നൊബേല്‍ പുരസ്‌കാരമാണ് ലോകത്തിലെ പരമോന്നതമായ സാഹിത്യപുരസ്‌കാരം. 1901-ല്‍ ആരംഭിച്ച നൊബേല്‍ സാഹിത്യസമ്മാന വിതരണം ഇന്നേവരെ നൂറ്റിപതിനേഴ് പ്രതിഭകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. നൂറ്റിപതിനേഴില്‍ ആകെ പതിനാറ് സാഹിത്യകാരികള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നതാണ് വസ്തുത. ആ പതിനാറ് വിശിഷ്ട എഴുത്തുകാരികള്‍ ഇവരൊക്കെയാണ്.
ലൂയിസ് ഗ്ലിക്-2020
ഏറ്റവും ഒടുവിലത്തെ നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. സാഹിത്യവിഭാഗത്തില്‍ നൊബേല്‍ സമ്മാനം നേടിയത് അമേരിക്കന്‍ കവയിത്രിയായ ലൂയിസ് ഗ്ലിക്ക് ആണ്. ഓട്ടോബയോഗ്രഫിക്കല്‍ പോയറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നു ഗ്ലിക്.
ഓള്‍ഗ തൊകാര്‍ച്യുക്-2018
യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടിയാണ് പോളിഷ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഓള്‍ഗ തൊകാര്‍ച്യുക്കിന്റെ എഴുത്തുകളായി രൂപപ്പെട്ടത്. പോളണ്ടിലെ മുന്‍നിര എഴുത്തുകാരില്‍ ഒരാളായ ഓള്‍ഗയുടെ 'ഫ്‌ളൈറ്റ്‌സ്' എന്ന നോവലിന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വാര്‍സോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റായ ഓള്‍ഗ പോളണ്ടിലെ ഇടതുപക്ഷനേതാവ്, നിരീശ്വദവാദി, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളില്‍ നേരത്തേ തന്നെ വാര്‍ത്തകളിലിടം പിടിച്ച വ്യക്തിത്വമാണ്. താനൊരു യഥാര്‍ഥദേശസ്‌നേഹി എന്നാണ് എഴുത്തുകാരി സ്വയം നിര്‍വചിച്ചിരിക്കുന്നത്.
സ്വെറ്റ്‌ലേന അലക്‌സീവിച്ച്-2015
ഉക്രെയ്ന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സ്വെറ്റ്‌ലേന റഷ്യന്‍ ഭാഷയില്‍ എഴുതിവരുന്നു. വ്യക്തികളെക്കുറിച്ചും കുടുംബങ്ങളെക്കുറിച്ചും സുപ്രധാന സംഭവങ്ങളെക്കുറിച്ചുമുള്ള ചരിത്ര രേഖകള്‍ ഓഡിയോ ടേപ്പിന്റെയും വീഡിയോകളുടെയും അഭിമുഖങ്ങളുടെയും സഹായത്താല്‍ ക്രോഡീകരിക്കുന്ന ഓറല്‍ ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് സ്വെറ്റ്‌ലേന പ്രാവീണ്യം കൈവരിച്ചിരിക്കുന്നത്. കിഴക്കന്‍ സ്‌ളാവിക് വംശമായ ബയ്‌ലോറഷ്യന്‍ വിഭാഗത്തിലെ ഏക നൊബേല്‍ സമ്മാന ജേതാവു കൂടിയാണ് ഇവര്‍.
ആലിസ് മണ്‍റോ-2013
സമകാലിക ചെറുകഥകളുടെ രാജ്ഞിയെന്നറിയപ്പെടുന്ന ആലിസ് മണ്‍റോ നൊബേല്‍ സമ്മാനിതയായി ആദരിക്കപ്പെട്ടത്് 2013-ലാണ്. കനേഡിയന്‍ സ്വദേശിനിയായ മണ്‍റോ പരമ്പരാഗത ചെറുകഥാ സങ്കല്പത്തെ പൊളിച്ചെഴുതിയ സാഹിത്യകാരികൂടിയാണ്. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളെ വളരെ ലളിതമായി ആവിഷ്‌കരിക്കുക വഴി വായനക്കാരുടെ പ്രിയ എഴുത്തുകാരിയായ ചുരുക്കം ചില പ്രതിഭകളില്‍ ഒരാളാണ് ആലിസ് മണ്‍റോ.
ഹ്വേറ്റാ മുള്ളര്‍-2009
ഹ്വേറ്റാ മുള്ളര്‍ നൊബേല്‍ സമ്മാനിതയാവുന്നത് കാവ്യമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ചാണ്. ഗദ്യസാഹിത്യത്തിലും തന്റേതായ മുദ പതിപ്പിച്ച ഹ്വേറ്റാ മുള്ളര്‍ റൊമേനിയന്‍-ജര്‍മന്‍ എഴുത്തുകാരി എന്ന നിലയിലാണ് അറിയപ്പെടുന്നത്.
ഡോറിസ് ലെസ്സിങ്-2007
ബ്രിട്ടീഷ്- സിംബാവിയന്‍ എഴുത്തുകാരിയാണ് ഡോറിസ് ലെസ്സിങ.് പെണ്ണനുഭവങ്ങളുടെ ഇതിഹാസകാരിയായ ഡോറിസ് തന്റെ ദര്‍ശനാത്മകതയും സംശയങ്ങളും പ്രതിഷേധാഗ്നിയും ദീര്‍ഘവീക്ഷണവും എഴുത്തിലുടനീളം പ്രയോഗിക്കുക വഴി തികച്ചും വ്യത്യസ്ത സാഹിത്യപാതയിലൂടെ സഞ്ചരിച്ച വ്യക്തിത്വമാണ്. ദ ഗ്രാസ് ഈസ് സിങ്ങിങ്, ചില്‍ഡ്രന്‍ ഓഫ് വയലന്‍സ്, ദ ഗോള്‍ഡന്‍ നോട്ട്ബുക്, ദ ഗുഡ് ടെററിസ്റ്റ് തുടങ്ങിയ വിഖ്യാത രചനകളുടെ സ്രഷ്ടാവാണ് ഡോറിസ് ലെസ്സിങ്.
എല്‍ഫ്രിദേ ജെലിനക്-2004
ആസ്ട്രിയന്‍ നാടകകൃത്തും നോവലിസ്റ്റുമായ എല്‍ഫ്രിദേ ജെലിനക്കിനെ സാഹിത്യം വിശേഷിപ്പിക്കുന്നത് താളാത്മകമായ വാക്ക്-മറുവാക്കുകളുടെ സ്രഷ്ടാവ് എന്നാണ്. നോവലുകളിലും നാടകങ്ങളിലും ചടുലമായ സംഭാഷണങ്ങള്‍ പടച്ചുവിടുന്നതില്‍ അഗ്രഗണ്യയായ ജെലിനക് തന്റെ അസാമാന്യമായ ഭാഷയെ സമൂഹത്തിലെ ക്‌ളീഷേകളെയും അവയുടെ അധികാരസ്വാധീനത്തെയും പരിഹസിക്കുന്നതിനായി ഉപയോഗിച്ചു.
വിസ്‌ളാവ സിംബോസ്‌ക- 1996
പോളിഷ് കവിയും വിവര്‍ത്തകയും ഉപന്യാസരചയിതാവുമായ സിംബോസ്‌ക 1996-ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത്. വ്യത്യസ്ത വിഷയങ്ങള്‍ പ്രമേയമാക്കിയുള്ള രസകരമായ ലേഖനങ്ങള്‍ എഴുതുക വഴി വിജ്ഞാനസാഹിത്യത്തിനും അവര്‍ പ്രധാന സംഭാവനകള്‍ നല്‍കിയിരുന്നു. മനുഷ്യജീവിതം എന്നത് ഒരു യാഥാര്‍ഥ്യമാണെന്നും അതിലേക്ക് ചരിത്രവും ജീവിതവും സമാസമം കൂടിച്ചേരുക വഴി സാഹിത്യമാവുന്നുവെന്നും നിര്‍വചിച്ചത് സിംബോസ്‌കയാണ്.
ടോണി മോറിസണ്‍-1993
അമേരിക്കന്‍ സാഹിത്യത്തില്‍ മാത്രമല്ല, വിശ്വസാഹിത്യത്തില്‍ തന്നെ അതിശക്തമായ അടയാളപ്പെടുത്തലുകള്‍ അവശേഷിപ്പിച്ച എഴുത്തുകാരി എന്ന വിശേഷണമാണ് ടോണി മോറിസണിന് സാഹിത്യലോകം നല്കിയിരിക്കുന്നത്. കാവ്യാത്മകഭാഷയ്ക്ക് നിഷ്‌കളങ്കതയുടെ മാനം കൂടി നല്കിക്കൊണ്ട് സ്വന്തം ജീവിതത്തിലൂടെ അനേകായിരം കറുത്തവംശജരുടെ, അടിമകളുടെ ജീവിതം തുറന്നെഴുതിയ മോറിസണ്‍ നോവലുകള്‍ എക്കാലവും വായനക്കാര്‍ നെഞ്ചോട് ചേര്‍ത്തവയാണ്. അമേരിക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങളുടെ 'റഫറന്‍സ് പുസ്തകങ്ങള്‍' എന്നാണ് മോറിസണ്‍ നോവലുകളെ വിശേഷിപ്പിക്കാറുള്ളത്.
നദെയ്ന്‍ ഗോഡിമര്‍-1991
ദക്ഷിണാഫ്രിക്കന്‍ പൗരാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നദെയ്ന്‍ ഗോഡിമറിന് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ജൂറി അഭിപ്രായപ്പെട്ടതിങ്ങനെയാണ്- ആല്‍ഫ്രഡ് നൊബേല്‍ എന്ന മഹദ് വ്യക്തി നൊബേല്‍ സമ്മാനം എന്ന ആശയം നടപ്പിലാക്കിയത് മാനവികയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുവേണ്ടിയാണ്. ഇവിടെയാണ് അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചിരിക്കുന്നത്. വംശവിദ്വേഷങ്ങളും ആഫ്രിക്കന്‍ വര്‍ണവിവേചനങ്ങളും തന്റെ ശക്തമായ ഭാഷയിലൂടെയും പ്രവര്‍ത്തിയിലൂടെയും നദെയ്ന്‍ എതിര്‍ത്തിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തക കൂടിയായിരുന്നു അവര്‍. എയ്ഡ്‌സ് രോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലും നദെയ്ന്‍ പങ്കാളിയായിരുന്നു.
നെലി സാച്‌സ്-1966
ജര്‍മന്‍-സ്വീഡിഷ് കവിയും നാടകകൃത്തുമായിരുന്നു നെലി സാച്‌സ്. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസിപ്പടകളുടെ അതിക്രമങ്ങളോടും മനുഷ്യത്വരഹിതമായ നടപടികളോടുമുള്ള പ്രതിഷേധമായിരുന്നു ജൂതവംശജയായ നെലി സാച്‌നെ സംബന്ധിച്ചിടത്തോളം സാഹിത്യം.
ഗബ്രിയെല മിസ്ട്രല്‍-1945
നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ ലാറ്റിനമേരിക്കന്‍ സാഹിത്യകാരിയാണ് ഗബ്രിയേല മിസ്ട്രല്‍. ചിലിയന്‍ കവിയും നയതന്ത്രജ്ഞയും വിദ്യാഭ്യാസപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്നു ഗബ്രിയേല. അതിശക്തവും വൈകാരികവുമായ ഭാഷയിലൂടെ, രൂപകങ്ങളിലൂടെ ലാറ്റിനമേരിക്കന്‍ കാവ്യശാഖയെ സമ്പന്നമാക്കിയ കവി എന്നാണ് ഗബ്രിയേല വിശേഷിപ്പിക്കപ്പെട്ടത്.
പേള്‍ എസ് ബക്-1938
നൊബേല്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കന്‍ സാഹിത്യകാരിയാണ് പേള്‍ സിന്റര്‍സ്ട്രിക്കര്‍ ബക്ക്. മഹായുദ്ധകാലത്തെ ചൈനാ- അമേരിക്കാ ബന്ധം പ്രമേയമാക്കിയുള്ള 'ലെറ്റര്‍ ഫ്രം പീക്കിങ്' എന്ന നോവലിന്റെ സ്രഷ്ടാവായ പേള്‍ ബക്ക് എഴുതിയതെല്ലാം വായനക്കാര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തവയായിരുന്നു. ദ ഗുഡ് എര്‍ത്ത്, എന്ന മാസ്റ്റര്‍പീസ് നോവലില്‍ ബക്ക് തുറന്നുകാട്ടുന്നത് അവരുടെ മോഹഭൂമികയായ ചൈനയെയാണ്. വനിതകളുടെ അവകാശസംരക്ഷണത്തിനായും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായും നിരന്തരം പോരാടിയിരുന്നു ബക്ക്.
സിഗ്രിദ് അണ്ട്‌സെറ്റ്-1928
നോര്‍വീജിയന്‍ നോവലിസ്റ്റായ സിഗ്രിദ് അണ്ട്‌സെറ്റ് നാസി ജര്‍മനിയുടെ അക്രമത്തിനിരയാവേണ്ടി
വന്ന കുടുംബത്തിലെ അംഗമായിരുന്നു. നോര്‍വേയില്‍ നാസി അതിക്രമങ്ങള്‍ ശക്തമായപ്പോള്‍ അമേരിക്കയിലേക്ക് പലായനം ചെയ്യുകയും കത്തോലിക്കാമതം സ്വീകരിക്കുകയും ചെയ്ത സിഗ്രിദ് സാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടുന്നത് ക്രിസ്റ്റിന്‍ ലാവ്‌റന്‍സ്‌ദേറ്റര്‍ എന്ന കൃതിയിലൂടെയാണ്. പതിനാറാം വയസ്സിലാണ് ആദ്യത്തെ നോവല്‍ എഴുതി പ്രസിദ്ധീകരിക്കുന്നത്.
ഗ്രെറ്റ്‌സ്യാ ഡെലേഡ-1926
ഇറ്റാലിയന്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗ്രെറ്റസ്യാ തന്റെ ജന്മനാടായ സാര്‍ഡീനിയയിലെ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളെ ആഴത്തില്‍ പറഞ്ഞുവെക്കുകയാണ് കൃതികളിലൂടെ ചെയ്തിരിക്കുന്നത്.
സല്‍മാ ഒറ്റിലിയ ലോവിസാ ലാഗര്‍ലോഫ്-1909
സ്വീഡിഷ് എഴുത്തുകാരിയും അധ്യാപികയുമായിരുന്നു സെല്‍മാ ഒറ്റിലിയ. മുപ്പത്തിമൂന്നാം വയസ്സില്‍ നൊബേല്‍ സമ്മാനം നേടിയ സെല്‍മ ലോകത്തിലെ തന്ന ആദ്യത്തെ വനിതാ നൊബേല്‍ സമ്മാനജേതാവുമാണ്. സ്വീഡിഷ് അക്കാദമിയില്‍ അംഗത്വം ലഭിക്കുന്ന ആദ്യത്തെ വനിതയും സല്‍മയാണ്.
Content Highlights: The history of Women Writers Who won Nobel Prize for Literature