠിത ഭക്ഷണരീതി പിന്തുടരുകയാണെങ്കില്‍ 15 ശതമാനം ആളുകള്‍ക്കും, സസ്യാഹാരികളായാല്‍ 94 ശതമാനം പേര്‍ക്കും ഭക്ഷണം നല്‍കാന്‍ കഴിയും .
nature 11382(2016)

Exploring the biophysical option space for feeding the world without deforestation Kit Erb, Christian Lank & Helmat H-aber

ക്യഷി എന്നത് സാധാരണ മനുഷ്യര്‍ തുടങ്ങിയ, മനുഷ്യന്‍ കണ്ടെത്തിയതില്‍ ഏറ്റവും മനോഹരമായൊരു ജീവിത രീതിയാണ്. ജീവനോപാധിയാണ്. ഏറെക്കാലത്തെ നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും ആകെത്തുകയാണ് പാരമ്പര്യ ക്യഷി. ശാസ്ത്രമെന്നത് നിരീക്ഷണങ്ങളിലൂടെയുള്ള കണ്ടെത്തലുകളാണെങ്കില്‍ പാരമ്പര്യക്യഷി യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയക്യഷി തന്നെയാണെന്ന് പറയേണ്ടി വരും.

ഓരേ പ്രദേശത്തിനും കാലത്തിനും അനുയോജ്യമായ വിത്തുകള്‍ കണ്ടെത്തല്‍, ക്യഷിരീതികള്‍ അനുവര്‍ത്തിക്കല്‍, മണ്ണിനനുസരിച്ചുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണം ഇവയൊക്കെ തന്നെ ക്യഷിയില്‍ ഏറെ പ്രായോഗികമായ കാര്യങ്ങളാണ്. ആയിരക്കണക്കിനു കര്‍ഷകരുടെ നിരീക്ഷണങ്ങളും അദ്ധ്വാനവുമാണ് ഈ കാര്‍ഷിക വ്യവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചത്.

കേരളത്തിന്റെ സാഹചര്യത്തില്‍ പാരമ്പര്യ ക്യഷി തന്നെ ഏറെ വൈവിധ്യമാര്‍ന്നതാണ്. കേരളത്തിന്റ ഭൂപ്രക്യതിയുടെയും മണ്ണിന്റയും വൈവിധ്യമാണ് ഇതിനൊരു കാരണം. വയനാട്ടിലെ ക്യഷിരീതികളും ക്യഷിയുടെ കാലവും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. 6-7 മാസം മൂപ്പുള്ള വിത്തുകളാണ് ഇവിടെ ക്യഷി ചെയ്തു വന്നിരുന്നത്. എന്നാല്‍ കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ മൂന്ന് പൂവ് വരെ നെല്‍ക്യഷി ചെയ്തു വന്നിരുന്ന സ്ഥലങ്ങളുണ്ട്.

3-4 മാസം മൂപ്പുള്ള നെല്‍വിത്തുകളാണ് ഈ പ്രദേശങ്ങളില്‍ക്യഷി ചെയ്തു വന്നിരുന്നത്. കുട്ടനാട്-കോള്‍ നിലങ്ങളില്‍ പുഞ്ചക്യഷിമാത്രമേ പുകാലങ്ങളില്‍ ഉണ്ടായിരുന്നുള്ളു. എങ്കിലും സ്വാഭാവികമായ വളക്കൂറുള്ളതു കൊണ്ട് ഈ നിലങ്ങളില്‍ നിന്ന് നല്ല വിളവ് കിട്ടിയിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനമെന്തെന്നു വച്ചാല്‍ പ്രക്യതിയെ ആശ്രയിച്ചായിരുന്നു പാരമ്പര്യക്യഷി. ഇതില്‍ പ്രധാനമായി നോക്കിയിരുന്നത് മഴയാണ്. അതില്‍ തന്നെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ക്യഷിയെ ഏറെ സ്വാധീനിച്ചിരുന്നൊരു ഘടകമാണ്. ഈ കാലത്തെ പല ഞാറ്റുവേലകളായി തിരിച്ച് ഏതു വിത്ത് എപ്പോള്‍ ഇടണമെന്നത് കര്‍ഷകര്‍ കണ്ടെത്തിയിരുന്നു.

മഴയെ പ്രതീക്ഷിക്കാന്‍ കര്‍ഷകരുടെതായ ചില സൂചകങ്ങളും ഉണ്ടായിരുന്നു. ഈ ഒരു അര്‍ത്ഥത്തില്‍ കര്‍ഷകരായിരുന്നു അന്നത്തെ പ്രക്യതി ശാസ്ത്രജ്ഞര്‍. മ്യഗങ്ങളുടെ സ്വഭാവം, സസ്യങ്ങളുടെ വളര്‍ച്ച, മണ്ണിന്റെ വളക്കൂറ് ഇതൊന്നും മനസ്സിലാക്കാതെ ക്യഷിചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതിനും പുറമെയാണ് ക്യഷിയിലെ കൂട്ടായ്മ.

ആധുനിക ക്യഷിയുടെ വരവോടെ നമുക്ക് നഷ്ടമായത് കര്‍ഷകരുടെ ഇത്തരത്തിലുള്ള അറിവും കൂട്ടായ്മയുമാണ്. കര്‍ഷകരുടെ ശാസ്ത്രവും ഇതോടെ നശിക്കാനാരംഭിച്ചു.

പാരമ്പര്യ ക്യഷിയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കര്‍ഷകര്‍ വിത്ത് സംരക്ഷകരായിരുന്നു എന്നതാണ്. കണക്കുകള്‍ പറയുന്നത് ഹരിതവിപ്ളവം തുടങ്ങിയ കാലത്ത് ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം നെല്‍വിത്തുകളുായിരുന്നു എന്നതാണ്. കേരളത്തില്‍ തന്നെ മൂവായിരത്തോളം വ്യത്യസ്ത ഇനം നെല്‍വിത്തുകളുായിരുന്നതായി പറയപ്പടുന്നു.

ഈ വിത്തുകളുടെ പ്രത്യേകത തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഡോ.റിച്ചാറിയ. ആദിവാസികളുടെയും കര്‍ഷകരുടെയും കൂടെ താമസിച്ച് അവരില്‍ നിന്ന് വിത്തുകളെക്കുറിച്ച് പഠിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. പഴയ കാല മദ്ധ്യപ്രദേശ് സംസ്ഥാനത്തു നിന്നു മാത്രം 20000 ത്തോളം വിത്തുകള്‍ അദ്ദേഹം ശേഖരിക്കുകയും വര്‍ഗ്ഗീകരിക്കുകയുമുായി.

പാരമ്പര്യക്യഷി എന്നു പറയുമ്പോഴും ഒട്ടെറെ വ്യത്യസ്തതകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ പാരമ്പര്യക്യഷിയില്‍ ഊന്നല്‍ കൊടുത്തിരുന്നത് ഭക്ഷ്യവിളകള്‍ക്കും സുഗന്ധവ്യജ്ഞന വിഭാഗത്തില്‍പ്പെട്ടവയ്ക്കുമായിരുന്നു. കേരളം അറിയപ്പട്ടിരുന്നതു തന്നെ സുഗന്ധവിളകളുടെ പേരിലായിരുന്നു. കേരളത്തില്‍ നിന്നുള്ള ഏലം, കുരുമുളക്, എന്നിവ യെ തേടിയായിരുന്നു അറബികളും യൂറോപ്യന്‍മാരും ഇവിടെ എത്തിയതുതന്നെ. ഈ വിളകളില്‍ ഏറെ വൈവിധ്യം ഇവിടുത്തെ കര്‍ഷകര്‍ തന്നെ കാത്തു സൂക്ഷിച്ചിരുന്നു. വയനാടന്‍ മഞ്ഞള്‍, ഇഞ്ചി എന്നിവ ഉദാഹരണങ്ങളാണ്. കുരുമുളകിന്റെ ഒരു കലവറ തന്നെയാണ് കേരളം.

മഴക്കാലത്തെ ആശ്രയിച്ചായിരുന്നു ഇവിടുത്തെ ക്യഷി എന്നു പറഞ്ഞുവല്ലോ. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇവിടുത്തെ ക്യഷി രീതികള്‍. അധിക മഴയായിരുന്നു നമുക്ക് പ്രശ്നം. അതുകൊണ്ട് തന്നെയാണ് തീരപ്രദേശങ്ങളിലും കുന്നുകളുടെ താഴ്വാരങ്ങളിലും (ഏലകള്‍) എല്ലാം വെള്ളത്തെ അതിജീവിക്കാന്‍ കഴിവുള്ള നെല്‍ക്യഷി വ്യാപകമായത്. കുന്നുകളുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊാണ് കര്‍ഷകര്‍ കുന്നുകളില്‍ ക്യഷി ചെയ്തിരുന്നത്. ലോകത്തു തന്നെ ഏറ്റവും ഉല്‍പ്പദനക്ഷമമായ ഒരു ക്യഷിരീതിയായി അംഗീകരിച്ചിട്ടുള്ളത് കേരളത്തിലെ ഇത്തരത്തിലുള്ള പുരയിട ക്യഷിരീതിയാണ്. 

അതുപോലെ മഴക്കാല പച്ചക്കറിക്യഷിയും വേനല്‍ക്കാല പച്ചക്കറിക്യഷിയും എന്ന് രണ്ട് ക്യഷിക്കാലങ്ങള്‍ പാരമ്പര്യക്യഷിക്കുായിരുന്നു. കാലങ്ങളിലും വ്യത്യസ്ത വിത്തുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും വയനാട്ടില്‍ മഴക്കാല മത്തന്‍- കുമ്പളക്യഷി തുടരുന്നത് കാണാന്‍ കഴിയും. വിത്തു കൈമോശം വരാത്തതാണിതിനു കാരണം. അതുപോലെ തന്നെ മണല്‍കൂടുതലുള്ള പാടങ്ങളില്‍ എള്ളും മറ്റു വയലുകളില്‍ ഉഴുന്ന്, പയര്‍ തുടങ്ങിയവയും,നനവുള്ള വയലുകളില്‍ പച്ചക്കറികളും കേരളത്തില്‍ വ്യാപകമായിരുന്നു. 

വയലുകള്‍ക്കു വന്ന നാശവും പുരയിടക്യഷി ഏകവിളത്തോട്ടങ്ങളുമായി മാറിയതാണ് കേരളത്തിന്റെ ഭക്ഷ്യ ക്ഷാമത്തിനു കാരണമായിത്തീര്‍ന്നത്. ഉല്‍പ്പാദന വര്‍ദ്ധനവിന്റെ പേരില്‍ എന്തും എവിടെയും ക്യഷി ചെയ്യാം എന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ആധുനിക ക്യഷി അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണന്നത് ഇന്ന് വിദഗ്ധര്‍ തന്നെ സമ്മതിക്കുന്നൊരു കാര്യമാണ്.

പാരമ്പര്യ ക്യഷിയില്‍ വന്ന മാറ്റം നമ്മുടെ ഭക്ഷണ ശീലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങളെ മൂന്നു നേരവും അരിയാഹാരം കഴിക്കുന്നവരാക്കി മാറ്റി എന്നതാണിതില്‍ പ്രധാനം. മിഥുനം കര്‍ക്കിടകം മാസങ്ങളില്‍ ഇലക്കറികളും വ്യശ്ചികം ധനു മാസങ്ങളില്‍ കിഴങ്ങുകളും മീനം മേടം ഇടവം മാസങ്ങളില്‍ ചക്കയും മാങ്ങയുമൊക്കെയായി ഒരു ഭൂതകാലം നമുക്കുായിരുന്നു. 

അതാതു സീസണില്‍ കിട്ടുന്നത് കഴിക്കുന്ന നമ്മുടെ ശീലത്തെ മോശമാണെന്ന് തോന്നിപ്പിച്ച് വര്‍ഷം മുഴുവന്‍ ചില ധാന്യങ്ങള്‍ (അരി,ഗോതമ്പ്) മാത്രം കഴിക്കുന്ന ആളുകളാക്കി മാറ്റിയത് അബദ്ധമായെന്ന് തിരിച്ചറിയാന്‍ ഇന്നു തുടങ്ങിയിട്ട്. നമ്മുടെ അടുത്തുാകുന്ന ഭക്ഷണം (Local), അതാതു കാലത്തെ ഭക്ഷണം(Seasonal),കഴിക്കുന്നതാണ് ആരോഗ്യകരം എന്ന് ആധുനിക ശാസ്ത്രം തന്നെ പറയാന്‍ തുടങ്ങിയിരിക്കുന്നു. 'ഭക്ഷണം കഴിക്കുന്നതു ഒരു കാര്‍ഷികപ്രവര്‍ത്തിയാണെന്ന്'

അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനും കര്‍ഷകനുമായ വെന്‍ഡല്‍ ബെറി പറഞ്ഞത് വെറുതെയല്ല. വിത്തും ഭക്ഷണവുമായുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് ജൈവകര്‍ഷകരെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുെന്നത് ആശ്വാസകരമായ കാര്യമാണ്.

കേരളത്തില്‍ ചെറുധാന്യങ്ങള്‍ ക്യഷിചെയ്തിരുന്നു

റാഗി, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങള്‍ കേരളത്തില്‍ ക്യഷിചെയ്തിരുന്നതായി വയസ്സായ കര്‍ഷകര്‍ പറയാറുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന ത്യശ്ശൂര്‍ ജില്ലയില്‍ റാഗിയും ചാമയും ധാരാളമായി ക്യഷി ചെയ്തിരുന്നു. റേഷന്‍ കടകളിലൂടെ അരിയും ഗോതമ്പും കൊടുക്കുന്നതിനു മുമ്പുള്ള കാലത്ത് റാഗിയും മുതിരയും ചേര്‍ന്നുള്ള ഭക്ഷണമായിരുന്നത്ര മഴക്കാലത്ത് സാധാരണ ആളുകള്‍ ഇവിടെക്കഴിച്ചിരുന്നത്.

ഒരു കാലത്ത് ഈ രീതിയെ നമ്മള്‍ കണ്ടിരുന്നത് ദാരിദ്രത്തിന്റെ ലക്ഷണമായിരുന്നെങ്കില്‍, ഇന്ന് ഇത്തരം ഭക്ഷണം ഏറ്റവും വിലകൂടിയതായി മാറുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുക. ഇന്ത്യയുടെ സൂപ്പര്‍ പള്‍സ് എന്നാണ് മുതിരയെ ഇന്നത്തെ വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ അടുത്തൊരു കാലം വരെ ചെറുധാന്യങ്ങള്‍ ക്യഷി ചെയ്തിരുന്ന ഒരു പ്രദേശം അട്ടപ്പാടിയാണ്. ആദിവാസികള്‍ക്ക് റേഷന്‍ കടകളിലൂടെ അരി കൊടുക്കാന്‍ തുടങ്ങിയതോടെ അവരുടെ ഭക്ഷണശീലവും മാറ്റത്തിനു വിധേയമായി.

മാങ്ങാത്തെര

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കണമെന്നത് എന്നും നമ്മള്‍ കേള്‍ക്കുന്നൊരു കാര്യമാണ്. കേരളത്തില്‍ നിന്ന് വടക്കോട്ടു യാത്ര ചെയ്യുന്ന ആളുകള്‍ ആന്ധ്രാ പ്രദേശിലെത്തുമ്പോള്‍ സ്ഥിരമായി വാങ്ങുന്നൊരു സാധനമുണ്ട്. മാങ്ങാത്തെര. കേരളത്തില്‍ കിട്ടാത്ത രുചിയുള്ളൊരു സാധനമാണല്ലോ ഇത്. എന്നാല്‍ നമ്മുടെ മുത്തശ്ശിമാര്‍ ഇതുണ്ടാക്കുന്നതില്‍ വിദഗ്ധരായിരുന്നു. അതും ഏലക്കായും കരയാമ്പൂ തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ഇട്ട് മടക്കു മടക്കായി മാമ്പഴം ഉണക്കി സൂക്ഷിച്ച് കുട്ടികള്‍ക്ക് ഇടക്ക് തിന്നാനും, മഴക്കാലത്ത് കറിവെക്കാനും മുത്തശ്ശിമാര്‍ ശ്രദ്ധിച്ചിരുന്നു.