കോഴിക്കോട്: കാര്‍ഷിക വികസനത്തിന്റെ ആവശ്യകത വ്യക്തമാക്കിയും പുതുതലമുറയ്ക്ക് കൃഷിയുടെ സൗന്ദര്യം പകര്‍ന്നും കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്തും മാതൃഭൂമി ഒരുക്കിയ കാര്‍ഷികമേളയ്ക്ക് പ്രൗഢമായ തുടക്കം.ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച മേള കൃഷി ഉപജീവനമാക്കിയവര്‍ക്കും പുതുതായി രംഗത്തേക്ക് പ്രവേശിക്കുന്നവര്‍ക്കും വിജ്ഞാനം പ്രദാനം ചെയ്യുന്നതാണ്. 17 വരെ നീണ്ടുനില്‍ക്കുന്ന മേള കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍  പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

 കാര്‍ഷിക വിജ്ഞാന വ്യാപനത്തിനും കാര്‍ഷിക വികസനത്തിനും മാര്‍ഗദീപം തെളിയിച്ചത് മാതൃഭൂമിയാണെന്ന് ആര്‍. ഹേലി പറഞ്ഞു. ആദ്യമായി കാര്‍ഷികമേഖലയ്ക്ക് ഒരു പേജ് നീക്കിവെച്ചത് മാതൃഭൂമിയാണ്. കീടനാശിനിയോടുള്ള വെറുപ്പും പച്ചക്കറി സ്വയം ഉത്പാദിപ്പിക്കാനുള്ള താത്പര്യവും ജനങ്ങളില്‍ ഉണ്ടാക്കിയതില്‍ മുന്‍പന്തിയില്‍ നിന്നതും അവരാണെന്നും ഹേലി പറഞ്ഞു.

പച്ചക്കറിക്കും ഭക്ഷ്യോപയോഗ വസ്തുക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റമുണ്ടാകണമെന്നും കൃഷിയില്‍ സ്വയംപര്യാപ്തത നേടിയെടുക്കാന്‍ കഴിയണമെന്നും മുഖ്യാതിഥിയായ കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. നല്ലരി 17 ശതമാനം മാത്രമേ നമ്മള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി പുറംനാടുകളെ ആശ്രയിക്കുകയാണ്. സ്ഥലപരിമിതിയാണ് പ്രശ്‌നം. നമ്മുടെ തരിശ്ഭൂമി കൃഷിക്കായി ഉപയോഗിക്കാന്‍ കഴിയണം ഡോ. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു

പഴയ കൃഷിരീതി നിലനിര്‍ത്തുകയും പുതിയ രീതികള്‍ പരീക്ഷിക്കുകയും ചെയ്ത കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് പി.വി. ചന്ദ്രന്‍ ആവശ്യപ്പെട്ടു. നബാര്‍ഡ് ഡി.ജി.എം. പി. നാഗേഷ് കുമാര്‍, വീഗാര്‍ഡ് നാഷണല്‍ പ്രൊഡക്ഷന്‍ ഹെഡ് ചാര്‍ലി വര്‍ഗീസ്, കെ.ഡി.സി. ബാങ്ക്  വൈസ് പ്രസിഡന്റ് അഡ്വ. ഐ. മൂസ്സ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ശശിധരന്‍ മങ്കത്തില്‍ സ്വാഗതവും റീജ്യണല്‍ മാനേജര്‍ സി. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.