കട്ടപ്പന : പരിമിതികളുടെ ലോകത്തുനിന്നുകൊണ്ട് നൂറുമേനി വിളവെടുത്ത് ചിങ്ങപ്പുലരിയില്‍ കാര്‍ഷികലോകത്തിന് മാതൃകയാവുകയാണ് വള്ളക്കടവ് സ്‌നേഹസദന്‍ സ്പെഷ്യല്‍ സ്‌കൂള്‍. കാര്‍ഷികദിനത്തില്‍ കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറികൃഷി വികസനപദ്ധതിയുടെ സംസ്ഥാന-ജില്ലാ പുരസ്‌കാരങ്ങളുടെ നിറവിലാണ് സ്നേഹസദന്‍ അന്തേവാസികളും ഹെഡ്മാസ്റ്റര്‍ സി.ജെസ്സി മരിയയും. 

വൈകല്യങ്ങള്‍ ബാധിച്ച് പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടി 1987 ലാണ് സ്നേഹസദന്‍ തുടങ്ങുന്നത്. വള്ളക്കടവ് സ്വദേശിയായ കുട്ടിച്ചേട്ടനാണ് സ്‌കൂളിനുള്ള സ്ഥലം സൗജന്യമായി നല്‍കിയത്. ചുരുക്കം ചിലകുട്ടികളുമായി തുടക്കമിട്ട സ്ഥാപനത്തില്‍ കുട്ടികളും മുതിര്‍ന്നവരുമായി ഇന്ന് നൂറോളം അന്തേവാസികളുണ്ട്.

2015 ല്‍ ബെസ്റ്റ് സ്പെഷ്യല്‍ സ്‌കൂളിനുള്ള അവാര്‍ഡ് സ്നേഹസദനെ തേടിയെത്തി 2013-14 വര്‍ഷത്തെ കൃഷിവകുപ്പിന്റെ സംസ്ഥാന അവാര്‍ഡും ഈ വര്‍ഷം കൃഷിവകുപ്പിന്റെ സമഗ്രപച്ചക്കറികൃഷി വികസനപദ്ധതിയുടെ ഭാഗമായ്  ജില്ലാ അവാര്‍ഡും കരസ്ഥമാക്കി.ഏഴു വര്‍ഷംമുമ്പ് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുവാനാണ് സ്നേഹസദനില്‍ പോളിഹൗസ് കൃഷി ആരംഭിച്ചത്. ഇത് കുട്ടികള്‍ക്ക് കൃഷിയില്‍ താത്പര്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ഇന്ന് ജലസേചനത്തിന് ഫൗണ്ടന്‍ സൗകര്യമുള്ള രണ്ട് പോളിഹൗസുകളില്‍ പയര്‍, പാവല്‍, കാരറ്റ്, പടവലം, കാബേജ്, ക്വാളിഫ്‌ളവര്‍, തുടങ്ങിയവ വളരുന്നു. പോളിഹൗസിന് പുറത്ത്് കോഴിഫാം, പശുവളര്‍ത്തല്‍, മല്‍സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, കൂണ്‍ കൃഷി തുടങ്ങിയവയുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ സ്വന്തമായ് വിപണനം ചെയ്യുവാനുള്ള ശ്രമത്തിലാണ് സ്നേഹസദനം.