നൂറോ കിഴങ്ങ്, അരി കിഴങ്ങ്, പുല്ലത്തി, നാരോ കിഴങ്ങ്, കവല കിഴങ്ങ്.. കിഴങ്ങുകളുടെ പേരുകളും വൈവിധ്യവും ആരെയുമൊന്ന് അമ്പരപ്പിക്കും. ഇത്രയേറെ കിഴങ്ങുവര്‍ഗങ്ങളുണ്ടോ എന്ന് ആര്‍ക്കും സംശയം തോന്നും. കാരണം ഇവയില്‍ ഭൂരിഭാഗവും നാം കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്തവയാണ്. 

മാനന്തവാടി ഇല്ലത്തുവയല്‍ സ്വദേശി എന്‍.എം. ഷാജിയാണ് കിഴങ്ങുവര്‍ഗങ്ങള്‍ മാതൃഭൂമി കാര്‍ഷികമേളയ്ക്ക് എത്തിച്ചിരിക്കുന്നത്. വയനാട്ടിലെ ഗോത്രവിഭാഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നവ ഉള്‍പ്പെടെ നൂറിലേറെ കിഴങ്ങുവര്‍ഗങ്ങള്‍ ഷാജിയുടെ ശേഖരത്തിലുണ്ട്.

നമ്മുടെ ഭക്ഷണശീലങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് കിഴങ്ങുകളെന്നും കിഴങ്ങുകളുടെ പ്രാധാന്യവും ഔഷധഗുണങ്ങളും നാം തിരിച്ചറിയാതെ പോവുകയാണെന്നും ഷാജി പറയുന്നു. പണ്ട് പരമ്പരാഗത ഔഷധമായി കൈമാറി വന്നിരുന്ന പല കിഴങ്ങുകളും ഇപ്പോഴും നമ്മുടെ മുറ്റത്തുണ്ട്. എന്നാല്‍ അവ തിരിച്ചറിയാതെ അവയില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന ഇംഗ്ലീഷ് മരുന്നുകള്‍ വന്‍തുക നല്‍കി വാങ്ങുകയാണ് നമ്മളിപ്പോള്‍ -ഷാജി വിശദീകരിച്ചു.

Image

വ്യത്യസ്ത കിഴങ്ങുകള്‍ കണ്ടെത്തുന്നതും അവ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കുന്നതും ഷാജിയുടെ ജീവിതയത്‌നം തന്നെയാണ്. കേരളത്തില്‍ വളരുന്ന കിഴങ്ങുകള്‍ കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഷാജി കിഴങ്ങുകള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു കിഴങ്ങിനായി ആന്‍ഡമാന്‍ ദ്വീപുകള്‍ വരെ പോയിട്ടുണ്ട് ഈ കര്‍ഷകന്‍.

ലഭിക്കുന്ന കിഴങ്ങുകള്‍ മാനന്തവാടി ഇല്ലത്തുവയലിലുള്ള തന്റെ തോട്ടത്തില്‍ തന്നെ കൃഷി ചെയ്ത് സംരക്ഷിക്കുകയാണ് ഷാജി. വിളവെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പകുതി വിലയ്ക്ക് വിത്തുകള്‍ നല്‍കും. ഒരു നിബന്ധന മാത്രം. അടുത്ത വിളവില്‍ നല്‍കിയ വിത്തുകള്‍ തിരികെ നല്‍കണം. അതും അന്നത്തെ മാര്‍ക്കറ്റുവിലയില്‍ മതി.

ഈ നിബന്ധനയ്ക്ക് പിന്നില്‍ ഷാജിക്ക് മറ്റൊരു ലക്ഷ്യമുണ്ട്: കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ നിന്നു കര്‍ഷകര്‍ വിത്തിനായി ബന്ധപ്പെടാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും വിത്ത് നല്‍കാന്‍ കഴിയാറില്ല. ഈ നിബന്ധനപ്രകാരം വിത്തുവാങ്ങിയ കര്‍ഷകര്‍ വിളവെടുപ്പാകുമ്പോള്‍ എന്നെ അറിയിക്കും. അപ്പോള്‍ ആ ജില്ലയില്‍ നിന്ന് വിത്തിന് ആവശ്യമുള്ള കര്‍ഷകരെ ഞാന്‍ വിവരമറിയിക്കും. ആവശ്യക്കാര്‍ അവിടെയെത്തി വിത്തുകള്‍ ശേഖരിക്കും -ഷാജി പറയുന്നു. 

Image

വിത്തുവില്‍പനയിലൂടെ കൃഷിയുടെ വ്യാപനം കൂടിയാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. പലപ്പോഴും ഇങ്ങനെ വിത്തു നല്‍കുന്ന കര്‍ഷകരും താന്‍ വച്ച അതേ നിബന്ധന പ്രകാരമായിരിക്കും വിത്തു വില്‍ക്കുന്നത്. ഈ 'നെറ്റ്‌വര്‍ക്കി'ലൂടെ കേരളത്തിലെ പതിനാലു ജില്ലയിലും വിവിധ കിഴങ്ങുവര്‍ഗങ്ങളുടെ വിത്ത് എത്തിക്കാനായിട്ടുണ്ടെന്ന് ഷാജി പറയുന്നു. ഇപ്പോഴും അത് കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

കേദാരം കിഴങ്ങുവിള സംരക്ഷണകേന്ദ്രം എന്ന പേരിലാണ് ഷാജി തന്റെ സംരംഭം നടത്തുന്നത്. നിരവധി പേര്‍ തന്റെ കിഴങ്ങുവിള സംരക്ഷണകേന്ദ്രം കാണാനും പരിചയപ്പെടാനും നിത്യേന എത്തുന്നുണ്ടെന്ന് ഷാജി പറയുന്നു. പുതിയ തലമുറയിലെ കുട്ടികളും ഏറെ താല്‍പര്യത്തോടെ എത്തുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ഇദ്ദേഹം പറയുന്നു.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കേദാരത്തിലെത്താം. കിഴങ്ങുകളുടെ കാവലാളായി ഷാജി ഇവിടെയുണ്ടാകും, തനിക്ക് ലഭിച്ച അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ സദാ സന്നദ്ധനായി. ഷാജിയുടെ ഫോണ്‍ നമ്പര്‍: 9747853969.