സര്‍ക്കാര്‍ സര്‍വീസിലുള്ള ചില ഡോക്ടര്‍മാര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു. പണക്കൊതിയാണ് അവരെ നയിക്കുന്ന വികാരം. വിദേശത്തുള്ള ആശുപത്രികളില്‍ കൂടുതല്‍ ശമ്പളം കിട്ടുന്നു. അല്ലെങ്കില്‍ ഇവിടെത്തന്നെയുള്ള സ്വകാര്യ ആശുപത്രികളില്‍ പുതിയ അവസരങ്ങള്‍ അന്വേഷിക്കുന്നു. അനന്തരഫലം എന്താണ്?
സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ വലയുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള അവരുടെ സ്ഥിതി അതിദയനീയമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചില സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണത്തിന് വേണ്ടിയുള്ള ആര്‍ത്തി അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു.
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിനിടയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതെ വരുന്നു. കേരളത്തില്‍ ഏതാണ്ട് എഴുപത്തഞ്ചോളം ഡോക്ടര്‍മാരുടെ കേസുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ചില ഡോക്ടര്‍മാര്‍ അവധിയെടുത്ത് വിദേശത്ത് പോയി. അവധി കഴിഞ്ഞിട്ടും തിരിച്ച് ജോലിക്കെത്തിയില്ല.
ഏതാനും ഡോക്ടര്‍മാര്‍ക്ക് എതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി. സര്‍വീസില്‍ നിന്ന് നീക്കപ്പെട്ട ഒരു ഡോക്ടര്‍ സംസ്ഥാന സര്‍വീസ് ട്രൈബ്യൂണലിനെ സമീപിച്ചു. അതിന് എതിരെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
ഇങ്ങനെയുള്ള ഡോക്ടര്‍മാര്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ പര്തികൂലമായി ബാധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ക്ക് എതിരെ നിയമപരമായ രീതിയില്‍ സര്‍ക്കാര്‍ നടപടി എടുക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ചട്ടപ്രകാരമുള്ള അന്വേഷണം നടത്താതെയാണ് സര്‍വീസില്‍ നിന്ന് ചില ഡോക്ടര്‍മാരെ നീക്കിയത്. അതിനോട് ഹൈക്കോടതി യോജിച്ചില്ല.
ചില ഡോക്ടര്‍മാരെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി. ചട്ടപ്രകാരമുള്ള അന്വേഷണം നടത്തി മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഈ കേസുകള്‍ പരിശോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ചിലര്‍ പണക്കൊതിയന്മാരായിത്തീര്‍ന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസിനെ അനുസരിച്ചുകൊണ്ടുള്ള പ്രതിജ്ഞയെടുത്താണ് ഒരു മെഡിക്കല്‍ ബിരുദധാരി ഡോക്ടറായി സര്‍വീസില്‍ പ്രവേശിക്കുന്നത്. അങ്ങനെയുള്ള ഡോക്ടര്‍ പാവനമായ പ്രസ്തുത പ്രതിജ്ഞ ലംഘിച്ചുകൊണ്ട് അനധികൃതമായി ജോലിക്ക് വരാതെ കൂടുതല്‍ പണം നല്‍കുന്ന സ്വകാര്യ അവസരങ്ങളെ ആശ്രയിക്കുന്നത് ശരിയാണോ എന്നും പരിശോധിക്കാന്‍ കോടതിക്ക് അവസരം കിട്ടി.
ഏത് ഡോക്ടര്‍ക്കെതിരെയായാലും ചട്ടപ്രകാരം മാത്രമേ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
Content Highlights: The money making syndrome afflicts the medical profession now: high Court | Niyamavedi