അമ്പലപ്പുഴ: പുലര്‍ച്ചെ കുളി. അതു കഴിഞ്ഞാല്‍ വടിയും കുത്തി മീനാക്ഷിയമ്മ നേരേപോകുന്നത് പാടത്തേക്ക്. വീട്ടുകാര്‍ വഴക്കിട്ടാണ് പിന്നെ തിരികെക്കയറ്റുക. തൊണ്ണൂറ്റിയൊന്‍പതിലെത്തിയ മീനാക്ഷിയമ്മയ്ക്ക് വിളഞ്ഞുനില്‍ക്കുന്ന പാടം ഇന്നും ആവേശമാണ്. 'എന്റെ ജീവന്‍ ഈ പാടത്താണ്' - അവര്‍ ഇടയ്ക്കിടെ പറയും.

പുലര്‍ച്ചെ അഞ്ചുമണിക്ക് ഉണര്‍ന്നാലുടന്‍, തണുത്ത വെള്ളത്തില്‍ത്തന്നെ കുളിക്കണം. അതിനാരുടെയും സഹായം വേണ്ട. നടക്കുമ്പോള്‍ കാലിലൊരു പുല്ല് തട്ടിയാല്‍ അത് പറിച്ചുകളഞ്ഞിട്ടേ മുന്നോട്ടുള്ളൂ.

ആറോ ഏഴോ വയസ്സുമുതല്‍ പാടത്ത് പണിചെയ്തുതുടങ്ങിയ ശീലമാണ്. കാഴ്ചയ്ക്കും കേള്‍വിക്കും നേരിയ കുറവുണ്ടെന്നല്ലാതെ, മറ്റ് ആരോഗ്യപ്രശ്‌നവുമില്ല. ഈ പ്രായത്തിലും വെയിലും മഴയുമൊന്നും മുത്തശ്ശിക്കു പ്രശ്‌നമല്ല. രോഗങ്ങള്‍ മീനാക്ഷിയമ്മയുടെ ഏഴയലത്ത് എത്താറുമില്ല. അധ്വാനിച്ച് കരുത്തുനേടിയ ശരീരത്തെ, രോഗങ്ങള്‍ക്ക് കീഴടക്കാനാവില്ലെന്നതിന് ഈ ജീവിതം സാക്ഷ്യം.

ചെറുപ്പകാലം ഈ കര്‍ഷകത്തൊഴിലാളിയുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു. രണ്ടു കൈകൊണ്ടും ഞാറുപറിച്ചകാലംമുതല്‍ എല്ലാം അവര്‍ ഓര്‍ത്തെടുത്തു പറയും. മറ്റുള്ളവര്‍ ഒരു ഞാറ് പറിക്കുമ്പോള്‍, താന്‍ അഞ്ചെണ്ണം പറിച്ചിരിക്കുമെന്നാണ് അവരുടെ പഴയകാല അനുഭവം. മൂന്നു വര്‍ഷമായി നടക്കാന്‍ ഊന്നുവടി വേണം. എന്ത് ആഹാരം കിട്ടിയാലും വയര്‍ നിറയെ കഴിക്കും.

അവിവാഹിതയായ മീനാക്ഷിയമ്മ, സഹോദരന്‍ തങ്കപ്പനും കുടുംബത്തിനുമൊപ്പം അമ്പലപ്പുഴ വണ്ടാനം കിഴക്ക് നാല്പതില്‍ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്ന് പച്ചവിരിച്ചുനില്‍ക്കുന്ന ഒറ്റവേലിപ്പാടമാണിന്ന് മീനാക്ഷിയമ്മയുടെ മനസ്സുനിറയെ. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പാടത്തേക്കിറങ്ങിയാല്‍, പിന്നെ ആകെയൊരുഷാറാണ്. 'വേലയ്‌ക്കൊരു മടിയുമില്ല, കണ്ണുകാണാന്‍ പറ്റില്ലെന്നേയുള്ളൂ'- മീനാക്ഷിയമ്മ പറയുന്നു. പാടത്തിറങ്ങിയാല്‍പ്പിന്നെ കാഴ്ചയൊരു പ്രശ്‌നമല്ലെന്ന് അവര്‍ കാട്ടിത്തരികയും ചെയ്യും.