തിരുവനന്തപുരം: ആകാശവാണിയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. 'ബോയിങ് ബോയിങ് സിനിമയില്‍ ഇറച്ചിക്കോഴി വ്യായാമം ചെയ്യുമ്പോലൊരു കഥ. 1974ലാണ് സംഭവം. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ മരിച്ചു. ഏക കേള്‍വി മാദ്ധ്യമമായ ആകാശവാണിയില്‍ വാര്‍ത്തയും അനുസ്മരണങ്ങളും ദുഖ സംഗീതത്തിന്റെ അകമ്പടിയോടെ പുരോഗമിക്കുന്നു. അതിങ്ങനെയായി, 'ചെമ്പൈ കഥാവശേഷനായി... ചാക്കില്‍കെട്ടി ആവശ്യത്തിന് ഈര്‍പ്പം കൊടുത്ത് വെള്ളം കൊടുത്ത ശേഷം വിതയ്ക്കാം..'

ഫിലിം കാസറ്റുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നതിന്റെ ദുരന്തം. അന്ന് ചെമ്പൈയുടെ വിയോഗത്തിനൊപ്പം കേട്ടത് 'വയലും വീടു'മായിരുന്നു. കൃഷി വ്യാപനവും ഗ്രാമവികസനവും ലക്ഷ്യമിട്ട് 1966 ആഗസ്ത് 11ന് ആരംഭിച്ച പരിപാടിയെക്കുറിച്ച് ഇന്ന് പറയുന്നതെന്തിനെന്ന് മനസ്സിലായിക്കാണുമല്ലോ? അതേ.. പരിപാടിയ്ക്ക് ഇന്ന് അമ്പത് വയസു തികഞ്ഞു.

വയലും വീടും -തുടക്കം

തൃശ്ശൂര്‍ നിലയത്തിലായിരുന്നു അമ്പതുകൊല്ലം മുമ്പ് ഇതേദിവസം പരിപാടിയുടെ തുടക്കം. ആദ്യകാലത്ത് കൃഷി വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരെ പരിപാടി നടത്തിപ്പിനായി വിനിയോഗിക്കുകയായിരുന്നു പതിവ്. നെല്ലുല്‍പാദനം വര്‍ദ്ധിപ്പിച്ച് ദാരിദ്ര്യം ഇല്ലാതാക്കുകയായിരുന്നു വിശാല ലക്ഷ്യം. റേഡിയോ ആഡംബരമായിരുന്ന കാലമായിട്ടും ലൈവായി പോലും പരിപാടി നടത്താന്‍ സൗകര്യമുണ്ടായിരുന്നു. ഇതിനായി ഫാം റേഡിയോ ഓഫീസര്‍മാരുണ്ടായിരുന്നു, ഫാം റേഡിയോ റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നു.

പിന്നീടത് മാറിയിട്ടും സ്വന്തം നിലയമില്ലാതിരുന്ന തൃശ്ശൂരേക്ക് തിരുവനന്തപുരത്തു നിന്നുവരെ കാസറ്റുകള്‍ പോകുമായിരുന്നു. പിന്നീട് മറ്റുനിലയങ്ങളിലേക്കും പരിപാടി വ്യാപിച്ചു. 1972ല്‍ കോഴിക്കോടും 88ല്‍ തിരുവനന്തപുരത്തും തുടങ്ങി. രാവിലെയും വൈകിട്ടുമാണ് ആദ്യകാലത്ത് പരിപാടി സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള പ്രക്ഷേപണത്തിനനുസരിച്ചായിരുന്നതിനാല്‍ കൃത്യമായ സമയക്രമമുണ്ടായിരുന്നില്ല.

വയലും വീടും കര്‍ഷകന് നല്‍കിയത്

സാധാരണക്കാരായ കര്‍ഷകരുടെ ജീവിതത്തില്‍ ചില്ലറ സ്വാധീനമല്ല പരിപാടിയ്ക്കുണ്ടായിരുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ കൃഷിയെയും ഗ്രാമവികസനത്തെയും നേരോടെ അവതരിപ്പിച്ചു. സാധാരണക്കാരോട് സംവദിച്ചു. അവരുള്ളിടങ്ങളില്‍ നേരിട്ടു പോയി അവരുടെ ജീവിതം കേള്‍പ്പിച്ചു. അത് ഡോക്യുമെന്ററിയായും അഭിമുഖമായും യാത്രയായും കഴിയുന്ന എല്ലാ മാര്‍ഗത്തിലും ശ്രോതാവിലെത്തിച്ചു.

പാരമ്പര്യ കൃഷിരീതികളെയും പുത്തന്‍ പ്രവണതകളെയും നാണയത്തിന്റെ വശങ്ങള്‍ പോലെ അവതരിപ്പിച്ചു. സ്റ്റുഡിയോ റെക്കോര്‍ഡിങ്ങായിരുന്നില്ല പലപ്പോഴും. 60 ശതമാനവും റെക്കോര്‍ഡിങ് പുറത്തായിരുന്നു. സാധാരണക്കാരോട് സംവദിക്കത്തക്ക വിധമായിരുന്നു ഭാഷ. നര്‍മ്മം അതിലൊരു ചേരുവയായി.

വിപണി നിലവാരവും വിത്തോ വളര്‍ത്തുജീവികളെയോ കിട്ടാനുള്ള മാര്‍ഗങ്ങളും പരിപാടി അവതരിപ്പിച്ചു. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള റൂറല്‍ പ്രോഗ്രാം അഡൈ്വസറി കമ്മിറ്റിയാണ് പരിപാടിയുടെ ഉള്ളടക്കം നിര്‍ദ്ദേശിക്കുന്നത്. കൃത്യമായി കൂടുന്ന ഈ സമിതിയില്‍ കൃഷി,മൃഗസംരക്ഷണം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും കര്‍ഷകരും വരെ അംഗങ്ങളാണ്. പ്രദേശങ്ങളുടെ പ്രാതിനിധ്യമുറപ്പിക്കാന്‍ കേരളത്തിലെ ഓരോ നിലയവും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

കര്‍ഷകനെ നേരിട്ടുകണ്ട് ഇടപെടുത്തിക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. റേഡിയോ ലിസണേഴ്സ് ഫോറങ്ങളുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ കൂട്ടി. അവര്‍ക്ക് കൂട്ടായി കേള്‍ക്കാന്‍ റേഡിയോകള്‍ നല്‍കി. കേട്ടിട്ട് പ്രതികരണം ഇന്‍ലന്റില്‍ അയയ്ക്കാനും സൗകര്യമൊരുക്കി. തന്റെ ജീവിതം പറയുന്നതിലൂടെ എല്ലാത്തരം ജീവിതങ്ങളെയും പ്രതിനിധീകരിക്കുന്ന മാദ്ധ്യമത്തെ കര്‍ഷകന്‍ നെഞ്ചോടു ചേര്‍ത്തു.

കര്‍ഷക കൂട്ടായ്മകളും സന്നദ്ധ സംഘങ്ങളും പരിപാടിയുടെ ഭാഗമായി. കേരളത്തില്‍ ഒട്ടുമിക്കയിടത്തും കാര്‍ഷിക വികസന പദ്ധതികള്‍ നടന്നു. ഐ.ആര്‍ 8 എന്ന അത്യുല്‍പാദന ശേഷിയുള്ള നെല്ലിനത്തെ ആളുകള്‍ റേഡിയോ നെല്ലെന്നു വിളിക്കും വിധമായിരുന്നു പരിപാടിയുടെ സ്വാധീനം. 

പുതുകാലം,പുതുരീതി -ഇന്നത്തെ റേഡിയോ

കഴിഞ്ഞ അമ്പതുകൊല്ലമായി കര്‍ഷകരോടും അതുവഴി ജീവിതശൈലിയോടും നേരിട്ടിടപെട്ട വയലും വീടും എക്കാലവും നിലനില്‍ക്കുമെന്ന് കാല്‍നൂറ്റാണ്ടായി പരിപാടി നിര്‍മ്മിക്കുന്ന തിരുവനന്തപുരം നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര പറയുന്നു. ആളുകളെ കൃഷിയിലേക്കെത്തിക്കാനുള്ള വിദ്യകളാണ് പരിപാടിയിലൂടെ ആവിഷ്‌കരിക്കുന്നത്.

ആയുര്‍ദൈര്‍ഘ്യവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ പരക്കം പായുന്ന മലയാളിയ്ക്ക് കൃത്യമായ വഴി പറഞ്ഞുകൊടുക്കുകയാണ് പ്രധാന ലക്ഷ്യം. വാഴക്കൂമ്പും വന്‍പയറും ചേനത്തണ്ടും ചെറുപയറും എന്ന നിലയിലെ ഭക്ഷണ സമ്പ്രദായം മടക്കിയെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കും. ഗ്രാമചന്തകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ലക്ഷ്യമായേറ്റെടുക്കും. കൃഷിയോടൊപ്പം ആരോഗ്യവും വയലും വീടും ശ്രോതാവിന് നല്‍കും- മുരളീധരന്‍ തഴക്കര പറഞ്ഞു

സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലാകമാനം പരിപാടികള്‍ പുരോഗമിക്കുകയാണ്. കര്‍ഷക സംഗമവും കര്‍ഷകരെ പങ്കെടുപ്പിക്കുന്ന ക്വിസ് പരിപാടിയുമാണ് ഇതില്‍ പ്രധാനം. ഒരു കൊല്ലം നീണ്ട ആഘോഷപരിപാടികള്‍ ഡിസംബറില്‍ അവസാനിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പങ്കെടുക്കുന്ന മെഗാ ക്വിസ് പരിപാടിയും സംവാദവും നടക്കും.