കൂടല്ലൂര്‍ (പാലക്കാട്): ഓര്‍മകളുറങ്ങുന്ന കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലെത്തിയപ്പോള്‍ എം.ടി.യുടെ സ്ഥായിയായ മൗനം വഴിമാറി, ചെറുപുഞ്ചിരി വിടര്‍ന്നു, വാചാലമായി... മുഖത്ത് സദാ നിറയുന്ന ഗൗരവവും നീങ്ങി. ആറാണ്ടിനുശേഷം തറവാട്ടിലെത്തിയതാണ് എം.ടി. വാസുദേവന്‍ നായര്‍.

കഥയും കഥാപാത്രങ്ങളും പിറന്ന വീടിനകത്തേക്ക് കയറിയപ്പോള്‍ ആദ്യം കണ്ണിലുടക്കിയത് ഭിത്തിയിലുള്ള അമ്മയുടെ ഫോട്ടോയാണ്. ഓര്‍മകള്‍ വീണ്ടും മൗനത്തിലേക്ക് വഴിനടത്തിയപ്പോള്‍, ഉണ്ണിമാമയെത്തുന്നതറിഞ്ഞ് വീട്ടിലെത്തിയ കുടുംബാംഗങ്ങള്‍ അടുത്തെത്തി കൈ പിടിച്ച് കുശലാന്വേഷണം തുടങ്ങി.

എം.ടി.യുടെ കുട്ടിക്കാലത്തെ ഫോട്ടോ എടുത്തുനല്‍കിയപ്പോള്‍ അമ്മയുടെ അടുത്തിരിക്കുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു. അതില്‍നിന്നാണ് ഈ ഫോട്ടോ പകര്‍ത്തിയതെന്ന് പതിഞ്ഞ ശബ്ദത്തില്‍ ജ്യേഷ്ഠന്റെ മകന്‍ സതീശിനോട് പറഞ്ഞു.

''ഭിത്തിയിലെ അച്ഛന്റെ ഫോട്ടോയെടുത്തത് കോളേജില്‍ പഠിക്കുന്ന സമയത്താണ്. വീട്ടില്‍ ജ്യേഷ്ഠന്മാര്‍ക്കും ഫോട്ടോഗ്രാഫി ഇഷ്ടമാണ്. അന്ന് വലിയ ചെലവാണ് ഫോട്ടോഗ്രാഫിക്ക്. അതിനാല്‍ നിര്‍ത്തിയതാണ്. ഓപ്പോളുടെ മകളുടെ ഫോട്ടോയൊക്കെ കുറേയെടുത്തിട്ടുണ്ട്.''

mt

തുടര്‍ന്ന് വീടിനകത്തെ മുറികളെല്ലാം കണ്ടു. നാലുകെട്ടും നടുമുറ്റവുമുണ്ടായിരുന്ന വീടിന് ചെറിയ മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ. പത്തായപ്പുര മാറ്റി എല്ലാ സൗകര്യങ്ങളുമുള്ള ആധുനികരീതിയിലുള്ള വീടാക്കി മാറ്റിയിരിക്കുകയാണ്. മുമ്പ് വീട്ടിലേക്ക് പാടത്തുകൂടിയായിരുന്നു വഴി. പടികള്‍ കയറി വീട്ടുമുറ്റത്തെത്തണമായിരുന്നു. ഗെയില്‍ പദ്ധതിക്ക് പൈപ്പിടാന്‍ ചാല്‍ കീറിയപ്പോള്‍ പടികള്‍ നഷ്ടമായി. നിളയോരത്ത് എം.ടി. വാങ്ങിയിരുന്ന 'അശ്വതി'യിലേക്കാണ് ഞായറാഴ്ച രാവിലെ എത്തിയത്. ഇവിടെനിന്നാണ് തറവാട്ടിലേക്ക് വന്നത്.

തിരികെ 'അശ്വതി'യിലെത്തിയപ്പോള്‍ ആദ്യം കാണാനെത്തിയത് കവി പി.കെ. ഗോപിയാണ്. തുടര്‍ന്ന് നാട്ടുകാരെത്തി. എല്ലാവരോടും സ്‌നേഹസൗമ്യമായ മറുപടി.

ഉച്ചഭക്ഷണം അനന്തരവളും ആനക്കര പഞ്ചായത്തംഗവുമായ എം.ടി. ഗീതയുടെ വീട്ടിലായിരുന്നു.

mtഇഷ്ടവിഭവങ്ങളോടെയുള്ള സദ്യ. അതിനുശേഷം എഴുത്തുകാരായ ടി..ഡി. രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, കെ.പി. സുധീര, സംവിധായകന്‍ ഹരിഹരന്‍ തുടങ്ങിയവരെത്തി. വൈകീട്ടാവുമ്പോഴേക്കും സ്വീകരണയോഗത്തിന്റെ തിരക്കായി. കൂടല്ലൂരെ പുതിയ തലമുറയോട് സംസാരിച്ച് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കുറെ നല്ല ഓര്‍മകളുമായാണ് നിളയുടെ കഥാകാരന്‍ ജന്മനാട്ടില്‍നിന്ന് മടങ്ങിയത്.

Content Highlits: MT Vasudevan Nair visits hometown Koodalloor