കോഴിക്കോട്: കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ തൊട്ടുണര്‍ത്തി അഞ്ച് ദിവസമായി നടന്ന മാതൃഭൂമി കാര്‍ഷികമേള സമാപിച്ചു. 

ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പഴയ കാര്‍ഷികസമൃദ്ധിയുടെ ഓര്‍മപ്പെടുത്തലാണ് മാതൃഭൂമിയുടെ ഈ സംരംഭത്തിലൂടെ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് അശോക് ശ്രീനിവാസ് അധ്യക്ഷനായി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രേമജ ആശംസകള്‍ നേര്‍ന്നു.

മണ്ണും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള എന്‍. ശെല്‍വന്‍ ഒന്നാം സമ്മാനമായ 20,000 രൂപയ്ക്ക് അര്‍ഹനായി. ചേര്‍ത്തല സ്വദേശി ഷാജിയും കെ.ബി. ഗിരീഷും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇവര്‍ക്കുള്ള പുരസ്‌കാരം കളക്ടര്‍ വിതരണം ചെയ്തു.

നബാര്‍ഡും വി ഗാര്‍ഡ്  ഡൊമസ്റ്റിക് ആന്‍ഡ് അഗ്രികള്‍ച്ചര്‍ പമ്പ്സുമായി സഹകരിച്ചാണ് കാര്‍ഷികമേള നടത്തിയത്. കെ.ഡി.സി. ബാങ്കായിരുന്നു മേളയുടെ ബാങ്കിങ് പാര്‍ട്ട്ണര്‍.