കല്പറ്റ: പങ്കുവെക്കലിന്റെ, സാഹോദര്യത്തിന്റെ, അടിസ്ഥാനത്തില്‍ രൂപപ്പെട്ട ആധുനിക രാഷ്ട്രീയ ആശയമാണ് ഇന്ത്യയെന്നും അതിനെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളാണ് നടക്കുന്നതെന്നും സുനില്‍ പി. ഇളയിടം. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ ഹിതമല്ല ജനാധിപത്യം, ഭൂരിപക്ഷത്തില്‍പ്പെടാതിരിക്കാനും അതിന് അപ്പുറമായിരിക്കാനുമുള്ള സാധ്യതയാണത്. ഞങ്ങള്‍ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു, അതുനടപ്പാക്കാന്‍ ഞങ്ങള്‍ക്ക് ജനപിന്തുണയുണ്ടെന്ന വാദങ്ങളാണ് ഉയരുന്നത്.

പത്തുവര്‍ഷം ഇന്ത്യ ഭരിച്ചവര്‍ നൂറ്റാണ്ടുകളായുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ രൂപപ്പെട്ട ആധുനിക രാഷ്ട്രീയ ആശയമാണ് ഇന്ത്യയെന്ന് തിരിച്ചറിയണം. മതത്തിന്റെ യുക്തികളിലല്ല ഈ രാജ്യം നിലനില്‍ക്കുന്നത്. ഹിന്ദുക്കളുടെ പിതൃഭൂമിയും വിശുദ്ധഭൂമിയുമായി ഇന്ത്യയെ അവതരിപ്പിച്ച സവര്‍ക്കറുടെ ആശയത്തെ തള്ളിയാണ് രാജ്യം മതേതരത്വത്തെ സ്വീകരിക്കുന്നത്. സാഹോദര്യഭാവമാണ് അതിന്റെ അടിസ്ഥാനം.

ഭരണഘടനയില്‍ പൗരത്വത്തിന് അടിസ്ഥാനമായി മതത്തെ പരാമര്‍ശിച്ചിട്ടില്ല. അഞ്ചാംവകുപ്പില്‍ സ്ഥിരവാസത്തെ ആധാരമാക്കിയാണ് പൗരത്വത്തെ നിര്‍വചിക്കുന്നത്. ഇന്ത്യയില്‍ നിന്നും വന്നവരും പോയവരും എന്നാണ് ഇന്ത്യ-പാക് വിഭജനത്തില്‍പ്പെട്ടവരെ വിശേഷിപ്പിച്ചത്. ഒരിക്കലും മതം അടിസ്ഥാനമായില്ല. ഇതിനെയാണ് മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൗരത്വനിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നത്.

sunil p
പ്രഭാഷണം കേള്‍ക്കാനെത്തിയ സദസ്സ്

വിഭജനയുക്തിയല്ല ദേശീയത. അപരത്വമെന്ന ഹിംസാത്മകതയില്‍ അപരനെ താമസിപ്പിക്കാന്‍ തടവറകള്‍ നിര്‍മിക്കുകയാണ്. ഫാസിസം ഒരു ഭരണകൂടരൂപമോ ദുരധികാരത്തിന്റെ ഹിംസാത്മകമായ നടത്തിപ്പോ മാത്രമല്ല, അതിന്റെ അടിവേര് അപരബോധമില്ലാത്ത ആത്മസങ്കല്പമാണ്. വലിയ അപകടംകൂടാതെ തന്റെ ജീവിതം ജീവിച്ചുപോകണമെന്ന കൗശലമായിമാറിയിരിക്കുന്നു വിവേകം. കശ്മീരിന്റെ കാര്യത്തില്‍ മൗനംപുലര്‍ത്താം, പൗരത്വബില്ലും നമ്മെ ബാധിക്കുന്നതല്ലെന്നുകണ്ട് മിണ്ടാതിരിക്കുന്നതാവുന്നു വിവേകം. എന്റെ നിലനില്‍പ്പില്‍ ഞാനല്ലാത്തവരും സ്വയമേവ സന്ധിചെയ്യുന്നുവെന്ന് തിരിച്ചറിയുന്നത് സൗജന്യബുദ്ധിയും ഔദാര്യവുമല്ല. ഉത്തരവാദിത്വംകൂടിയാണ്.

ഈ രാജ്യം ആരുടേതൊക്കെയോ മാത്രമാണ്. അതിര്‍ത്തികളാണ് രാജ്യമെന്നൊക്കെ കരുതുന്നത് ശുദ്ധഅസംബന്ധമാണ്. മനുഷ്യവംശത്തിനുമുകളില്‍ ഉയര്‍ന്നുപാറാന്‍ രാജ്യസ്‌നേഹത്തിനുകഴിയില്ലെന്ന് പാടിയ ടാഗോറാണ് ദേശീയഗാനം എഴുതിയത്. ഭരണകൂടം നമ്മളോടുപറയുന്നത് അങ്ങനെയല്ലെന്നാണ്. അവസാനത്തെ ആളെ കാണാനും അയാളുടെ യാതനകളില്‍ പങ്കുകൊള്ളാനുമാണ് ഗാന്ധിജി ആവശ്യപ്പെട്ടത്.

sunil p
സുനിൽ പി. ഇളയിടത്തിന് ‘മാതൃഭൂമി’യുടെ ഉപഹാരം
സി.കെ. ശശീന്ദ്രൻ എം.എൽ.എ. സമ്മാനിക്കുന്നു

ഇന്ന് ഭരണകൂടം ആദ്യത്തെ ആളെ കേള്‍ക്കാന്‍മാത്രം പറയുന്നു. ഭരണകൂടം പ്രധാനവും ജനത പിന്നെയുമെന്നത് ഫാസിസ്റ്റ് യുക്തിയാണ്. മൗനംപുലര്‍ത്തേണ്ട സന്ദര്‍ഭമല്ലിത്. വാക്കുറച്ച് പറയണം. വാക്ക് നിവര്‍ന്നുനില്‍ക്കേണ്ട, അരുതെന്ന് പറയേണ്ട ചരിത്രസന്ധിയിലാണ് നാം നില്‍ക്കുന്നത്. മതം ആചാരമോ പൗരോഹിത്യമോ ദേവാലയങ്ങളോ അല്ല, അത് അപരനോടുള്ള കരുതലും നീതിബോധവും ആന്തരികബലവുമാണ്. 

സമഭാവന ആദര്‍ശാത്മക തത്ത്വമാണെങ്കില്‍ അത് അനുഭവിക്കുന്നത് സാഹോദര്യത്തിലാണ്. ദൈവം തെളിയുന്ന മറ്റൊരു സ്ഥാനമാണത്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഉടമ്പടിയായി നില്‍ക്കുന്ന, സാമൂഹികബന്ധമായി നില്‍ക്കുന്ന വാക്കിനെ ദുരാധികാരം വകഞ്ഞുമാറ്റി, മതാധികാരത്തെ സ്ഥാപിക്കുകയാണ്.

ദൈവബോധവും ജനാധിപത്യബോധവും നീതിബോധവും അധ്യാത്മബോധവുള്ളവര്‍ ഇതുസാധ്യമല്ലെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ ടൗണ്‍ഹാളില്‍നടന്ന പരിപാടി ജനകീയപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. 'മാതൃഭൂമി'യുടെ ഉപഹാരം സുനില്‍ പി. ഇളയിടത്തിന് സമ്മാനിച്ചു. ടി. സുരേഷ് ചന്ദ്രന്‍ സ്വാഗതവും ഏച്ചോം ഗോപി നന്ദിയും പറഞ്ഞു. അരുണ്‍ വടക്കേവീട് അദ്ദേഹം വരച്ച സുനില്‍ പി. ഇളയിടത്തിന്റെ ചിത്രം സമ്മാനിച്ചു.

content highlits: Sunil P Ilayidam speech Kalpetta, MBIL lecture series