കോഴിക്കോട്: ബീച്ച് മറൈന്‍ഗ്രൗണ്ടില്‍ നടക്കുന്ന മാതൃഭൂമി കാര്‍ഷികമേളയില്‍ വിവിധമേഖലകളിലെ കൃഷി വിദഗ്ധരുടേയും കര്‍ഷകരുടേയും മുഖാമുഖം പരിപാടി ശ്രദ്ധേയമായി. കാര്‍ഷിക വിജ്ഞാനത്തിന്റെ ഓരോ  മേഖലകളിലെയും സാധ്യതകള്‍ വിവരിച്ചശേഷം കര്‍ഷകരില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി.  

 15 വര്‍ഷം മുമ്പ് നിലച്ചുപോയ മാതൃഭൂമി കാര്‍ഷികമേള പുനരാരംഭിച്ചതിനെ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ് മുതുകുളം പ്രശംസിച്ചു. നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന കൃഷിരംഗം പില്‍ക്കാലത്ത് വ്യവസായവത്കരിക്കപ്പെടുകയും കാര്‍ഷിക സംരംഭകത്വത്തിന്റെ മേഖലയിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. എന്‍ജിനീയറിങ് ബിരുദധാരികള്‍ വരെ കൃഷിയിലും അനുബന്ധവ്യവസായങ്ങളിലും ഏര്‍പ്പെട്ട് വിജയകരമായി മുന്നേറുന്നു. 

വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കാന്‍ കാര്‍ഷികസ്ഥാപനങ്ങള്‍ തന്നെ പരിശീലനം നല്‍കുന്നു. ജൈവകൃഷി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കാനാവും. പോളി ഹൗസുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ പ്രചാരണത്തിലുണ്ട്. ഓരോ വീട്ടിലും ഓരോ ഹരിതഗൃഹം എന്ന ലക്ഷ്യത്തോടെ മുന്നേറാനാവണം. കാര്‍ഷിക വൃത്തിയുടെ മാറുന്നമുഖവുമായി പൊരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കടലില്‍ മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ വലിയസാധ്യതകളുണ്ടെന്ന് ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ ഡോ. ദിനേശ് ചെറുവാട്ട് പറഞ്ഞു. ഇപ്പോള്‍ കേരളം രാജ്യത്ത് പത്താം സ്ഥാനത്താണ്. ഒരു ലക്ഷം ഹെക്ടര്‍ നെല്‍വയലുകളില്‍ മത്സ്യകൃഷി ചെയ്യാനാവും. വയനാട്ടില്‍ പോലും ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ വലിയ ലാഭമുണ്ടാക്കുന്നവരുണ്ട്.

അറിവുകള്‍ വ്യാപനംചെയ്യുന്നതില്‍ പോരായ്മകള്‍ ഏറെയുണ്ടെന്നായിരുന്നു കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. ജയരാജിന്റെ അഭിപ്രായം. 23 കാലാവസ്ഥാമേഖലകള്‍ കേരളത്തിലുണ്ട്. ഇത് മനസ്സിലാക്കിവേണം കൃഷിനടത്തേണ്ടത്. ജൈവകൃഷി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് നാം ആലോചിക്കാറില്ല. ശാസ്ത്രീയ തത്ത്വങ്ങള്‍ ഇതില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിശോധിക്കണം. ആരോഗ്യമുള്ള കൃഷിയിടവും ആരോഗ്യമുള്ള വിളകളും ഉണ്ടെങ്കില്‍ ആരോഗ്യമുള്ള സമൂഹമുണ്ടാവും.സഹകരണസംഘങ്ങള്‍, ഗ്രാമീണബാങ്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന കാര്‍ഷിക വായ്പകളെക്കുറിച്ച് നബാര്‍ഡ്  ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ വിശദീകരിച്ചു. 

സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പല പദ്ധതികളുമുണ്ട്. വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരാനിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്ഷീരോത്പാദനത്തില്‍ കേരളം ഏതാണ്ട് സ്വയംപര്യാ പ്തത കൈവരിച്ചുകഴിഞ്ഞതായി വെറ്ററിനറി വകുപ്പ് അസി. പ്രോജക്ട് ഓഫീസര്‍ ഡോ. പി.കെ. ഷിഹാബുദ്ദീന്‍ പറഞ്ഞു. കൃഷി-മൃഗസംരക്ഷണ മേഖലകളില്‍ സാങ്കേതിക വിദഗ്ധരുടെ ലഭ്യത ഏറ്റവുമുറപ്പുള്ള സ്ഥലംകൂടിയാണ് കേരളം. അത് കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണം. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ശശിധരന്‍ മങ്കത്തില്‍ സ്വാഗതം പറഞ്ഞു.