പേരുകേട്ടാല്‍ത്തന്നെ ചൊറിയുന്ന ചെടിയായ നായ്ക്കുരണയെ പണം വര്‍ഷിക്കുന്ന വിളയാക്കിമാറ്റുകയാണ് കണ്ണൂരുകാരന്‍ ജോയി. കണ്ണൂര്‍ ജില്ലയിലെ ഉളിക്കലിനടുത്ത് വയത്തൂരിലെ കുരിക്കലാം കാട്ടില്‍ ജോയിയാണ് ആരും തൊടാന്‍ പേടിക്കുന്ന, തൊട്ടാല്‍ 'വിവര'മറിയുന്ന നായ്ക്കുരണയെ നട്ട് വളര്‍ത്തി വലുതാക്കി പൊടിച്ച് ആയുര്‍വേദ വിധിപ്രകാരമുള്ള ഫുഡ് സപ്ലിമെന്റാക്കുന്നത്. സക്‌സസ് പ്ലസ് എന്നാണ് ഉത്പന്നത്തിന്റെ പേര്. സ്വദേശത്തും വിദേശത്തും ഇതിന് ഡിമാന്റേറെയാണ്.

മറ്റ് പല കൃഷികളിലുമേര്‍പ്പെട്ടിരിക്കുന്ന ജോയി അതില്ലാം നഷ്ടം വന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷം മുമ്പുവരെ വിപണിയില്‍ നായ്ക്കരണപ്പൊടിക്ക് ലഭിക്കുന്ന ഉയര്‍ന്ന വിലയും അതിന്റെ ഫലസിദ്ധികളുടെ പ്രശസ്തിയും കേട്ടറിഞ്ഞാണ് ജോയി ഇതിലെത്തിയത്.

പഴശ്ശി അണക്കെട്ടിന് സമീപമാണ് ഇദ്ദേഹത്തിന്റെ എട്ടേക്കര്‍ കൃഷിയിടം. ഇവിടെനിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ജോയി താമസിക്കുന്നത്. എന്നാലും തന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കൃഷി വിളകള്‍ക്ക് യാതൊരുകാവലും ജോയി ഏര്‍പ്പെടുത്തിയിട്ടില്ല. കാരണം തൊട്ടാല്‍ ചൊറിയുന്ന കാറ്റേറ്റാല്‍ നീറുന്ന നായ്ക്കരണ തൊടാന്‍ കള്ളന്മാര്‍ വരില്ല എന്നതുതന്നെ. പ്രകൃതിയുടെ സ്വയം സംക്ഷണം വിളയ്ക്ക് ലഭിക്കുന്നു. ലോകത്ത് വേറൊരു കാര്‍ഷിക വിളയ്ക്കും കിട്ടാത്ത സംരക്ഷണം.

joy

ഇന്ത്യയിലുടനീളം കണ്ടു വരുന്നതും പയര്‍വര്‍ഗ്ഗത്തില്‍ പെടുന്നതുമായ വിളയാണ് നായ്കുരുണ ഫാബെലസ് കുടുംബക്കാരനായ ഇതിന്റെ ശാസ്ത്രനാമം മ്യുകാന പ്യുറിയന്‍സ് എന്നാണ്. ആയുര്‍വേദത്തില്‍ മികച്ച വാജീകരണ ഔഷധമായാണ് നായ്കുരുണ അറിയപ്പെടുന്നത്.

അജഡാ, കണ്ഡുര, പ്രാവുഷേണ്യ, മര്‍ക്കടി, കുലക്ഷയാ എന്നിങ്ങനെ പലപേരുകളില്‍ സംസ്‌കൃതത്തില്‍ അറിയപ്പെടുന്നു. മധുരതിക്ത രസവും ഗുരു സ്‌നിഗ്ധ ഗുണവുമുള്ള ഇതിന്റെ വീര്യം ഉഷ്ണവും വിപാകം മധുരവുമാണ്. പന്തലില്‍ പടര്‍ന്നുകയറി വിളയുന്ന വള്ളിച്ചെടിയാണ് ഇത് വിളയുന്നത്. സോയബീന്‍ പയറിന്റെ ചേട്ടനാണ് നായ്കുരുണ. കൃഷി രീതിയും അങ്ങനെത്തന്നെയാണെന്ന് ജോയി പറയുന്നു.

കാടുകയറിയ വിത്ത് ശേഖരണം

നിശ്ചയദാര്‍ഢ്യത്തോടെ നായ്കുരുണ കൃഷിയിലേക്കിറങ്ങാന്‍ ഉറപ്പിച്ച ജോയി നേരിട്ട ആദ്യ പ്രശ്‌നം വിത്തിന്റെ അഭാവമായിരുന്നു. നാടായ നാട്ടിലൊക്കെ വൈദ്യന്മാരെയും കര്‍ഷകരെയും സമീപിച്ചിട്ടും നിരാശയായിരുന്നു ഫലം. അവസാനം തന്റെ ആത്മസുഹൃത്ത് കിരണിന്റെ നിര്‍ദ്ദേശത്തില്‍ വിത്തു തേടി കാടുകയറാന്‍ ജോയി തീരുമാനിച്ചു. അങ്ങനെ രണ്ടാളും ഇരിക്കൂറിനടുത്തുള്ള പടിയൂര്‍ കാടുകളില്‍ അന്വേഷകരായിറങ്ങി. രണ്ടാഴ്ചത്തെ അന്വേഷണത്തിന്റെ ഫലമായി ജോയിക്കും കൂട്ടുകാരനും നിരവധി വിത്തുകള്‍ ശേഖരിക്കാനായി. വിത്തുകള്‍ക്കൊപ്പം ലഭിച്ച ചൊറിച്ചില്‍ മാറാന്‍ നാലഞ്ച് നാള്‍ വേണ്ടിവന്നെങ്കിലും തന്റെ അന്വേഷണം ഫലപ്രാപ്തിയിലെത്തിയതിന്റെ ഉന്മേഷത്തോടെ ജോയി കൃഷിയിലേക്കിറങ്ങി. ഇതിന്മുമ്പ് അദ്ദേഹം പരിയാരം ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോ.പത്മനാഭനെ സമീപിച്ച് ഇതിന്റെ ഗുണങ്ങളെക്കുറിച്ചും വിപണന സാധ്യതകളെക്കുറിച്ചും ഒന്നുകൂടി ഉറപ്പിച്ചിരുന്നു. പാരമ്പര്യ ആയുര്‍വേദ വൈദ്യനായ വെളിമാനം കൃഷ്ണന്‍കുട്ടി വൈദ്യരില്‍ നിന്നും കൃഷി രീതിയും ബീന്‍സില്‍ നിന്ന് പരിപ്പ് വേര്‍തിരിക്കുന്ന രീതിയും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

കൃഷിയിലേക്ക്

joy

വിത്ത് സംഘടിപ്പിച്ചതോടെ കൃഷിയിലേക്കിറങ്ങാന്‍ ജോയി മാനസികമായി തയ്യാറെടുത്തു. നിരവധി എതിര്‍പ്പുകള്‍ സുഹൃത്തുക്കളും ബന്ധുക്കളും പ്രകടിപ്പിച്ചെങ്കിലും ജോയി മുന്നോട്ടു പോയി. പഴശ്ശി അണക്കെട്ടിനടുത്ത ഒറ്റെപ്പെട്ട സ്ഥലത്ത് കുറച്ച് കാടിന്റെ മക്കളെയും കൂട്ടുപിടിച്ച് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് ജോയി ഒറ്റപ്പെട്ട സ്ഥലം തിരഞ്ഞെടുത്തത്, കാടിനോട് ചേര്‍ന്ന്. 

സോയാബീന്‍ പയറിന്റെ കൃഷി രീതി തന്നെയാണിവയ്ക്ക്. വിത്ത് നട്ട് നാല് ദിവസങ്ങള്‍ക്കകം ഇത് മുളച്ചു പൊന്തും. തികച്ചും ജൈരീതിയിലുള്ള പരിചരണം പിന്നെ തുടങ്ങുകയായി. പച്ചില കത്തിച്ച് മണ്ണ് കൊത്തിയിളക്കി അമരയ്ക്ക് തടമെടുക്കുന്നത് പോലെ തടമെടുത്ത് അടിവളമായി ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും നല്‍കിയിരുന്നു. ആദ്യകാലമായി ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും നല്‍കിയിരുന്നു. ആദ്യകാല കൃഷി പിന്നീട് ജീവാണു വളങ്ങളും ജോയി പരീക്ഷിച്ചു. വള്ളിപടര്‍ന്ന് പന്തലില്‍ കയറിയാല്‍ പിന്നീട് ആറ് മാസത്തെ വളര്‍ച്ചയില്‍ പുഷ്പിച്ച് കായയുണ്ടാകും. ഒരു കുലയില്‍ അറുപത് മുതല്‍ നൂറ് വരെ പൂവ് കാണുമെങ്കിലും അത് മുഴുവനും കായ ആവാറില്ല. നീല കലര്‍ന്ന നിറമാണ് പൂവിനുണ്ടാവാറ്. ഇലകള്‍ക്ക് മൂന്ന് ഇതളുകളാണ് ഉള്ളത്. പൂങ്കുലയ്ക്ക് 30 സെന്റീമീറ്റര്‍ നീളമുണ്ടാകും. 8-12 സെന്റീമീറ്ററാണ് കായയുടെ നീളം. ഒന്നര സെ.മി. വീതിയുള്ള കവചമായി നിറയെ രോമങ്ങളുണ്ടാകും. ഇത് ദേഹത്തായാണ് ചെറിയുടെ പൂരം. ഒരു കായയില്‍ 5-6 വിത്തുകളുണ്ടായിരിക്കും. കുറപ്പ്, തവിട്ട്, നിറങ്ങളോട് കൂടിയ തവിട്ട്, നിറങ്ങളോട് കൂടിയ വിത്തില്‍ ചിലപ്പോള്‍ പുള്ളികളും കാണും.

വിളവെടുപ്പിനും കായപൊളിക്കലിനും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന ആദിവാസികളാണ് ജോയിയെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. പഴശ്ശി അണക്കെട്ടിന് സമീപത്തെ ആദിവാസികള്‍ക്ക് വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ വരെ പ്രധാനം ചെയ്യാന്‍ ജോയിയുടെ 'ചൊറിച്ചില്‍' കൃഷിക്കാവുന്നു. കായകള്‍ മൂത്ത് പഴുത്തുണക്കാവുന്നതിന് നാല് മാസമെടുക്കുന്നു. ശരീരമാകമാനം  പൊതിഞ്ഞാണ് തന്റെ വിളയെ വിളവെടുക്കാന്‍ സമീപിക്കാറ്. പറിച്ചുകൂട്ടിയ കായകള്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി മൂന്ന്-നാല് ദിവസം ഉണക്കിയെടുക്കുന്നു. മഞ്ഞ് ഇതിന്റെ രോമങ്ങളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കുമെന്നതിനാല്‍ മഞ്ഞുള്ളപ്പോഴാണ് കായകള്‍ പറിച്ചെടുക്കാറ്. ഉണക്കിയ കായകളിലക്കേ് വെള്ളം ശക്തിയായി പമ്പുചെയ്ത് അതിന്റെ രോമങ്ങള്‍ ഒഴുക്കികളഞ്ഞ് അതിനെ പാലില്‍ പുഴുങ്ങി വീണ്ടുമുണക്കിയാണ് പരിപ്പെടുക്കുക. പരിപ്പെടുത്ത് പൊടിച്ച് പാക്കറ്റിലാക്കി ജോയി ഡയറക്ട് മാര്‍ക്കറ്റിങ്ങ് വഴി ആവശ്യക്കാര്‍ക്കെത്തിക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ചവര്‍ വീണ്ടും ആവശ്യപ്പെടുന്നതിനാല്‍ നല്ല ഡിമാന്റാണ് സക്‌സസ് പ്ലസിന്. ആയുര്‍വേദ രീതിയില്‍ തയ്യാര്‍ ചെയ്യുന്നതിനാല്‍ ഇതിന് പാര്‍ശ്വഫലങ്ങളുമില്ല.

ഔഷധഗുണം

joy

ആയുര്‍വേദഗ്രന്ഥങ്ങളിലും ചരകസംഹിതകളിലും മര്‍ക്കടി, കുലക്ഷയാ, എന്നീ പേരുകളിലറിയപ്പെടുന്ന നായ്കുരണയുടെ പരിപ്പും പൊടിയും മികച്ച ഔഷധങ്ങളാണ്. പരിപ്പില്‍ 25.03 ശതമാനം പ്രോട്ടീനും 6.75 ഖനികങ്ങളും, 3.95 ശതമാനം കാത്സ്യവും, 0.02 ശതമാനം സള്‍ഫറും അത്രയും തന്നെ മാംഗനീസും അടങ്ങിയ ഇവയില്‍ ലെസിഥിന്‍, ഗാലിക് അമ്ലം, ഗ്ലൂട്ടിത്തിയോണ്‍, അലനിന്‍ സൈഹൈഡ്രോക്‌സിഫിനെല്‍, ഗ്ലൂക്കോസൈഡ് എന്നിങ്ങനെ രാസപദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഇവ അവയുടെ വേരിലും അടങ്ങിയിക്കുന്നു. വേര്, വിത്ത്, ഫലരോമം എന്നിവയാണ് ആയുര്‍വേദത്തില്‍ ഔഷധമായി പരാമര്‍ശിക്കുന്നത്.

ഹെര്‍ബല്‍ വയാഗ്രയെന്നാണ് നായക്കുരണയുടെ മറുപേര്. ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണിത്. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശി തളര്‍ച്ച, ഉദരരോഗങ്ങള്‍, മാറാത്ത വ്രണങ്ങള്‍, വിരശല്യം, ക്ഷയം തുടങ്ങിയവയുള്ള ആയുര്‍വേദ ഔഷധചേരുവകളില്‍ നായക്കുരണ പ്രധാനിയാണ്.

ലൈംഗിക ഉത്തേജനത്തിനെന്ന പോലെ പാര്‍ക്കിന്‍സണ്‍ രോഗത്തിനും, ഉറക്കകുറവിനും ഇത് ഉത്തമമാണ്. ബ്രഹ്മി പോലെ ഓര്‍മക്കുറവ് പരിഹരിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. നല്ല ഏകാഗ്രത പ്രദാനം ചെയ്യാനും നായക്കുരണയ്ക്ക് കഴിയുന്നു. രക്തചക്രമണത്തിന്റെ പ്രവേഗം വര്‍ദ്ധിപ്പിച്ച് ഞെരമ്പുകളെ ബലവത്താക്കാനും ഇതിന് കഴിയുന്നു.

സംസ്‌കരിച്ച ഉത്പന്നം സില്‍വര്‍പാക്കില്‍ ഒരു ദിവസത്തേക്ക് ഒന്നെന്ന തോതില്‍ മുപ്പത് സാഷേകളിലാക്കിയ ഒരു പാക്ക് ഒരു മാസത്തേക്ക്. ഇരിക്കൂര്‍ പെരുയളഞ്ഞുപറമ്പിലെ വ്യവസായപാര്‍ക്കിലാണ് ജോയിയുടെ സങ്കേതം. സംസ്‌കരിച്ച നായക്കുരണപരിപ്പ് പൊടിച്ച് പാക്കറ്റിലാക്കി വില്‍പനയ്ക്ക് തയ്യാറാക്കുന്നതിവിടെയാണ്.

മാംസ്യം, ഖനിജ, സൂക്ഷ്മ മൂലക സമ്പുഷ്ടമായ ഈ വിള സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജോയി ജീവിത വ്രതമാക്കിയിരിക്കുകയാണ്. ഒരു മാസത്തേക്ക് 600 രൂപയാണ് മരുന്നിന്റെ വിപണി വില. ഹെര്‍ബല്‍ ഫുഡ് സപ്ലിമെന്റ് എന്ന ഇനത്തിലാണിത് വരുന്നത്.

ഭാരതീയര്‍ മാത്രമല്ല വിദേശികളും ജോയിയുടെ നായക്കുരണ ഉത്പന്നത്തിന്റെ കരുത്തിനെ സാക്ഷ്യപ്പെടുത്തുന്നു. സക്‌സസ് പ്ലസിന്റെ വര്‍ധിച്ചു വരുന്ന ആവശ്യം ഇതിനെ സാധൂകരിക്കുന്നു. കയറ്റുമതിയും ചെയ്യുന്നുണ്ട്.

സാഹസികരായ ചെറുപ്പക്കാര്‍ ഈ കൃഷിയിലേക്ക് വരണമെന്നാണ് ജോയിയുടെ ആഗ്രഹം. അതിനുവേണ്ട എല്ലാ സഹായവും വിത്തുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ജോയി തയ്യാറുമാണ്. സാഹസിക കൃഷി ചെയ്യാന്‍ തയ്യാറെടുക്കുന്ന കര്‍ഷകര്‍ക്ക് ജോയിയുടെ ഫോണ്‍നമ്പറില്‍ വിളിക്കാം. 9387614930

തന്റെ കൃഷി നൂറേക്കറിലേക്ക് വ്യാപിപ്പിച്ച് ഒരു ആഗോള ബ്രാന്‍ഡാക്കി സക്‌സസ് പ്ലസിനെ മാറ്റുകയെന്നതാണ് ജോയിയുടെ സ്വപ്‌നം വ്യത്യസ്ത വഴിയിലൂടെ നടക്കുന്ന ഈ കര്‍ഷകന്‍ ആ ലക്ഷ്യം നേടുമെന്ന ഉറപ്പ് നിശ്ചയദാര്‍ഢ്യമുള്ള അദ്ദേഹത്തിന്റെ വാക്കില്‍ മുഴങ്ങുന്നു.

കൃഷിയിലും സംസ്‌കരണത്തിലും വിപണനത്തിലും അദ്ദേഹത്തെ സഹായിക്കുന്ന മകന്‍ ജയേഷും അച്ഛന്റെ വാദം ശരിവെയ്ക്കുന്നു.