ദിവസങ്ങള്‍ക്ക് മുമ്പാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ മോഡലുകളായ ആര്‍വി 300, ആര്‍വി 400 ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഈ മോഡലുകള്‍ക്ക് അടുത്ത രണ്ട് മാസത്തെ വില്‍പനയ്ക്കുള്ള (സെപ്റ്റംബര്‍, ഒക്ടോബര്‍) യൂണിറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായി റിവോള്‍ട്ട് അറിയിച്ചു. അതിനാല്‍ ഡിസംബര്‍, നവംബര്‍ മാസത്തേക്കുള്ള ബുക്കിങാണ് ഇനി സ്വീകരിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

90 ശതമാനം ഉപഭോക്താക്കളും ആര്‍വി 400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നതെന്നും റിവോള്‍ട്ട് വ്യക്തമാക്കി. ജൂലായ് 25 മുതലാണ് ആദ്യ മോഡലുകളുടെ ബുക്കിങ് റിവോള്‍ട്ട് സ്വീകരിച്ച് തുടങ്ങിയിരുന്നത്. നിലവില്‍ ഡല്‍ഹി, പുണെ എന്നിവിടങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ലഭ്യമാകുന്നത്. ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വൈകാതെ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണി ശൃംഖല വ്യാപിപ്പിക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തിയ ആദ്യ ഇലക്ട്രിക് ബൈക്കാണ് റിവോള്‍ട്ടിന്റെത്. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും നിശ്ചിത തുക സ്വീകരിച്ചാണ് റിവോള്‍ട്ട് ബൈക്കുകളുടെ വില്‍പന. 37 മാസ കാലയളവില്‍  മാസംതോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. RV 300 മോഡലിന് മാസംതോറും 2,999 രൂപ നല്‍കണം. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന മോഡലാണ് RV 400. 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ RV 300 മോഡലിന് സാധിക്കും.

Content HIghlights; revolt electric bike sold out till october