പകടത്തില്‍പ്പെടുന്നതിന് മാസങ്ങള്‍ മുമ്പ് ജര്‍മന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മൈക്കല്‍ ഷുമാക്കര്‍ പറഞ്ഞു, ''എല്ലാത്തവണയും താന്‍ റേസിങ് നടത്തുമ്പോള്‍ കോറിനയാണ് എന്റെ കാവല്‍ മാലാഖ''.
2013 ഡിസംബറില്‍ ഫ്രഞ്ച് ആല്‍പ്സില്‍ മകന്‍ മൈക്കിനൊപ്പം സ്‌കീയിങ് നടത്തുമ്പോള്‍ തലയിടിച്ചുവീണ് അബോധാവസ്ഥയിലേക്ക് പോയ ഫോര്‍മുല വണ്‍ ഇതിഹാസത്തെയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയെയും ആ കാവല്‍മാലാഖ ഇതുവരെ കൈവിട്ടിട്ടില്ല. ആറ് വര്‍ഷമായി ഷുമാക്കര്‍ക്കൊപ്പം അവരുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഇതിഹാസത്തിനൊപ്പം.

1995 ഓഗസ്റ്റിലാണ് കോറിന ബെറ്റ്സ് മൈക്കല്‍ ഷുമാക്കറിന്റെ ജീവിതപങ്കാളിയാകുന്നത്. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഏഴ് വട്ടം ലോകചാമ്പ്യനായ ഷുമാക്കറിന്റെ കുടുംബജീവിതം കോറിനയുടെ തണലില്‍ ശാന്തമായിരുന്നു. വിവാഹത്തിനുശേഷം ആറ് തവണയാണ് ലോകചാമ്പ്യന്‍പട്ടം സ്വന്തമായത്. ഫെരാരിയിലും മെഴ്സിഡസിലും വേഗവിസ്മയം തീര്‍ക്കാനുമായി.

പ്രശസ്തിയുടെയും സമ്പന്നതയുടെയും ഉയരങ്ങളില്‍ നിന്നാണ് അബോധത്തിലേക്ക് താരം വീണുപോയത്. 2013 ഡിസംബര്‍ 29-നുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷുമാക്കര്‍ ആറ് മാസം അബോധാവസ്ഥയിലായിരുന്നു. 2014 ഡിസംബറില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ വീട്ടിലേക്ക് മാറ്റി. സ്വകാര്യ മെഡിക്കല്‍ സംഘമാണ് ചികിത്സ നടത്തുന്നത്. അപകടകരമായ റേസിങ്ങില്‍ കാവല്‍മാലാഖയെപ്പോലെ കാത്ത കോറിന അപകടത്തിന് ശേഷം ഭര്‍ത്താവിന്റെ പരിചരണം ഏറ്റെടുത്തു. ചികിത്സയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു. വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയില്ല.

ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കുമാത്രം കാണാന്‍ അവസരം നല്‍കി. അതേസമയം, കിട്ടാവുന്ന മികച്ച ചികിത്സ സാധ്യമാക്കി. കഴിഞ്ഞ ജനുവരിയില്‍ ഷുമാക്കറിനെ സെല്‍ തെറാപ്പിക്കായി ജര്‍മനിയില്‍ കൊണ്ടുവന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ഷുമാക്കര്‍ ഓടിച്ച കാറുകള്‍ പോലെ വേഗത്തില്‍ ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനേക്കാള്‍ വേഗത്തിലാകും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ കോറിന നടത്തുന്ന പോരാട്ടങ്ങള്‍. അതിന് സാക്ഷി അവര്‍ക്കിടയിലെ സ്‌നേഹം മാത്രം.

Content Highlights: Love story of Michael Schumacher and wife Corrine