വെന്തുമരിച്ച ഉറുമ്പുകളെ
ഭക്ഷിച്ചു കൊണ്ട്
കൃമികീടങ്ങള്‍ അരുളി,
ഈ ഇടം 
ഞങ്ങളുടെ മാത്രമാണ്.
അതിന് മുമ്പോ?
ആവോ!
ഈയാംപാറ്റയുടെ
ചിറക് തിന്ന ഉറുമ്പിന്റെ
ആധിപത്യമായിരുന്നു.
അതിനും മുന്‍പ്
അവിടെ വെളിച്ചത്താല്‍
വിശപ്പടക്കിയ  ഈയ്യാംപാറ്റയും
അവയെ തിന്ന
പല്ലിയുടേയും.
സത്യം പറയുമ്പോള്‍
കൊഞ്ഞനം കുത്താന്‍
അവര്‍ക്കായി മതില്‍ പണിഞ്ഞ
ബീരാന് ദേഷ്യം വന്നു.
ഈ പൊട്ടിപ്പൊളിഞ്ഞ
കൊട്ടാരം എന്റെയാണ്.
അതിനും മുന്‍പ് സ്ഥലം വിറ്റ് 
പ്രമാണി രാമുവും 
അതിനും മുന്‍പ് 
വിറ്റുതിന്ന നസ്രാണി റീനുവും
വെറുതെ ഇരിക്കുമോ?
തര്‍ക്കം ഒരിടവും എത്താതെ കിടന്നു.
ജൂതനും ബുദ്ധനും
കൂടെ വെള്ളക്കാരും
പറങ്കിയും ഡച്ചുമൊക്കെ
വന്നുപോയി.
തുടര്‍ന്ന് 
കലഹം എത്തിനിന്നതോ
ഭാഷയറിയാതെ,മതമറിയാതെ
ജാതിയറിയാതെ 
വര്‍ണ്ണവുമറിയാതെ
അന്ന് 
വിശപ്പിനോട് കലഹിച്ച
ഒരുപറ്റം മനുഷ്യനിലേക്ക്.
വിഖ്യാതമായ കുടിയേറ്റക്കാര്‍!
എന്നാല്‍ അതിനും മുമ്പോ?
ചോദ്യം തുടരുന്നു
ഉത്തരവും!

Content Highlights: Malayalam poem Ore Oru Chodyam Written by Deekshith Balachandran