കേരളം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. മത്സ്യത്തൊഴിലാളികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവരുടെ ജീവിതം അടുത്തു കാണുന്നതിനുമാണ് മീന്‍പിടിത്ത ബോട്ടില്‍ ഉള്‍ക്കടലിലേയ്ക്ക് യാത്രചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം മത്സ്യബന്ധന ബോട്ടില്‍ യാത്രചെയ്ത വ്‌ളോഗര്‍ സെബിന്‍ സിറിയക്കിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള യാത്രയുടെ തുടക്കം മുതലുള്ള വിവരണങ്ങളോടെയാണ് സെബിന്റെ വീഡിയോ ആരംഭിക്കുന്നത്. കടല്‍ യാത്രയ്ക്കിടയില്‍ രാഹുലുമായുള്ള ആശയവിനിമയങ്ങളും വിഡിയോയിലുണ്ട്. മത്സ്യത്തൊഴിലാളികളുടെ കടലിലെ ജീവിതവും മീന്‍പിടിത്തവും അവരുടെ അധ്വാനവും വരുമാനവുമെല്ലാം സംബന്ധിച്ച കാര്യങ്ങള്‍ സെബിന്‍ രാഹുലിനോട് വിവരിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ പറയുന്ന കാര്യങ്ങള്‍ രാഹുലിന് തര്‍ജ്ജമ ചെയ്തുകൊടുക്കുന്നതും സെബിന്‍തന്നെ.

പുലര്‍ച്ചെയാണ് ബോട്ടില്‍ കയറാന്‍ രാഹുല്‍ ഹാര്‍ബറില്‍ എത്തിയത്. മുന്‍പ് കടലില്‍ പോയിട്ടുണ്ടെന്നും മീന്‍ പിടിത്തത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ രാത്രിയില്‍ കടലില്‍ പോകുന്നത് ആദ്യമാണ്. കടലില്‍ നീന്താന്‍ അറിയാം. കോളേജില്‍ പഠിക്കുന്ന കാലത്ത്  സ്‌കൂബാ ഡൈവിങ്ങില്‍ ഇന്‍സ്ട്രക്ടറായിരുന്നു. കടലില്‍ വല ഉപയോഗിച്ചുള്ള മീന്‍പിടിത്തം ആദ്യത്തെ അനുഭവമാണ്. ഏറെക്കാലമായി ഇത്തരമൊരു കടല്‍യാത്ര ആലോചനയിലുണ്ടായിരുന്നു. ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചത്, രാഹുല്‍ പറയുന്നു.

കേരളത്തിലെ മീന്‍പിടിത്തക്കാര്‍ ഉപയോഗിക്കുന്ന പുതിയ സാങ്കേതിവിദ്യകളെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംസാരിക്കുന്നുണ്ട്. ബോട്ടിന്റെ ചെലവ്, എന്‍ജിന്‍, വരുമാനം, മീന്‍ വില്‍പന, പ്രയാസങ്ങള്‍ തുടങ്ങിയവ അദ്ദേഹം ചോദിച്ചറിഞ്ഞു. ഒരു മണിക്കൂറോളം ഉള്‍ക്കടലിലേയ്ക്ക് യാത്രചെയ്താണ് മീന്‍പിടിക്കാനുള്ള സ്ഥലത്ത് എത്തിയത്.

വല തയ്യാറാക്കുന്നതിനായി രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം അനായാസമായി കടലില്‍ ചാടി. കണ്ടുനിന്നവര്‍ അമ്പരന്നു. കൂടെയുണ്ടായിരുന്നവര്‍ ആരും അത് പ്രതീക്ഷിച്ചില്ല. പത്ത് മിനിറ്റോളം അദ്ദേഹം കടലില്‍ നീന്തി. പിന്നീട് ബോട്ടില്‍ തിരിച്ചുകയറി തൊഴിലാളികള്‍ക്കും ടി.എന്‍. പ്രതാപന്‍ എംഎല്‍എക്കൊപ്പം വല വലിക്കാന്‍ കൂടി. 

കണവ, മത്തി എന്നിവയാണ് കിട്ടിയത്. ചൂര കറിവെച്ചതും ബ്രഡ്ഡും മറ്റുള്ളവര്‍ക്കൊപ്പം ബോട്ടിലിരുന്ന് കഴിച്ചു. ആദ്യമായാണ് പ്രാതലായി മീന്‍ കഴിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. സാധാരണയായി പ്രാതല്‍ കഴിക്കാറില്ല. കാപ്പിയോ മറ്റോ മാത്രമേ കഴിക്കാറുള്ളൂ, അദ്ദേഹം പറഞ്ഞു. 

സെബിന്റെ 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള 'ഫിഷിങ് ഫ്രീക്സ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ 24 മണിക്കൂറിനിടയില്‍ ഒമ്പത് ലക്ഷത്തോളം പേരാണ് കണ്ടത്. പന്ത്രണ്ടായിരത്തിലധികം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.

എം.എസ്സി. ഇലക്ട്രോണിക്സ് ബിരുദധാരിയാണ് കോട്ടയം സ്വദേശിയായ സെബിന്‍. നിലവില്‍ മലയാളത്തിലെ ഉയര്‍ന്ന സബ്‌സ്‌ക്രൈബേഴ്‌സുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ചൂണ്ടയടക്കം വിവിധ രീതിയില്‍ മത്സ്യങ്ങളെ പിടിക്കുന്ന വീഡിയോകളാണ് പ്രധാനമായും ഫിഷിങ് ഫ്രീക്സില്‍ ഉള്ളത്.

Read More: ചൂണ്ടക്കാരന്‍ (എം.എസ്എസി., ഇലക്‌ട്രോണിക്സ്)

Content Highlights: Rahul Gandhi's sea journey with popular vlogger sebin