കോഴിക്കോട്: കര്‍ഷകര്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മാതൃഭൂമി കാര്‍ഷികമേളയില്‍. വിത്ത്, ചെടികള്‍, ഗ്രോബാഗ്, വളം, മോട്ടോര്‍ എന്ന് തുടങ്ങി കൃഷിയൊരുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള പലതരം വിത്തുകള്‍ എത്തിച്ചിട്ടുണ്ട്. കൃഷിയിറക്കാനാവശ്യമായ പലതരം ഗ്രോബാഗുകള്‍ പല വലിപ്പത്തില്‍ ലഭ്യമാണ്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷിക്കാവശ്യമായ പാഠങ്ങള്‍ പകര്‍ന്നുനല്‍കും. വെറ്റിനറി സര്‍വകലാശാലയിലുള്ളവര്‍ പഞ്ചഗവ്യവും മറ്റ് ജൈവവളവും എത്തിച്ചിട്ടുണ്ട്. പഴയകാല കാര്‍ഷികോപകരണങ്ങളും പ്രദര്‍ശിപ്പിച്ചിടുണ്ട്. 

 ഇതിനെല്ലാം പുറമേ ഫലവൃക്ഷത്തൈകളും ഉണ്ട്. ബെംഗളൂരു സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള നാല്‍പതോളം പ്ലാവുകളാണ് കര്‍ണാടക പുത്തൂരിലെ അനില്‍ എത്തിച്ചിട്ടുള്ളത്. എല്ലാകാലത്തും ചക്കപ്പഴം തരുന്ന കുള്ളന്‍ പ്ലാവും സിന്ദൂരപ്ലാവും താമരപ്ലാവുമെല്ലാം ഇദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. 150 രൂപ മുതല്‍ 500 വരെയാണ് വില. തെങ്ങിന്‍തൈ, നാരകം, ചാമ്പ, മാവ്, വാഴ, അലങ്കാരച്ചെടികള്‍ എന്നിവയെല്ലാം മേളയിലുണ്ട്. 

ചോരക്കാച്ചില്‍, കരിക്കാച്ചില്‍, ന്യൂറോക്കിഴങ്ങ് എന്നിവയെ കുറിച്ച് ഇന്നാര്‍ക്കും കേട്ടു പരിചയം പോലുമുണ്ടാകില്ല. ഔഷധഗുണമുള്ള ഇത്തരം കാച്ചിലുകളും വിത്തുകളുമാണ് മാനന്തവാടിയില്‍ നിന്നുള്ള കേദാരം കിഴങ്ങുവിള സംരക്ഷണകേന്ദ്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അലങ്കാര മത്സ്യങ്ങളും പക്ഷികളുമായി അവി കള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയുമുണ്ട്. 15 മുതല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാറും ഉണ്ട്. 

 നബാര്‍ഡും വി-ഗാര്‍ഡ് ഡൊമസ്റ്റിക് ആന്‍ഡ് അഗ്രികള്‍ച്ചര്‍ പമ്പ്സുമാണ് പരിപാടിയുമായി സഹകരിക്കുന്നത്. കെ.ഡി.സി. ബാങ്കാണ് ബാങ്കിങ് പാര്‍ട്ണര്‍. 17 വരെയാണ് മേള. പ്രവേശനം സൗജന്യം.